ചാരക്കേസിലെ യഥാര്‍ത്ഥ ചാരനെ ചൂണ്ടിക്കാട്ടി നമ്പി നാരായണന്റെ പുസ്തകം; ചാര സുന്ദരി അമേരിക്കക്കാരിയാണെന്നും വെളിപ്പെടുത്തല്‍

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ചാരക്കേസിലെ മാധ്യമ വിചാരണകളുടെയും അന്വേഷണ അതിക്രമങ്ങളുടെയും ഇരയാണ് നമ്പിനാരായണന്‍ എന്ന ശാസ്ത്രജ്ഞന്‍. ഐഎസ്ആര്‍ഒയില്‍ നിന്നു ക്രയോജനിക് സാങ്കേതികവിദ്യയുടെ ഗവേഷണഫലങ്ങള്‍ ചോര്‍ന്നുവെന്നു ചൂണ്ടിക്കാണിച്ച് 1994 നവംബറില്‍ തിരുവനന്തപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.വിജയന്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസിലൂടെയാണ് കോളിളക്കമുണ്ടാക്കിയ ആ സംഭവവികാസങ്ങളുടെ തുടക്കം. അന്ന് ശാസ്ത്രജ്ഞനായ നമ്പി നാരായണനും കേസില്‍ പ്രതിയായി.

അദ്ദേഹത്തിനൊപ്പം എസ്.ശശികുമാര്‍ കൂട്ടുപ്രതി. മാലി സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നീ സ്ത്രീകളും അറസ്റ്റില്‍. പൊലീസ് പരിശോധനയ്ക്കിടെ വീസ കാലാവധി കഴിഞ്ഞ മറിയം റഷീദ പിടിയിലായി. അന്വേഷണം ബെംഗളൂരുവിലുണ്ടായിരുന്ന ഫൗസിയ ഹസനില്‍ എത്തുന്നു.

ഫൗസിയ ഒരു യാത്രയ്ക്കിടെ ശശികുമാറിനെ പരിചയപ്പെടുകയും സൗഹൃദത്തിലാകുകയും ചെയ്തിരുന്നു. ശശികുമാറിനൊപ്പം നമ്പി നാരായണനെയും ഇവര്‍ രണ്ടുപേരും കണ്ടിട്ടുണ്ട്. ഇതാണു കേസിന്റെ പ്രാഥമിക രൂപം. എന്നാല്‍ തന്റെ ആത്മകഥയിലൂടെ യഥാര്‍ത്ഥ പ്രതികളിലേക്കാണ് നമ്പി നാരായണന്‍ വിരല്‍ ചൂണ്ടുന്നത്.

യഥാര്‍ത്ഥ ചാര സുന്ദരി മാലിക്കാരി റഷീദ ആയിരുന്നില്ലെന്നും അത് അമേരിക്കക്കാരിയായ യുവതിയായിരുന്നെനും തന്റെ ആത്മകഥയായ ‘ഓര്‍മകളുടെ ഭ്രമണപഥം’ എന്ന പുസ്തകത്തില്‍ പറയുന്നു. ചാരക്കേസ് എന്നു പേരു വീണെങ്കിലും ചാരനെ കണ്ടെത്തുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ട പ്രശസ്തമായ കേസിലെ യഥാര്‍ഥ ചാരനെ നമ്പി നാരായണന്‍ പുസ്തകത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു.

കേരള രാഷ്ട്രീയത്തില്‍ ഒരു മുഖ്യമന്ത്രിയുടെ രാജിക്കുവരെ കാരണമായ, റിപ്പോര്‍ട്ടിങ്ങിന്റെ പേരില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത പോലും വിമര്‍ശിക്കപ്പെട്ട ഒരു കേസിന്റെ ദുരൂഹതകള്‍ ഇതാദ്യമായി മറനീക്കപ്പെടുന്നു.
കേരളം ചൂടോടെ ചര്‍ച്ച ചെയ്യാന്‍ പോകുന്ന പുസ്തകം ഇന്ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും. എഴുത്തുകാരനും പാര്‍ലമെന്റ് അംഗവുമായ ശശി തരൂരാണ് പ്രകാശനം ചെയ്യുന്നത്.

Top