മന്ത്രി ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷനും ബിജു രമേശിനുമെതിരെ അന്വേഷണത്തിനും ഉത്തരവ്

തൃശൂര്‍: ബാര്‍ കോഴ ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ മന്ത്രി കെ. ബാബുവിനും ബാറുടമ ബിജു രമേശിനും എതിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. കേസില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തണം. അന്വേഷണം നടത്തി ജനുവരി 23നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളം നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം.

കേസില്‍ മന്ത്രി ബാബുവിനെ ഒന്നാം പ്രതിയാക്കി കേസ് എടുക്കണമെന്ന ഹര്‍ജിയിലാണ് ഉത്തരവ്. കെ ബാബു, ബിജു രമേശ് എന്നിവരെ പ്രതി ചേര്‍ത്താണ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ എക്‌സൈസ് മന്ത്രി കെ ബാബു ഇടപെട്ടെന്ന് മൊഴി കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

നികുതി വകുപ്പ് സെക്രട്ടറിയായിരുന്ന അജിത് കുമാറാണ് ബാബുവിനെതിരെ നിര്‍ണായകമൊഴി നല്‍കിയിരിക്കുന്നത്. 25 ലക്ഷത്തില്‍ നിന്നും 23 ലക്ഷമായി ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാനാണ് ബാബു നിര്‍ദ്ദേശിച്ചതെന്ന് മൊഴിയില്‍ പറയുന്നു. ലൈസന്‍സ് ഫീസ് 25 ലക്ഷമാക്കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ ഭേദഗതി ചെയ്താണ് തീരുമാനമെടുത്തതെന്നും മൊഴിയില്‍ പറയുന്നു.

കോഴയായി ബിജു രമേശ് 50 ലക്ഷം കെ. ബാബുവിന് നല്‍കിയെന്ന ആരോപണം .അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ബാബുവിനെ ഒന്നാം പ്രതിയും ബിജു രമേശിനെ രണ്ടാം പ്രതിയുമാക്കി കേസെടുക്കണമെന്നായിരുന്നു ആവശ്യം. അതേസമയം, ഇത്തരം പരിശോധനകള്‍ മുമ്പും നടത്തിയതാണെന്നും ഫലമുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കഴിഞ്ഞദിവസം നല്‍കിയ പരാതി കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.

Top