ലാവ്‌ലിന്‍ കേസ്; പിണറായി വിജയന്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് സിബിഐ; സുപ്രീം കോടതിയില്‍ പ്രത്യേക ഹര്‍ജി

ദില്ലി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്റെ ഇടപെടലിന് വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പ്രത്യേക ഹര്‍ജിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. പ്രതികളുടെ പട്ടികയില്‍ നിന്നും നേരത്തെ ഹൈക്കോടതി പിണറായി വിജയനെ ഒഴിവാക്കിയിരുന്നു.

പ്രതി പട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ ലാവലിന്‍ ഇടപാടിലെ ഗൂഢാലോചയില്‍ പങ്കാളികളാണ്. ഇവരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയത് വിചാരണയെ ബാധിക്കും. ചില വ്യക്തികളെ ലാവലിന്‍ കേസില്‍ തെരഞ്ഞ് പിടിച്ച് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന ഹൈക്കോടതി വാദം തെറ്റ് ആണെന്നും സിബിഐ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇടക്കാല നടപടിയായി ലാവലിന്‍ കേസിലെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് സിബിഐ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു.

എസ്എന്‍സി ലാവലിന്‍ കേസില്‍ ചൊവ്വാഴ്ച സുപ്രിം കോടതിയില്‍ മൂന്ന് വാള്യങ്ങളായി ഫയല്‍ ചെയ്ത പ്രത്യേക അനുമതി ഹര്‍ജിയിലാണ് ഇടപാടില്‍ പിണറായി വിജയന്റെ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവ് ഉണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 157 പേജ് ദൈര്‍ഘ്യമുള്ള ആദ്യ വാല്യത്തിലെ 134 മുതല്‍ 154 പേജ് വരെയാണ് പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജസെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടിക്കയില്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിരിക്കുന്നത്. പ്രതി പട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. ലാവലിന്‍ ഇടപാടിലെ ഗൂഢാലോചയില്‍ ഇവര്‍ മൂന്ന് പേരും പങ്കാളികളാണ്. ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്.

വിചാരണ ഘട്ടത്തില്‍ മാത്രമേ ഈ തെളിവുകള്‍ പരിശോധിക്കേണ്ടതുള്ളു. ലാവലിന്‍ കേസില്‍ ഹൈക്കോടതി വിചാരണ നേരിടാന്‍ നിര്‍ദേശിച്ച കെജി രാജശേഖരന്‍, ആര്‍ ശിവദാസന്‍, കസ്തുരിരംഗ അയ്യര്‍ എന്നീ കെഎസ്ഇബി ജീവനക്കാരുടെ പങ്ക് മറ്റ് പ്രതികളുടെ പങ്കാളിത്തത്തില്‍ നിന്ന് വേറിട്ട് കാണാന്‍ പാടില്ല. പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് വിചാരണയെ ബാധിക്കുമെന്നും സിബിഐ പ്രത്യേക അനുമതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചില വ്യക്തികളെ തെരഞ്ഞ് പിടിച്ച് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന ഹൈക്കോടതി വാദം തെറ്റാണ്. ആര്‍ക്കൊക്കെ എതിരെ തെളിവുകള്‍ ഉണ്ടോ, അവരെയാണ് ആണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു.

വിടുതല്‍ അപേക്ഷയില്‍ വിചാരണ കോടതിയോ, ഹൈക്കോടതിയോ വിശദമായി തെളിവുകള്‍ പരിശോധിക്കരുതെന്ന് 2014 ല്‍ സുരേഷ് ബാബുവും തമിഴ്നാട് സര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രിം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. വിടുതല്‍ അപേക്ഷയുടെ നിയമപരമായ വസ്തുതകള്‍ പരിശോധിക്കുന്നതിന് പകരം കുറ്റപത്രത്തിലെ പഴുതുകള്‍ പരിശോധിച്ച നടപടി തെറ്റ്. എന്നാല്‍ ചില വസ്തുതകള്‍ വിചാരണ വേളയില്‍ മാത്രമേ പരിഗണിക്കാവു എന്ന് പറഞ്ഞ ഹൈക്കോടതി പിണറായി വിജയനെയും മറ്റ് രണ്ട് പേരെയും വിചാരണയില്‍ നിന്ന് ഒഴിവാക്കി. ഇതിന് പുറമെ പ്രോസിക്യൂഷന്‍ രേഖകള്‍ പരിശോധിച്ച് പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ തീരുമാനം എടുക്കേണ്ട ഹൈക്കോടതിയും വിചാരണ കോടതിയും എല്ലാ തെളിവുകളും പരിശോധിച്ച് മെറിറ്റില്‍ കേസില്‍ തീരുമാനം എടുത്തു. ഇടക്കാല നടപടിയായി ലാവലിന്‍ കേസിലെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം എന്ന് സിബിഐ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top