ജയരാജന്റെ അറസ്റ്റ് വൈകുന്നതില്‍ കേരള ബിജെപി നേതൃത്വത്തിന് അതൃപ്തി.കേന്ദ്ര നേതൃത്വത്തിന് പാര്‍ട്ടി ഘടകത്തിന്റെ കത്ത്.സിബിഐ ആര്‍എസ്എസിന്റെ കൂട്ടിലെ തത്തയെന്ന് തെളിഞ്ഞതായി പിണറായി.

കൊച്ചി:കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിന് അതൃപ്തി.സിബിഐ ഉടന്‍ തന്നെ ”കുറ്റവാളിയായ”ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന കമ്മറ്റി കത്തയച്ചു.

രാഷ്ട്രീയ കൊലപാതകങ്ങളുടെ ബുദ്ധികേന്ദ്രത്തെ തകര്‍ക്കാന്‍ ജയരാജന്റെ അറസ്റ്റ് കൊണ്ട് മാത്രമേ കഴിയൂ എന്നാണ് കത്തിന്റെ ഉള്ളടക്കം.കണ്ണൂര്‍,കോഴിക്കോട് ജില്ലകളില്‍ മുന്‍പ് നടന്ന മിക്ക രാഷ്ട്രീയ കൊലപാതകങ്ങളിലും ആസൂത്രകന്റെ റോളില്‍ ജയരാജന്‍ ഉണ്ടായിരുന്നതായി കത്തില്‍ ആരോപിക്കുന്നു.

 

ഷുക്കൂര്‍,ടിപി വധത്തിലെല്ലാം ജയരാജന് പങ്കുണ്ട്.ഈ രണ്ട് വധങ്ങളുടേയും ഗൂഡാലോചന അന്വെഷിച്ചിരുന്നുവെങ്കില്‍ മനോജ് കൊല്ലപ്പെടില്ലായിരുന്നു.ജയരാജനെ അറസ്റ്റ് ചെയ്യാന്‍ ഇനിയും വൈകരുതെന്നാണ് കേരള നേതൃത്വത്തിന്റെ ആവശ്യം.സംഘപരിവാര്‍ കേന്ദ്ര ഘടകം കേരള പാര്‍ട്ടിയുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സിബിഐയുടെ കുറ്റപത്രത്തിലും ജയരാജനെതിരെ കടുത്ത പരാമര്‍ശമാണ് ഉള്ളത്.മിക്ക നികൃഷ്ട പ്രവര്‍ത്തനങ്ങളിലും പങ്കുള്ളയാളാണ് ജയരാജനെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നുണ്ട്.എന്നാല്‍ ഇതോടെ സംഘപരിവാര്‍-സിബിഐ ഒത്തുകളി വ്യക്തമായതായി സിപിഎം നേതൃത്വം പ്രതികരിച്ചു.മുന്‍പ് യുപിഎ കൂട്ടിലടച്ച തത്തയായിരുന്നു സിബിഐ എങ്കില്‍ ഇപ്പോള്‍ സംഘപരിവാറാണ് ആ തത്തയെ നിയന്ത്രിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു.ഒരു നേതാവിനെ തടവിലിട്ട് തകര്‍ക്കാമെന്ന്ത് വ്യാമോഹമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.സിപിഎം ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് താല്‍ക്കാലികമായി മാറി ചികിത്സയില്‍ കഴിയുകയാണ് ജയരാജനിപ്പോള്‍.എംവി ജയരാജനെ ജില്ല സെക്രട്ടറിയായി പൂര്‍ണ്ണ ചുമതല നല്‍കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.

Top