ക്രൈംബ്രാഞ്ച് മഞ്ജു വാര്യരുടെ മൊഴിയെടുക്കും…!! ശ്രീകുമാർ മേനോൻ അകത്താകും; വമ്പൻ രഹസ്യങ്ങൾ പുറത്തുവരും

തൃശ്ശൂർ: സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യർ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. തന്നെ നിരന്തരം ഭീഷണിപ്പടുത്തുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്നാണ് മഞ്ജു വാര്യർ മൊഴി നൽകിയിരിക്കുന്നത്. ശ്രീകുമാർ മേനോനും സുഹൃത്തായ മാദ്ധ്യമപ്രവർത്തകൻ മാത്യു സാമുവലിനുമെതിരെയാണ് പരാതി.

കേസിൽ മഞ്‌ജു വാര്യര്‍ നല്‍കിയ പരാതിയില്‍ നാളെ മൊഴിയെടുക്കും. മഞ്‌ജുവിന്റെ സൗകര്യം പരിഗണിച്ചാണു മൊഴിയെടുക്കല്‍. പോലീസ്‌ ക്ലബിലോ അവരുടെ വസതിയിലോ വച്ചാകും മൊഴിയെടുക്കുക. ഇതനുസരിച്ചാണ്‌ തുടര്‍നടപടി നിശ്‌ചയിക്കുകയെന്നും സമയം തീരുമാനിച്ചിട്ടില്ലെന്നും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥന്‍ അറിയിച്ചു. ഇതിനുശേഷം ശ്രീകുമാര്‍ മേനോനെ വിളിച്ചുവരുത്തും.

മഞ്ജുവിൻ്റെ പരാതിയിൽ തൃശ്ശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പിക്കാണ് അന്വേഷണ ചുമതല. ആദ്യ നടപടിയെന്നോണം ശ്രീകുമാർമേനോനോടും മൊഴിയെടുക്കലിന് ഹാജരാവാൻ നിർദേശിച്ചു. അടുത്തദിവസംതന്നെ ഹാജരാവാനാണ് ശ്രീകുമാർ മേനോനോടും ആവശ്യപ്പെട്ടിട്ടുള്ളത്. ശ്രീകുമാർ മേനോനിൽനിന്ന് തനിക്ക് വധഭീഷണി ഉൾപ്പെടെ ഉണ്ടെന്നും പരാതിയിൽ പറഞ്ഞിട്ടുള്ളതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്നാഥ് ബഹ്റയെ നേരിൽക്കണ്ട് മഞ്ജു പരാതി നൽകുകയായിരുന്നു.

ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ശ്രീകുമാര്‍ മേനോനും സുഹൃത്തും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ ആരോപിക്കുന്നു.

വിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനിന്ന മഞ്ജു വാര്യര്‍ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. പിന്നീട് കൈ നിറയെ ചിത്രങ്ങൾ ലഭിച്ച മഞ്ജു വാര്യർ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ഒടിയനിലും നായികയായി.

Top