കോട്ടയം സീറ്റിൽ നിഷാ ജോസ് കെ മാണി;പാലായിൽ ജോസ് കെ.മാണി;കേരള കോൺഗ്രസ് പാർട്ടിയിലും നിയമസഭാ സീറ്റിലും വൻ അഴിച്ചു പണി

Web Exclusive 

കോട്ടയം: കേരള കോൺഗ്രസ് എമ്മിൽ വൻരാഷ്ട്രീയ അഴിച്ചു പണിയ്ക്ക് കളമൊരുങ്ങുന്നതായി സൂചന. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും, യുഡിഎഫിനെയും പിൻതുണച്ചതിനു പിന്നാലെ ഏറ്റ കനത്ത പരാജയമാണ് കേരള കോൺഗ്രസ് നേതൃത്വത്തെ മാറ്റി ചിന്തിപ്പിക്കുന്നത്. ഒറ്റയ്ക്ക് നിന്ന് പാർട്ടി കരുത്ത് തെളിയിക്കുന്നതിനു ശ്രമിക്കുന്നതിനിടെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിൻതുണയ്‌ക്കേണ്ടി വന്നതാണ് ഇപ്പോൾ പാർട്ടിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. പി.ജെ ജോസഫ് എംഎൽഎയുടെയും അനുയായികളുടെയും നിർബന്ധത്തെ തുടർന്നാണ് കേരള കോൺഗ്രസിനു ചെങ്ങന്നൂരിൽ യുഡിഎഫിനെ പിൻതുണയ്‌ക്കേണ്ടി വന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ചെങ്ങന്നൂരിൽ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടതോടെ കേരള കോൺഗ്രസിന്റെ പിൻതുണ ഗുണം ചെയ്തില്ലെന്നതും ചർച്ചയായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വർഷം മുൻപ് ചരൽക്കുന്നിൽ നടന്ന യോഗത്തിലാണ് കേരള കോൺഗ്രസ് എം യുഡിഎഫ് വിടാനും സ്വതന്ത്ര നിലപാട് സ്വീകരിക്കാനും തീരുമാനിച്ചത്. ഇതേ തുടർന്നു നടന്ന മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും, വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിനു തന്നെയായിരുന്നു കേരള കോൺഗ്രസിന്റെ പിൻതുണ. ഈ രണ്ടു തിരഞ്ഞെടുപ്പിലും ഉജ്വല വിജയമായിരുന്നു യുഡിഎഫ് മുന്നണിയ്ക്ക് ലഭിച്ചത്. എന്നാൽ, ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആദ്യം മുതൽ തന്നെ സസ്‌പെൻസ് നിലനിർത്തിയ കേരള കോൺഗ്രസ് ആർക്കാണ് പിൻതുണയെന്ന് ഒരു ഘട്ടത്തിലും വ്യക്തമാക്കിയില്ല. ആദ്യം സ്ഥാനാർത്ഥി നിർണയമുണ്ടാകട്ടെ എന്നു പറഞ്ഞ നേതൃത്വം, പിന്നീട് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കട്ടെ എന്ന നിലപാട് സ്വീകരിച്ചു. ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി ചേർന്ന് ചെങ്ങന്നൂർ സംബന്ധിച്ച് തീരുമാനമെടുക്കാൻ പത്തംഗ സമിതിയെയും ചുമതലപ്പെടുത്തി. ഈ സമിതി യോഗം ചേരാനിരിക്കെ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കൾ പാലായിലെ കെ.എം മാണിയുടെ വസതിയിൽ എത്തുകയും അദ്ദേഹത്തെ സന്ദർശിച്ച് പിൻതുണ ആവശ്യപ്പെടുകയുമായിരുന്നു.NISHA JOSE K MANI

ഇതോടെ അടിയന്തരമായി സമിതി യോഗം ചേർന്ന് ചെങ്ങന്നൂരിൽ യുഡിഎഫിനെ പിൻതുണയ്ക്കാൻ തീരുമാനിച്ചു. എന്നാൽ, ഈ തീരുമാനം പരാജയമായിരുന്നു എന്ന വിലയിരുത്തലിലാണ് ഇപ്പോൾ കേരള കോൺഗ്രസ് നേതൃത്വം എത്തിച്ചേർന്നിരിക്കുന്നത്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് വരെ കേരള കോൺഗ്രസിനു വിലപേശൽ ശേഷിയുണ്ടായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിൻതുണയ്ക്കുകയും ദയനീയമായി പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഈ വിലപേശൽ ശേഷിക്കു കോട്ടം വന്നതായാണ് വിലയിരുത്തുന്നത്. ഇതിനു കാരണമായത് പി.ജെ ജോസഫിന്റെയും സംഘത്തിന്റെയും പിടിവാശിയാണെന്നും ജോസ് കെ.മാണിയെ പിൻതുണയ്ക്കുന്ന സംഘം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ പി.ജെ ജോസഫിന്റെയും സംഘത്തിന്റെയും സമ്മർദ തന്ത്രങ്ങൾക്ക് ഇനി മുതൽ വഴങ്ങേണ്ടെന്ന നിലപാടാണ് കേരള കോൺഗ്രസിലെ ജോസ് കെ.മാണി വിഭാഗം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

ഇതിനിടെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിൻതുണച്ചതോടെ ഇടതു പക്ഷത്തേയ്ക്കുള്ള വഴി ഏതാണ്ട് പൂർണമായും അടഞ്ഞതായും കേരള കോൺഗ്രസ് എം കണക്കുകൂട്ടുന്നു. ഇടതു പക്ഷത്ത് ഇതുവരെ കേരള കോൺഗ്രസിനെ പിൻതുണച്ചിരുന്നത് സിപിഎമ്മായിരുന്നു. സിപിഎമ്മിലെ എതിർപ്പുകളുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും, പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേരള കോൺഗ്രസിനോടു മൃദുസമീപനമാണ് സ്വീകരിച്ചിരുന്നത്.

എന്നാൽ, തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ പരാജയപ്പെട്ടതിനു ശേഷം കേരള കോൺഗ്രസിനോടു മമതയില്ലാത്ത സമീപനമാണ് ഇടതു പക്ഷത്തെ നേതാക്കൾ സ്വീകരിച്ചത്. വി.എസും കാനവും കേരള കോൺഗ്രസിനെ പരസ്യമായി എതിർത്തപ്പോൾ, പിണറായിയും കൊടിയേരിയും വിമർശിച്ചില്ലെങ്കിലും പിൻതുണയ്ക്കാൻ തയ്യാറായില്ല. ഇതിനിടെ ജോസ് കെ മാണി ഡൽഹിയിൽ നിന്നു കേരളത്തിലേയ്ക്കു പ്രവർത്തന മേഖലമാറ്റുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജോസ് കെ.മാണി മത്സരിക്കാതെ മാറി നിന്ന് പാർട്ടി നേതൃത്വം ഏറ്റെടുക്കുമെന്നാണ് സൂചന. പ്രായാധിക്യത്തിന്റെ പേരിൽ കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം കെ.എം മാണി ഒഴിയുമെന്നും ഈ സ്ഥാനത്തേയ്ക്ക് ജോസ് കെ.മാണി അടുത്ത വർഷം ആദ്യം തന്നെ എത്തുമെന്നും കേരള കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ കേരള കോൺഗ്രസിന്റെ നയങ്ങളിൽ ഇടപെടാനുള്ള കരുത്ത് പി.ജെ ജോസഫ് വിഭാഗത്തിനു കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജോസ് കെ.മാണി പാർട്ടി നേതൃത്വത്തിലേയ്ക്കു എത്തുന്നതിനെ ജോസഫ് വിഭാഗം എതിർക്കാൻ സാധ്യതയില്ലെന്നാണ് സൂചന.

ഇതിനിടെ കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ജോസ് കെ.മാണിക്കു പകരം ഭാര്യ നിഷാ ജോസ് കെ.മാണി മത്സരിക്കുമെന്നാണ് സൂചന. കോൺഗ്രസിന്റെയും, സിപിഎമ്മിന്റെയും കാലുവാരൽ ഒഴിവാക്കാനാണ് ഇത്തരത്തിൽ ജോസ് കെ.മാണി മാറി നിന്ന് നിഷ മത്സരിക്കുന്നതെന്നാണ് സൂചന. ജോസ് കെ.മാണി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ നിന്നു മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

Top