നമ്പി നാരായണനെ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തത് ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍: രേഖകള്‍ പുറത്ത്

തിരുവനന്തപുരം: മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിനായി ശിപാര്‍ശ ചെയ്തത് ബി.ജെ.പി. രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍ എന്ന് രേഖകള്‍ . കള്ളക്കേസില്‍ പെട്ട് പീഡിപ്പിക്കപ്പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്ത നമ്പി നാരായണന്‍ നടത്തിയ നിയമപോരാട്ടം കണക്കിലെടുത്ത് അദ്ദേഹത്തെ പത്മ പുരസ്‌കാരമോ തത്തുല്യമായ പുരസ്‌കാരമോ നല്‍കി അംഗീകരിക്കണം എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ഉന്നയിച്ച ആവശ്യം. 2018 സെപ്തംബര്‍ 19-നാണ് അദ്ദേഹം ശിപാര്‍ശക്കത്തയച്ചത്.

1994 ല്‍ കള്ളക്കേസു ചുമത്തപ്പെട്ട നമ്പി നാരായണന്‍ 50 ദിവസം തടവില്‍ കഴിഞ്ഞു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസെന്ന് അന്നത്തെ മുഖ്യമന്ത്രിയുടെ മകള്‍ പത്മജ വേണുഗോപാല്‍ തന്നെ വെളിപ്പെടുത്തി. ഐ.എസ്.ആര്‍.ഒയിലെ എല്ലാവരെയും ഭീതിയിലാക്കുന്നതായിരുന്നു നമ്പി നാരായണനെതിരായുള്ള കേസ്. രാജ്യത്തെ ബഹിരാകാശ പദ്ധതികള്‍ക്ക് ഈ കേസ് വലിയ ആഘാതമേല്‍പിച്ചു. ഒടുവില്‍ സുപ്രീംകോടതിയില്‍ നമ്പി നാരായണനു നീതി ലഭിച്ചു.

അതിനിടെ, നമ്പി നാരായണനു പത്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച് ടി.പി.സെന്‍കുമാര്‍ രംഗത്തെത്തി. നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് അമൃതില്‍ വിഷം വീണതുപോലെയാണ്. അവാര്‍ഡ് നല്‍കിയവര്‍ കാരണം വിശദീകരിക്കണം. ഇനി ഗോവിന്ദച്ചാമിക്കും മറിയം റഷീദയ്ക്കും പത്മവിഭൂഷണ്‍ നല്‍കാം. ഈ മാനദണ്ഡമനുസരിച്ച് അമിറുല്‍ ഇസ്‌ലാമിനും പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്നും സെന്‍കുമാര്‍ പരിഹസിച്ചിരുന്നു.

Top