നമ്പി നാരായണനെ ഐഎസ്ആർഒ ചാരക്കേസിൽ കുടുക്കിയതാര്?

കൊച്ചി: ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ഐഎസ്ആർഒ ചാരക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർ ആരെന്ന റിപ്പോർട്ട് സുപ്രിംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ഡികെ ജെയിൻ സമിതി സമർപ്പിച്ച റിപ്പോർട്ട്, ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി. ജസ്റ്റിസ് ഡികെ ജെയിൻ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട്, ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.

തന്നെ ഐഎസ്ആർഒ ചാരക്കേസിൽ കുടുക്കിയതാണെന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ഹർജിയിലാണ് 2018 സെപ്റ്റംബർ 14ന് സുപ്രിംകോടതി മൂന്നംഗ സമിതി രൂപീകരിച്ചത്. മുൻ ഡിജിപി സിബി മാത്യൂസ്, റിട്ടയേർഡ് എസ്പിമാരായ കെകെ ജോഷ്വ, എസ് വിജയൻ, ഐബി മുൻ ഡയറക്ടർ ആർബി ശ്രീകുമാർ തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണം. ജെയിൻ സമിതിയുടെ റിപ്പോർട്ട് ഉടൻ പരിഗണിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കഴിഞ്ഞയാഴ്ച സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. ദേശീയപ്രാധാന്യമുള്ള കേസാണെന്നും വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടിൽ സുപ്രിംകോടതിയുടെ തുടർനടപടി നിർണായകമാണ്.

Top