തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപന ദിവസമായ ഇന്ന് മാധ്യമങ്ങളെ കന്റോണ്‍മെന്റ് ഹൗസില്‍ വിലക്കി മുഖ്യമന്ത്രി വി ഡി സതീശന്‍. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മാധ്യമങ്ങളോട് പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ഇന്നത്തെ വിലക്കും.
സിപിഐ എം പൊളിറ്റ് ബ്യൂറോ അം?ഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രി യാതൊരു മറുപടിയും നല്‍കിയിട്ടില്ല.
പലയിടത്തും വച്ച് മാധ്യമങ്ങള്‍ അദ്ദേഹത്തോട് റൈഡുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. നയപ്രഖ്യാപനം കൂടെ നടക്കാനിരിക്കെ മാധ്യമങ്ങളെ അഭിമുഖീകരിക്കേണ്ട സാഹചര്യം മാറ്റിനിര്‍ത്താനാകില്ല.
ഇത് കണക്കിലെടുത്ത് മുഖ്യമന്ത്രി താമസിക്കുന്ന കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളുടെ അനുമതി നിഷേധിച്ചിരിക്കുകയാണ് വി ഡി സതീശന്‍. സത്യപ്രതിജ്ഞയ്ക്ക് ശേഷവും ക്ലിഫ് ഹൗസില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ കാരണം മുഖ്യമന്ത്രി കന്റോണ്‍മെന്റ് ഹൗസില്‍ തന്നെ തുടരുകയാണ്.
കഴിഞ്ഞ രണ്ട് ദിവസവും മാധ്യമങ്ങള്‍ സമീപിച്ചപ്പോള്‍ മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ചോദ്യങ്ങളോട് ഒഴിഞ്ഞുമാറുകയും, മാധ്യമങ്ങളുടെ മൈക്കുകളോട് തിരിഞ്ഞുനില്‍ക്കുകയും ചെയ്തു.
തടസ്സമില്ലാതെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്ന് പറഞ്ഞിരുന്നതല്ലേ, ഇപ്പോള്‍ മാധ്യമങ്ങളെ പേടിയാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിട്ടും സതീശന്‍ പ്രതികരിച്ചില്ല.മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിനുപിന്നാലെയാണ് പിണറായി വിജയന്റെ വീടുകളില്‍ ഇ ഡി കടന്നുകയറിയത്. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടകവീട്ടിലും കണ്ണൂര്‍ പിണറായിയിലെ വീട്ടിലുമാണ് റെയ്ഡിന് എത്തിയത്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സംഘം എത്തി. പിണറായിയുടെ മകള്‍ ടി വീണയുടെ എക്സാലോജിക് കമ്പനിയും സിഎംആര്‍എല്ലുമായുള്ള നിയമപരമായ ഇടപാടിനെ കള്ളപ്പണമെന്ന് മുദ്രകുത്തിയുള്ള ദീര്‍ഘകാല വേട്ടയാടലിന്റെ ഭാഗമാണ് റെയ്ഡ്.
നേരത്തെയുള്ള അന്വേഷണങ്ങളിലൊന്നും ഇ ഡിക്ക് ഒരു തെളിവും ലഭിച്ചിരുന്നില്ല. എന്നിട്ടും ഭരണമാറ്റത്തിനു പിന്നാലെ ഇഡി കടന്നുവന്നതില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന ആരോപണം ശക്തമാണ്.
പിണറായി വിജയന് നേരെയുണ്ടായ രാഷ്ട്രീയ ഗൂഢാലോചനയിലും മുഖ്യമന്ത്രിയുടെ മൗനത്തിലും രാജ്യത്താകെ വ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.


