തിരുവനന്തപുരം:സി.എം.ആര്‍.എല്‍ -കോഴ കേസില്‍ നിര്‍ണായക തെളിവുകള്‍ പിടിച്ചെടുത്തതായി ഇഡി. ഇനി ഡിജിറ്റല്‍ തെളിവുകള്‍ കൂടി വ്യക്തമായാല്‍ അടുത്ത നടപടിയിലേക്ക് കടക്കും. വിദേശത്തെ ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം വ്യാപിക്കുന്നതോടെ പിണറായി വിജയനും മകള്‍ വീണാ വിജയനും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമായി നടന്ന പരമ്പര റെയ്ഡുകളില്‍ കേസിന് ആധാരമായ കള്ളപ്പണ ഇടപാടുകളുടെ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കുന്ന സൂചന. വീണ വിജയനെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്താന്‍ തക്കവണ്ണമുള്ള കൃത്യമായ രേഖകള്‍ കൈവശമുണ്ടെന്ന് ഉറപ്പിക്കുന്ന ഇ.ഡി, ഇനി കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് അറിയുന്നത്.
പരിശോധനയില്‍ കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും പ്രാഥമിക വിശകലനം കൊച്ചി സോണല്‍ ഓഫീസ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡല്‍ഹിയിലെ ഇ.ഡി ഡയറക്ടറേറ്റിന് പ്രത്യേക റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. കേന്ദ്ര ഡയറക്ടറേറ്റില്‍ നിന്നുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് വീണ വിജയന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കാനാണ് നീക്കം. കേവലമൊരു ചോദ്യം ചെയ്യലിനപ്പുറം, തെളിവുകള്‍ നിരത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന വാദമാണ് അന്വേഷണ സംഘത്തിനുള്ളത്.
മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണത്തിന്റെ വ്യാപ്തി സി.എം.ആര്‍.എല്‍ ഡയറിയിലെ മറ്റ് പ്രമുഖരിലേക്കും നീളുകയാണ്. കമ്പനിയുടെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുള്ള മറ്റ് രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരെ കേന്ദ്രീകരിച്ചുള്ള തെളിവ് ശേഖരണവും സമാന്തരമായി ആരംഭിച്ചുകഴിഞ്ഞു. ബാങ്ക് വിവരങ്ങളുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നതിനൊപ്പം പിടിച്ചെടുത്ത വീണയുടെ മൊബൈല്‍ ഫോണും സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയുടെ ലാപ്ടോപ്പും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരുന്നതോടെ കേസില്‍ കൂടുതല്‍ അറസ്റ്റുകളിലേക്ക് വഴിതുറക്കുമെന്നാണ് നിയമവിദഗ്ധര്‍ കരുതുന്നത്.
അതേസമയം, ഇ.ഡിയുടെ ഈ അതിവേഗ നീക്കങ്ങളെ നിയമപരമായി തടയാന്‍ സി.എം.ആര്‍.എല്‍ മാനേജ്മെന്റും നീക്കങ്ങള്‍ ആരംഭിച്ചു. ഇ.ഡി അന്വേഷണത്തിന്റെ തുടര്‍ച്ച തടയണമെന്നും റെയ്ഡ് നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കമ്പനി ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കും. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും പ്രമുഖ അഭിഭാഷകരെ ഉള്‍പ്പെടുത്തി പ്രതിരോധം തീര്‍ക്കാനാണ് കര്‍ത്തയുടെയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിനുള്ള സാധ്യതകളും പ്രതിഭാഗം സജീവമായി പരിശോധിക്കുന്നുണ്ട്.
കേരള രാഷ്ട്രീയത്തെ ഉലച്ച തെരുവ് യുദ്ധത്തിന്റെ നിയമനടപടികളും സമാന്തരമായി തലസ്ഥാനത്ത് പുരോഗമിക്കുകയാണ്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വസതിയില്‍ റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങിയ ഇ.ഡി സംഘത്തെയും അവരുടെ വാഹനവ്യൂഹത്തെയും വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസില്‍ സി.പി.എം അണികള്‍ക്ക് മേല്‍ നിയമക്കുരുക്ക് മുറുകുകയാണ്. കേസില്‍ അറസ്റ്റിലായ 13 സി.പി.എം പ്രവര്‍ത്തകരെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി. ബിനു ഉള്‍പ്പെടെ 18 സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ഈ ആക്രമണക്കേസില്‍ ഇതുവരെ പോലീസിന്റെ പിടിയിലായിട്ടുള്ളത്.
ഈ ആക്രമണക്കേസ് ഇ.ഡിക്ക് തങ്ങളുടെ വാദങ്ങള്‍ ശക്തമാക്കാനുള്ള ആയുധമായി മാറിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ മകള്‍ക്കെതിരെയുള്ള അന്വേഷണം രാഷ്ട്രീയ സ്വാധീനവും കായികബലവും ഉപയോഗിച്ച് അട്ടിമറിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നു എന്നതിന്റെ തെളിവായി ഈ തെരുവ് ആക്രമണത്തെ ഇ.ഡി കോടതിയില്‍ ഉയര്‍ത്തിക്കാട്ടും. പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കാനും കേന്ദ്ര ഏജന്‍സിയുടെ സുരക്ഷ ഉറപ്പാക്കാനും ഈ അക്രമസംഭവം പ്രൊസിക്യൂഷന് സഹായകരമാകും.
സാമ്പത്തിക രേഖകളുടെ പരിശോധനയില്‍ കണ്ടെത്തിയ കള്ളപ്പണത്തിന്റെ ഒഴുക്ക് എങ്ങോട്ടേക്കായിരുന്നുവെന്ന് വ്യക്തമാക്കുന്ന കുറ്റപത്രമാണ് ഇ.ഡി തയ്യാറാക്കുന്നത്. എക്സാലോജിക് കമ്പനി നല്‍കാത്ത സേവനത്തിനാണ് സി.എം.ആര്‍.എല്ലില്‍ നിന്നും പണം കൈപ്പറ്റിയതെന്ന ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തലുകള്‍ക്ക് പുറമേ, ഈ പണം വെളുപ്പിക്കാന്‍ ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്തുവെന്ന ശക്തമായ തെളിവുകളാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് സൂചന.
വരുംദിവസങ്ങളില്‍ കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് സമാനതകളില്ലാത്ത ഒരു നിയമപോരാട്ടത്തിനാണ്. സി.എം.ആര്‍.എല്ലിന്റെ ഹൈക്കോടതി ഹര്‍ജിയും വീണ വിജയന്റെ ചോദ്യം ചെയ്യലും അറസ്റ്റ് സാധ്യതകളും പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ ഭാവിയെപ്പോലും സ്വാധീനിച്ചേക്കാം. കേന്ദ്ര ഏജന്‍സിയുടെ പഴുതടച്ചുള്ള നീക്കങ്ങള്‍ക്ക് മുന്നില്‍ രാഷ്ട്രീയ പ്രതിരോധങ്ങള്‍ എത്രത്തോളം ഫലപ്രദമാകുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.







