തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് പുതിയ സര്‍ക്കാരിന്റെ വികസന കാഴ്ച്ചപ്പാടുകളും ജനപ്രിയ വാഗ്ദാനങ്ങളും അടങ്ങിയ നയപ്രഖ്യാപനം സഭയില്‍ അവതരിപ്പിച്ചത്.
കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ പുനരുദ്ധരിക്കാനുള്ള ശക്തമായ കര്‍മ്മപദ്ധതികളാണ് നയപ്രഖ്യാപനത്തിന്റെ കാതല്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക ബാധ്യതകളും നിലവിലെ യഥാര്‍ത്ഥ ധനസ്ഥിതിയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കാന്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ തന്നെ ധനകാര്യ ‘ധവളപത്രം’ പുറത്തിറക്കുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചു.
യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കുന്തമുനയായിരുന്ന ‘ഇന്ദിരാ ഗ്യാരന്റികള്‍’ എടുത്തുപറഞ്ഞുകൊണ്ടാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. വോട്ട് ചെയ്ത ജനങ്ങളോടുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുന്ന പ്രഖ്യാപനങ്ങളാണ് ഇതിലുണ്ടായിരുന്നത്. ക്ഷേമപെന്‍ഷനുകളുടെ വര്‍ദ്ധനവ്, മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക വയോജന വകുപ്പ് രൂപീകരിക്കല്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉന്നതവിദ്യാഭ്യാസ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ എന്നിവയെല്ലാം നയപ്രഖ്യാപനത്തില്‍ ഇടംപിടിച്ചു.
യു.ഡി.എഫ് പ്രകടനപത്രികയിലെ ഏറ്റവും ആകര്‍ഷകമായ വാഗ്ദാനമായിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയുടെ തീയതിയും നയപ്രഖ്യാപനത്തില്‍ സ്ഥിരീകരിച്ചു. വരുന്ന ജൂണ്‍ 15 മുതല്‍ സംസ്ഥാനത്തുടനീളം സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. ഈ ജനപ്രിയ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുമെന്ന ഉറപ്പാണ് സര്‍ക്കാര്‍ നയപ്രഖ്യാപനത്തിലൂടെ ഔദ്യോഗികമായി ആവര്‍ത്തിക്കുന്നത്.
വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ മുഖമുദ്ര ‘അഴിമതി മുക്ത ഭരണ’മായിരിക്കുമെന്നാണ് നയപ്രഖ്യാപനം അടിവരയിടുന്നത്. കഴിഞ്ഞ ഭരണകാലത്തുണ്ടായ വിവാദങ്ങളെയും കള്ളപ്പണ ഇടപാടുകളെയും ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍, സുതാര്യവും ജനസൗഹൃദവുമായ ഒരു ഭരണസംവിധാനം വാഗ്ദാനം ചെയ്യുന്നു. ഭരണതലത്തിലെ ആഢംബരങ്ങള്‍ ഒഴിവാക്കുമെന്നും ഓരോ ഫയലിലും ജനങ്ങളുടെ ജീവിതമുണ്ടെന്ന ബോധ്യത്തോടെ ഫയല്‍ തീര്‍പ്പാക്കല്‍ അതിവേഗത്തിലാക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കേരളത്തിന്റെ തനതായ സാമൂഹിക ഘടന നിലനിര്‍ത്താന്‍ ‘മതനിരപേക്ഷത’ ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. വര്‍ഗീയ ശക്തികള്‍ക്കും ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനും സംസ്ഥാനത്ത് ഇടം നല്‍കില്ലെന്ന ശക്തമായ സന്ദേശമാണ് യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന വികസന മാതൃകയായിരിക്കും വരും വര്‍ഷങ്ങളില്‍ കേരളം കാണാന്‍ പോകുന്നതെന്ന് പ്രസംഗം വ്യക്തമാക്കുന്നു.
കെ.എസ്.ആര്‍.ടി.സിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയും പെന്‍ഷന്‍ വര്‍ദ്ധനവും ഖജനാവിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നിരിക്കെ, ധവളപത്രത്തിലൂടെ സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് തന്നെ ഈ പദ്ധതികള്‍ നടപ്പാക്കാനാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്.
ചുരുക്കത്തില്‍, വന്‍ പ്രതിസന്ധികള്‍ക്കിടയിലും പ്രത്യാശയും ജനപ്രിയ പ്രഖ്യാപനങ്ങളും നിറഞ്ഞതാണ് വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ കന്നി നയപ്രഖ്യാപനം. വന്ദേമാതരം പോലുള്ള പ്രോട്ടോക്കോള്‍ വിവാദങ്ങള്‍ പുകയുമ്പോഴും, ഗ്യാരന്റികള്‍ പാലിച്ച് അഴിമതിയില്ലാത്ത മതനിരപേക്ഷ കേരളം കെട്ടിപ്പടുക്കുമെന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് യു.ഡി.എഫ് ഭരണം സഭയില്‍ കളം നിറയുന്നത്. വരും ദിവസങ്ങളിലെ ബജറ്റ് അവതരണത്തിലും ചര്‍ച്ചകളിലും ഈ നയപ്രഖ്യാപനത്തിന്റെ പ്രതിഫലനങ്ങള്‍ വ്യക്തമായി കാണാന്‍ സാധിക്കും.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുവിടങ്ങളെയും കൂടുതല്‍ സ്ത്രീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ‘പ്രോജക്ട് മെന്‍സ്ട്രല്‍ ഡിഗ്‌നിറ്റി’ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആര്‍ത്തവ അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആര്‍ത്തവ അവധി എടുക്കുന്ന കുട്ടികള്‍ പഠനത്തില്‍ പിന്നോക്കം പോകാതിരിക്കാന്‍ വാരാന്ത്യങ്ങളില്‍ പ്രത്യേക ‘ക്യാച്ച്-അപ്പ് ക്ലാസുകള്‍’ ഉറപ്പാക്കും.
അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആറ് മാസത്തെ പ്രസവാവധി ഉറപ്പാക്കുമെന്നും, ജോലിസ്ഥലങ്ങളില്‍ തുല്യവേതനം നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ, 50-ല്‍ കൂടുതല്‍ സ്ത്രീ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഡേ-കെയര്‍ സെന്ററുകളും ക്രഷുകളും നിര്‍ബന്ധമാക്കും.
സംസ്ഥാനത്തെ സ്ത്രീസൗഹൃദമാക്കുന്നതിനൊപ്പം കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ‘അനാഥരഹിത സംസ്ഥാനമാക്കി’ (Orphan-free state) മാറ്റാനുള്ള ബൃഹത്തായ പദ്ധതിയും സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി മിഷന്‍ മോഡ് ദത്തെടുക്കല്‍ കാമ്പെയ്നുകളും പരിശീലനം ലഭിച്ച ഫോസ്റ്റര്‍ കുടുംബങ്ങളുടെ ശൃംഖലയും രൂപീകരിക്കും.
സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര സ്ഥിരമായ അവകാശമാക്കി മാറ്റുകയും കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നല്‍കുകയും ചെയ്യുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.


