ശുക്കൂര്‍ വധക്കേസ്: തലശ്ശേരി കോടതിയിലെ വിചാരണ നിര്‍ത്തി വെക്കാന്‍ ഹൈക്കോടതി; വിധി സി.ബി.ഐ ഹർജി പരിഗണിച്ച്

സജീവന്‍ വടക്കുമ്പാട്

തലശ്ശേരി: തലഷശ്ശേരി ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി മുമ്പാകെ പരിഗണിക്കുന്ന യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ശുക്കൂര്‍ വധക്കേസിന്റെ വിചാരണ നടപടി താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസ് വിചാരണ നടപടി എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്ന സി.ബി.ഐ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. അതിനിടെ കേസിന്റെ അനുബന്ധ കുറ്റപത്രവും സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

ശുക്കൂര്‍ വധക്കേസിലെ 32, 33 പ്രതികളായ സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ടി.വി രാജേഷ് എം.എല്‍എ എന്നിവര്‍ക്കെതിരെ 120(ബി) ക്രമിനല്‍ വധ ഗുഢാലോചന കുറ്റം ചുമത്തിയുള്ള അനുബന്ധ കുറ്റപത്രമാണ് സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. സി.ബി.ഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം നേരത്തെ കേസ് പരിഗണിക്കുന്ന തലശ്ശേരി ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി മടക്കിയിരുന്നു സി.ബി.ഐക്ക് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് ജഡ്ജ് ടി. ഇന്ദിര അന്ന് ഉത്തരവിട്ടിരുന്നു.

ഇതേ തുടര്‍ന്നാണ് അനുബന്ധ കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. സി.ബി.ഐ കേസുകള്‍ പരിഗണിക്കുന്ന കോടതിയുടെ അധികാര പരിധിയില്‍പ്പെടാതതിനെ തുടര്‍ന്നാണ് അനുബന്ധ കുറ്റപത്രം കോടതി അന്ന് മടക്കിയിരുന്നത്. ഹൈക്കോടതിയെ സമീപിച്ച് കേസ് നടപടികള്‍ സി.ബി.ഐ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം സി.ജെ.എം കോടതിയിലേക്ക് മാറ്റാനുള്ള തിരക്കിട്ട നീക്കത്തിലാണ് സി.ബി.ഐ . ഇതിനിടെ കേസിലെ 32, 33 പ്രതികളായ പി.ജയരാജന്‍, ടി.വി രാജേഷ് എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കൊലപാതകമുള്‍പ്പെടുന്ന ഐ.പി.സി 302 ക്രമിനല്‍ ഗുഢാലോചന കുറ്റം ചേര്‍ത്തതില്‍ വിശദീകരണം ആരായാനാണ് പ്രതികള്‍ക്ക് നോട്ടീസ് അയച്ചത്.

കേസില്‍ പ്രതികളായിരുന്ന പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എക്കും എതിരെ 2019 ഫെബ്രവരി 11 നാണ് കൊലപാതകകുറ്റമുള്‍പ്പെടുന്ന ഐ.പി.സി 302 ക്രിമിനല്‍ ഗൂഢാലോചന കുറ്റം കൂടി ചേര്‍ത്ത് സി.ബി.ഐ തലശ്ശേരി കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. സി.ബി.ഐ കേസ് പരിഗണിക്കുന്ന എറണാകുളം സി.ജെ.എം കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും സ്വീകരിക്കാതതിനെ തുടര്‍ന്നാണ് കേസ് നേരത്തെ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്ന തലശ്ശേരി കോടതിയില്‍ തന്നെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. സി.ബി.ഐയുടെ അനുബന്ധ കുറ്റപത്രം സ്വീകരിക്കാന്‍ തലശ്ശേരി കോടതിക്ക് അധികാരമില്ലെന്നും ഇത് മേല്‍ക്കോടതിയെ സമീപിച്ച് സി.ബി.ഐ കോടതിക്ക് സമര്‍പ്പിക്കാന്‍ നോക്കണമെന്നും ജഡ്ജ് ഉത്തരവിട്ടിരുന്നു. 33 പ്രതികളുള്ള കേസിലെ 20 -ാം പ്രതി സരീഷ് സംഭവ ശേഷം ആത്മഹത്യ ചെയ്തിരുന്നു.

2012 ഫബ്രവരി 20 നാണ് ശുക്കൂര്‍ കൊല്ലപ്പെട്ടത്. സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും , ടി.വി രാജേഷ് എം.എല്‍.എയും സഞ്ചരിച്ച കാറിന് നേരെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അക്രമണം നടത്തിയെന്നാരോപിച്ച് ശുക്കൂറിനെ സി.പി.എം പ്രവര്‍ത്തകര്‍ രണ്ട് മണിക്കൂറോളം പൂട്ടികിടക്കുന്ന വീട്ടില്‍ തടഞ്ഞ് വെച്ച് വിചാരണക്ക് വിധേയമാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ പി.ജയരാജനുള്‍പ്പെടെയുള്ള പ്രതികള്‍ സുപ്രീം കോടതി വരെ സമീപിച്ചിരുന്നു.

Top