മുംബൈ : എൻസിപി പിളർപ്പിലേക്ക് .ബിജെപിക്കൊപ്പം പോകാന്‍ പ്രതിപക്ഷ നേതാവ് അജിത് പവാര്‍ എന്‍സിപി എംഎല്‍എമാരുമായി ചര്‍ച്ച തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 52 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന.
മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ വിള്ളൽ വീഴ്ത്തി എൻസിപി നേതാവ് അജിത് പവാർ നടത്തുന്ന പ്രസ്താവനകൾക്കു പിന്നാലെ വിമത നീക്കവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമായിരുന്നു. തുടർച്ചയായി മോദി സ്തുതികൾ നടത്തുന്ന അജിത്, ബിജെപിയോട് അടുക്കുന്നതായാണ് കോൺഗ്രസും ശിവസേന (ഉദ്ധവ്)യും സംശയിക്കുന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുമായി കഴിഞ്ഞ ദിവസം ഒരു മണിക്കൂറോളം ചർച്ച നടത്തിയതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അഴിമതിക്കേസുകൾ നേരിടുന്ന പാർട്ടിയായതിനാൽ ബിജെപിക്കൊപ്പം ചേർന്നു കേസുകളിൽ നിന്ന് രക്ഷപ്പെടാനാണ് നീക്കം എന്നും വ്യാഖ്യാനമുണ്ട്. ഇതിനിടെ, സംസ്ഥാന സഹകരണ ബാങ്കിലെ 25,000 കോടിയുടെ തട്ടിപ്പുകേസിലെ കുറ്റപത്രത്തിൽ നിന്ന് അജിത്തിനെയും ഭാര്യയെയും ഇഡി ഒഴിവാക്കുകയും ചെയ്തിരുന്നു.
വീർ സവർക്കർ വിവാദം, അദാനിക്കെതിരായ ജെപിസി അന്വേഷണം, മോദിയുടെ വിദ്യാഭ്യാസ യോഗ്യത എന്നീ വിഷയങ്ങളിലെല്ലാം ബിജെപിക്ക് അനുകൂലമാണ് അജിത്തിന്റെ നിലപാട്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഫലം ബിജെപിക്ക് അനുകൂലമാണെന്ന സൂചന ലഭിച്ചയുടൻ പിന്തുണ പ്രഖ്യാപിച്ച പാർട്ടിയാണ് എൻസിപി. 2019 ൽ പുലർച്ചെ രാജ്ഭവനിലെത്തി ഫഡ്നാവിസ് മുഖ്യമന്ത്രിയും അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി രഹസ്യമായി സത്യപ്രതിജ്ഞ ചെയ്യുകയുമുണ്ടായി.
അതേസമയം അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമെന്ന് അജിത് പവാർ. ഇന്ന് തന്നോടൊപ്പം നിൽക്കുന്ന എംഎൽഎമാരുടെ യോഗം ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾ അജിത് പവാർ തള്ളി. തിങ്കളാഴ്ച പൊതുപരിപാടികൾ പൊടുന്നനെ റദ്ദാക്കിയത് നവിമുംബൈയിലുണ്ടായ സൂര്യാഘാത ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണെന്നും അജിത് വിശദീകരിക്കുന്നു.
പ്രതിപക്ഷ സഖ്യത്തിൽ വിള്ളൽ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ സഖ്യകക്ഷി നേതാവായ ഉദ്ധവ് താക്കറെയുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്നലെ രാത്രി ചർച്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷസഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നതെന്ന് കെസി വേണുഗോപാൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
പുറത്തു വരുന്ന വാര്‍ത്തകളില്‍ ശരദ് പവാര്‍ മൗനം തുടരുന്നതാണ് അഭ്യൂഹങ്ങള്‍ ബലപ്പെടുത്തുന്നത്. ശരദ് പവാറിന്റെ അനന്തരവനെന്ന നിലയില്‍ അജിതും കുടുംബവും വേട്ടയാടപ്പെടുകയാണെന്നും ഇതാണ് ബിജെപിയിലേക്ക് ചേക്കേറാന്‍ വഴിയൊരുക്കുന്നതെന്നുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. അതേസമയം, ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ അജിത് പവാര്‍ നേരത്തെ നിഷേധിച്ചിരുന്നു.