ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ ഇന്നും ജയില്‍ മോചിതരായിട്ടില്ല. 27 വര്‍ഷമായി ഇവര്‍ ജയിലില്‍ തുടരുകയാണ്. പ്രതിയായി പിടികൂടിയ നളിനിയും ഇപ്പോള്‍ ജയിലിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞ തടവുകാരിയും നളിനിയാണ്. പരോളും ഒരിക്കലേ കിട്ടിയിട്ടുള്ളൂ. ഇപ്പോള്‍ മകളുടെ കല്യാണത്തിനായി 30 ദിവസത്തെ പരോള്‍ ലഭിച്ചിരിക്കുകയാണ് നളിനിക്ക്.
തന്റെ ഭാഗം സ്വന്തമായി വാദിക്കുകയാണ് നളിനി ചെയ്യുന്നത്. ഇത്തരത്തില്‍ പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് 3 വര്‍ഷം മുന്‍പ് 12 മണിക്കൂര്‍ പരോള്‍ വാങ്ങിയിരുന്നു. ഇപ്പോഴും സ്വന്തമായി വാദിച്ചാണ് പുറം ലോകം കാണാനുള്ള 30 ദിവസത്തെ പരോള്‍ വാങ്ങിയത്. നളിനിയുടെ അഭ്യര്‍ഥന പ്രകാരം അവര്‍ക്കു നേരിട്ടു ഹാജരായി വാദിക്കാനുള്ള അനുമതി കോടതി നല്‍കിയിരുന്നു.
കേസില്‍ പിടിയിലാകുന്ന സമയത്തു ഗര്‍ഭിണിയായിരുന്ന നളിനിക്കു ജയിലിലാണു കുഞ്ഞു ജനിച്ചത്. മകള്‍ ഡോ. അരിത്ര ഇപ്പോള്‍ ലണ്ടനിലാണു താമസം. നളിനിയുടെ ഭര്‍ത്താവ് മുരുകനും ഇതേ കേസില്‍ പ്രതിയായി ജയിലിലാണ്.
മാധ്യമങ്ങളോടോ രാഷ്ട്രീയക്കാരോടോ സംസാരിക്കരുത്, പൊലീസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം തുടങ്ങിയ ഉപാധികളോടെയാണു ജസ്റ്റിസ് എം.എം. സുന്ദരേശ്, ജസ്റ്റിസ് എം.നിര്‍മല്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് പരോള്‍ അനുവദിച്ചത്. 10 ദിവസത്തിനകം പരോള്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു കോടതി വെല്ലൂര്‍ ജയില്‍ സൂപ്രണ്ടിനു നിര്‍ദേശം നല്‍കി.
മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കായി 6 മാസത്തെ പരോള്‍ ചോദിച്ചു കഴിഞ്ഞ ഫെബ്രുവരിയില്‍ നളിനി ജയില്‍ അധികൃതര്‍ക്കു കത്തു നല്‍കിയിരുന്നു. ഇതില്‍ നടപടിയില്ലാതായതോടെയാണു കോടതിയെ സമീപിച്ചത്.
‘മകളെ പ്രസവിച്ചതു ജയിലിലാണ്. മകളെ നെഞ്ചോടു ചേര്‍ത്തു വളര്‍ത്താനുള്ള ഭാഗ്യം അമ്മയെന്ന നിലയില്‍ എനിക്കു ലഭിച്ചില്ല. അവളുടെ വിവാഹം നടത്തിക്കൊടുക്കുന്നതിനുള്ള അവകാശം കൂടി നിഷേധിക്കരുത്’- വാദത്തിനിടെ നളിനി കോടതിയില്‍ വികാരാധീനയായി.
കേസില്‍ ശിക്ഷ ജീവപര്യന്തമായി കുറച്ചു. എന്നാല്‍, നിയമാനുസൃതമുള്ള പരോള്‍ കൂടി അനുവദിക്കാതെ ജയിലില്‍ അടച്ചിടുന്നതും വധശിക്ഷയും തമ്മില്‍ എന്താണു വ്യത്യാസം? എല്ലാ പ്രതീക്ഷകളും കോടതിയിലാണെന്നും നളിനി പറഞ്ഞു. റോസ് നിറമുള്ള സാരിയണിഞ്ഞ്, കൈയില്‍ പ്ലാസ്റ്റിക് കവറുമായി 1.50നാണു നളിനി ഹൈക്കോടതിയിലെത്തിയത്. കോടതി പരിസരത്തു കനത്ത സുരക്ഷ ഒരുക്കിയിരുന്നു.