മാപ്പ് പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതിന്പിന്നാലെ ചീഫ് സെക്രട്ടറിയുടെ മാപ്പ്; ടിപി സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാരിനേല്‍ക്കുന്ന തിരിച്ചടി തീരുന്നില്ല

ന്യൂഡല്‍ഹി: ടിപി സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മാപ്പ് അപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിനു പിന്നാലെ പരമോന്നത കോടതിയില്‍ ചീഫ് സെക്രട്ടറിയുടെ നിരുപാധിക മാപ്പപേക്ഷ. സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോ മാപ്പ് അപേക്ഷിച്ചത്. ‘കോടതിയെയും കോടതി നിര്‍ദേശങ്ങളെയും ബഹുമാനത്തോടെയാണ് കാണുന്നത്. അതില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു. നിയമോപദേശത്തിന് കാത്തിരുന്നതിനാലാണ് വിധി നടപ്പാക്കാന്‍ വൈകിയത്.

അഡ്വക്കേറ്റ് ജനറലിന്റെയും നിയമ സെക്രട്ടറിയുടെയും ഉപദേശം തേടിയശേഷമാണ് കേസില്‍ വ്യക്തത തേടി അപേക്ഷ നല്‍കിയത്. അപേക്ഷയിന്മേല്‍ സുപ്രീംകോടതി മറുപടി ലഭിച്ചശേഷം നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രിസഭയാണ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാത്തിരുന്നതെന്നും’ ചീഫ് സെക്രട്ടറി സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചതിനാല്‍ കോടതിയലക്ഷ്യ ഹര്‍ജിയിന്മേലുളള തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യമെങ്കില്‍ ഇതുസംബന്ധിച്ച ഒരു ഉത്തരവ് പുറപ്പെടുവിക്കണമെന്നും ചീഫ് സെക്രട്ടറി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സത്യവാങ് മൂലം നാളെ സുപ്രീംകോടതി പരിഗണിക്കും.

അതേസമയം, ടി.പി.സെന്‍കുമാര്‍ കേസില്‍ പുനഃപരിശോധനാ ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കും. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും.

Top