ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗാ ശരീഫില്‍ സ്ഫോടനം നടത്തിയ കേസില്‍ മലയാളി ഭീകരനെ പോലീസ് തിരയുന്നു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശി സുരേഷ് നായരാണ് ഒളിവില്‍പോയവരിലുള്ള മലയാളി. അജ്മീര്‍ സ്ഫോടനത്തിന് വേണ്ടി ബോംബ് സ്ഥാപിച്ചുവെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ച ഗുജറാത്തിലെ ഗോവധ വിരുദ്ധ പ്രവര്‍ത്തകന്‍ മുകേഷ് വാസനിയാണ് സുരേഷ് നായരുടെ പങ്കാളിത്തം സംബന്ധിച്ച് മൊഴി നല്‍കിയത്.
സുരേഷ് നായര്‍ക്കൊപ്പം ഒളിവില്‍ പോയ മേഹുല്‍ ആണ് കൊല്ലപ്പെട്ട സുനില്‍ ജോഷിക്കും കട്ടാരിയക്കും ഒപ്പം മധ്യപ്രദേശിലെ ദേവസില്‍നിന്ന് ഗുജറാത്തിലെ ഗോധ്രയിലേക്കും അജ്മീറിലേക്കുമുള്ള സ്ഫോടകവസ്തുക്കള്‍ കാറില്‍ എത്തിച്ചത്. സുനില്‍ ജോഷിയെ കൊലപ്പെടുത്തിയ കേസില്‍ ആരോപണവിധേയനായ ആനന്ദ് രാജ് കട്ടാരിയയുടേതായിരുന്നു ഈ കാര്‍. ഗോധ്രയിലെ ഗൂഢാലോചനക്ക് ശേഷം സുരേഷ് നായര്‍, മുകേഷ് വാസനി, മേഹുല്‍, ഭവേഷ്, സണ്ണി എന്നിവര്‍ക്കൊപ്പം അജ്മീറിലേക്ക് സര്‍ക്കാര്‍ ബസില്‍ സംശയം തോന്നാത്ത വിധം കൊണ്ടുപോകുകയായിരുന്നു.
ഗുജറാത്ത് കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തനം നടത്തിയ സുരേഷ് നായരുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരം അറിയിക്കണമെന്ന് മുകേഷ് വാസ്നി അറസ്റ്റിലായ സമയത്ത് രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ക്ക് ബന്ധമുള്ള സ്ഥലങ്ങളിലേക്കെല്ലാം ഭീകരപ്രവര്‍ത്തനം വ്യാപിപ്പിച്ച ഈ സംഘം സുരേഷ് നായരെ ഉപയോഗിച്ച് കേരളത്തില്‍ വല്ല വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്തിയോ എന്നാണ് രാജസ്ഥാന്‍ എ.ടി.എസ് പ്രധാനമായും ചോദിച്ചത്. ഇതിനായി സുരേഷ് നായര്‍ കേരളത്തില്‍ വന്നാല്‍ ബന്ധപ്പെടാറുള്ള വീടുകളുടെയും വ്യക്തികളുടെയും വ്യക്തമായ വിലാസങ്ങളും രാജസ്ഥാന്‍ പൊലീസ് കേരള പൊലീസിന് നല്‍കി. കേരളത്തില്‍ സുരേഷിന് ചങ്ങാത്തമുള്ള പല യുവാക്കളുടെയും പേരും വിലാസവും ഇങ്ങനെ കൈമാറിയിരുന്നു.
എന്നാല്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ സുരേഷ്നായരുടെ കുടുംബം വല്ലപ്പോഴുമാണ് കേരളത്തില്‍ വരാറുള്ളതെന്നും ആറുവര്‍ഷം മുമ്പ് ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിന് വന്ന സുരേഷ് പിന്നീട് വന്നിട്ടില്ലെന്നും കേരളം അന്ന് അറിയിച്ചു. കേരളത്തിന്റെ ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘം (ഐ.എസ്.ഐ.ടി) നേരിട്ട് അന്വേഷണം നടത്തിയാണ് അജ്മീര്‍ സ്ഫോടനക്കേസ് അന്വേഷിക്കുന്ന രാജസ്ഥാന്‍ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ അഡീഷനല്‍ എസ്.പി സത്യേന്ദ്ര സിങ്ങിന് ഈ വിവരം കൈമാറിയത്. അജ്മീര്‍ സ്ഫോടനത്തിനുള്ള ബോംബ് നിര്‍മിച്ചതില്‍ പങ്കാളിയായ ഗുജറാത്ത് ബെസ്റ്റ് ബേക്കറി കേസിലെ പ്രതി കൂടിയായിരുന്ന ഹര്‍ഷദ് ഭായി സോളങ്കിയാണ് മുകേഷ് വാസനിക്കുള്ള പങ്ക് പൊലീസിനോട് വെളിപ്പെടുത്തിയത്.