എകെജി സെന്റർ ആക്രമണം:ജിതിൻ കുറ്റം സമ്മതിച്ചു.അറസ്റ്റ് രേഖപ്പെടുത്തി.കൂടുതൽ പേർ കുടുങ്ങും.

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതി അറസ്റ്റിൽ .യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ആറ്റിപ്ര മണ്ഡലം ‌യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിനെ ഇന്ന് രാവിലെയാണ് കസ്റ്റഡിയിൽ എടുത്തത്. ക്രൈംബ്രാഞ്ച് ഓഫിസിൽ ജിതിനെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജിതിനാണ് സ്ഫോടകവസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മൺവിള സ്വദേശിയാണ് ജിതിൻ. സംഭവത്തില്‍ ഒരാള്‍ക്കു കൂടി പങ്കുണ്ടോയെന്ന് അന്വേഷിക്കും. സ്‌കൂട്ടര്‍ എത്തിച്ചത് മറ്റെരാളാണ്. സ്‌കൂട്ടറും വസ്ത്രങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ജിതിനാണ് എകെജി സെന്ററിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

കേസിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിയും ഇയാള്‍ക്ക് സഹായം ചെയ്ത് നല്‍കിയവരും അടക്കം നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും മതിയായ തെളിവുകള്‍ ശേഖരിച്ച ശേഷം മതി അറസ്റ്റ് എന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച് സംഘം. എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.

ജൂണ്‍ 30ന് അര്‍ദ്ധരാത്രിയായിരുന്നു എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. വെടിക്കെട്ടിന് മാത്രം ഉപയോഗിക്കുന്ന വീര്യം കുറഞ്ഞതും, ശബ്ദം കുറഞ്ഞതുമായ രാസവസ്തുവാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. പരിശോധിച്ച ദൃശ്യത്തിന്റെ പിക്‌സല്‍ കുറവായതിനാല്‍ വ്യക്തത വരുത്താന്‍ സാധിക്കാതെ വന്നതും പൊലീസിന് തിരിച്ചടിയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം അന്വേഷിച്ച കേസ് തെളിവില്ലാതെ പ്രതിസന്ധിയിലായിരുന്നു. പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ മോഡല്‍ സ്‌കൂട്ടറിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോണ്ട ഡിയോ മോഡല്‍ വാഹനങ്ങളെല്ലാം പരിശോധിച്ചു. 350ല്‍ അധികം സ്‌കൂട്ടറുകളാണ് ആകെ പരിശോധിച്ചത്. സംശയം തോന്നിയ വാഹന ഉടമകളെ വിളിച്ച് ചോദ്യം ചെയ്തു. എന്നാല്‍ അക്രമിയുടെ വാഹനം ഡിയോയുട സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്‌ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു. അതോടെ വണ്ടി കേന്ദ്രീകരിച്ച അന്വേഷണവും വഴിമുട്ടിയിരുന്നു.

സംഭവത്തിന് പിന്നാലെ എകെജി സെന്ററിന് മുന്നില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കുകയും ചെയ്തു. പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിലൂടെ സിപിഐഎം കെട്ടിചമച്ച കഥയാണ് ബോംബേറിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിലും വിഷയം ചര്‍ച്ചയായി. ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കിട്ടാതായത്തോടെയാണ് പ്രത്യേക പൊലീസ് സംഘത്തില്‍ നിന്നും കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്.

ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ 7 പൊലീസുകാര്‍ കാവല്‍നില്‍ക്കുമ്പോള്‍ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആൾ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. നൂറിലധികം സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. 250ല്‍ അധികം ആളുകളെ ചോദ്യം ചെയ്തു. അയ്യായിരത്തില്‍ അധികം മൊബൈല്‍ ഫോണ്‍രേഖകളും പരിശോധിച്ചു.

ചുവന്ന സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്നും അത് ഡിയോ സ്കൂട്ടറാണെന്നതും മാത്രമായിരുന്നു ആകെ കണ്ടെത്തിയ വിവരങ്ങൾ. ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്ന് സ്‌കൂട്ടറിന്റെ നമ്പര്‍ കിട്ടിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. വീടുകളില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങള്‍ക്കു തെളിച്ചമില്ലായിരുന്നെന്നും പൊലീസ് പറയുന്നു. അതേസമയം എറിഞ്ഞത് സാധാരണ പടക്കമാണെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.

Top