
പിണറായി വിജയനും ഇടതുപക്ഷത്തിനും എതിരെ സംവിധായകനും ബിഗ് ബോസ് മലയാളം വിജയിയുമായ അഖിൽ മാരാർ. നാട്ടിലെ ഏറ്റവും വലിയ വർഗീയവാദികൾ സിപിഎം ആണെന്നും ജാതി വർഗീയതയിൽ നിന്ന് മതവർഗീയതയിലേക്ക് പാർട്ടി മാറിയെന്നും അഖിൽ മാരാർ ആരോപിച്ചു.
പിണറായി വിജയന്റെ മുണ്ടിനടിയിൽ കാവി നിക്കർ ആണെന്നും എസ്എഫ്ഐഒ കേസിൽ പ്രതിയായ മകളെ രക്ഷിക്കാൻ പിണറായി കേന്ദ്രമന്ത്രിയെ കാണാൻ പോയെന്നും അഖിൽ മാരാർ ആരോപിക്കുന്നു. നിലനിൽപ്പിനും പണത്തിനും വേണ്ടിയാണ് പിണറായി ബിജെപിയുടെ ഔദാര്യം പറ്റുന്നത് എന്നും അഖിൽ മാരാർ പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അഖിൽ മാരാരുടെ ആരോപണം. അഖിൽ മാരാരെ വിമർശിച്ചും പിന്തുണച്ചും പ്രതികരണങ്ങൾ കമന്റ് ബോക്സിൽ വരുന്നുണ്ട്. നേരത്തെയും പിണറായിക്കും ഇടതുപക്ഷത്തിനുമെതിരെ അഖിൽ മാരാർ രൂക്ഷ വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു.
അഖിൽ മാരാരുടെ കുറിപ്പ് വായിക്കാം: ” കമ്മ്യൂണിസ്റ് പാർട്ടിയേയും മുഖ്യമന്ത്രിയേയും ആര് വിമർശിച്ചാലും അവരെ പിടിച്ചു സംഘി ആക്കാൻ നടക്കുന്ന അന്തം കമ്മികൾക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു… തങ്ങളെ എതിർക്കുന്നവനെ ഒറ്റപ്പെടുത്താൻ കേരളത്തിലെ മുസ്ലിം സമൂഹത്തെ കൂടെ കൂട്ടുക.. സംഘിക്ക് പിന്തുണ കൊടുക്കരുത് എന്ന നിശബ്ദ ഭീഷണി കോൺഗ്രസ്സ് അനുഭാവികൾക്ക് കൊടുക്കുക അത് വഴി പാർട്ടിക്ക് എതിരെ ഉയരുന്ന ശബ്ദങ്ങളെ ബുദ്ധിപരമായി ഇല്ലാതാക്കുക.. ഇനി നമുക്ക് ആരാണ് ഈ നാട്ടിലെ ഏറ്റവും വലിയ വർഗീയ തീവ്രവാദികൾ എന്ന് നോക്കാം… ഒരു കാലത്ത് പാർട്ടി വളരണം എങ്കിൽ ജാതീയമായ ഭിന്നിപ്പ് ആയിരുന്നു ഇവരുടെ ലക്ഷ്യം.. അത് കൊണ്ട് സകല ദളിത് കുടുംബങ്ങളിലും ജാതിയ വിഷം കുത്തി വെച്ച് ഹിന്ദുക്കളെ തമ്മിൽ തല്ലിച്ച് നായന്മാരെ കോൺഗ്രസിലും ബാക്കിയുള്ളവരെ തങ്ങളുടെ കൂടെയും കൂട്ടി അവരുടെ ജീവിതം തകർത്തു താറുമാറാക്കി.. പാർട്ടിക്ക് ആളെ കൂട്ടാൻ മാത്രമായി പല ദളിത് കോളനികളും മാറി..
ഈ കുടുംബങ്ങളിലെ കുട്ടികളെയും ചെറുപ്പക്കാരെയും കേസിൽ പെടുത്തി ഒരിക്കലും രക്ഷപെടാൻ കഴിയാത്ത അവസ്ഥയിൽ ആക്കി.. സഹകരണ ബാങ്കിൽ നിന്നും കുറച്ചു ലോൺ കൂടി നൽകി ഇവന്റെ പ്രമാണവും കസ്റ്റഡിയിൽ ആക്കി.. പാർട്ടി മാറിയാൽ ജീവിതം അവസാനിക്കും എന്ന് ഭയന്ന് പലരും ഇവരുടെ അടിമകൾ ആയി കഴിയുന്നു.. ഇതിൽ ആരെങ്കിലും ചിന്തിക്കാൻ തുടങ്ങിയാൽ അപ്പോൾ തന്നെ പണ്ട് നായന്മാർ അവരുടെ അപ്പൻ അപ്പൂപ്പൻമാരോട് ചെയ്ത ക്രൂരതകൾ പറഞ്ഞു അവരെ വീണ്ടും പാർട്ടിയുടെ കീഴിൽ തളയ്ക്കുന്നു… കാലം മാറിയപ്പോൾ പതിയെ ജാതി വർഗീയത മത വർഗീയതയിലേക്ക് പാർട്ടി മാറ്റി പിടിച്ചു.. ബിജെപിയുടെ വളർച്ചയും കോൺഗ്രസ്സിൽ നിന്നും ബിജെപിയിലേക്കുള്ള കൊഴിഞ്ഞു പോക്കും മുസ്ലിങ്ങൾക്ക് ബിജെപിയോടുള്ള വിരോധവും മനസ്സിലാക്കിയ പാർട്ടി ഒരുകാലത്തു മുസ്ലിം സമൂഹത്തെ ഇന്നത്തെ തീവ്ര ഹിന്ദു സംഘടനകൾ പോലും ആക്ഷേപിക്കാത്ത പദങ്ങൾ ഉപയോഗിച്ച് ആക്ഷേപിച്ചിരുന്ന എന്തിനു കേരളം ഒരു മിനി പാകിസ്ഥാൻ ആണെന്ന് വരെ പറഞ്ഞ പാർട്ടി പതിയെ മുസ്ലിങ്ങളെ സുഖിപ്പിക്കാൻ ആയി തുടങ്ങി. ഞങ്ങളാണ് നിങ്ങളുടെ രക്ഷകർ എന്ന് വരുത്തി തീർക്കാൻ തുടങ്ങി.. ബിജെപിയെ നേരിടാൻ കോൺഗ്രസ്സിന് കഴിയില്ല എന്ന് കേരളത്തിൽ അവർ സ്ഥാപിച്ചെടുത്തു.. രാഹുൽ ഗാന്ധി ഒരു കോമാളി ആണെന്ന് സിപിഎം പരമാവധി വരുത്തി തീർത്തു.
രമേശ് ചെന്നിത്തല, വിഡി സതീശൻ, കെ സുധാകരൻ, ശശി തരൂർ, പ്രേമചന്ദ്രനും ഒക്കെ സംഘിയാണ് എന്ന് ആക്ഷേപിച്ചു നടന്നത് മുസ്ലിങ്ങളെ യുഡിഎഫിൽ നിന്നും അകറ്റുക എന്ന ബുദ്ധിയിലാണ്… എന്നാൽ യഥാർത്ഥ സംഘി ആരെന്നു പരിശോധിക്കാം.. പിണറായി വിജയന്റെ മുണ്ട് ഒന്ന് മാറ്റിയാൽ നല്ല ഒന്നാന്തരം കാവി നിക്കർ തന്നെ കാണാം.. അത് വർഗീയതയുടെ അല്ല നിലനിൽപ്പിനു വേണ്ടി പണത്തിനു വേണ്ടി ബിജെപി യുടെ ഔദാര്യം പറ്റി നിന്നാലേ പറ്റു എന്ന ബുദ്ധിയിൽ എടുത്തു ഇട്ടതാണ്.. 9 മാവോയിസ്റ്റുകളെ കാട്ടിൽ കയറി വെടി വെച്ച് കൊന്ന സർക്കാരിന്റെ പക്ഷം ഇടത്. ലഘു രേഖയുടെ പേരിൽ രണ്ട് മുസ്ലിം കുട്ടികളെ യുഎപിഎ ചുമത്തി അകത്തിട്ടപ്പോൾ ശെരിയെന്ന് പറഞ്ഞ സർക്കാർ ഇടത്. ഒരിക്കൽ എതിർത്ത പദ്ധതികൾ എല്ലാം ബിജെപി പറഞ്ഞ പോലെ കേരളത്തിൽ നടപ്പിലാക്കിയ സർക്കാർ ഇടത്. ആർഎസ്എസ്സുമായി രഹസ്യ കൂടികാഴ്ച നടത്തിയ മുഖ്യമന്ത്രിയുടെ പക്ഷം ഇടത്. കേരളത്തിൽ നിന്നും കോൺഗ്രസ്സിനെ ഇല്ലാതാക്കാനും ഒരിക്കൽ കൂടി ഭരിച്ചിട്ടു ഈ പാർട്ടിയെ മുചൂടും മുടിച്ചു തനിക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന ഒരു മുഖ്യമന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിയെ കാണുന്നതിൽ യാതൊരു തെറ്റുമില്ല..