കല്‍പ്പറ്റ: ഒടിഞ്ഞുവീണ മരക്കൊമ്പുകള്‍ നീക്കം ചെയ്യാന്‍ ജീപ്പിന് മുകളില്‍ തോട്ടിയുമായി പോയ കെഎസ്ഇബിക്കും പിഴയിട്ട് എഐ ക്യാമറ. വയനാട് അമ്പലവയല്‍ കെഎസ്ഇബിയിലെ ജീപ്പിനാണ് മോട്ടോര്‍ വാഹനവകുപ്പ് 20,500 രൂപ പിഴ ചുമത്തിയത്.
വൈദ്യുതി ലൈനിനോടു ചേര്‍ന്നു പോകുന്ന അപകടസാധ്യതയുള്ള മരക്കൊമ്പുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന തോട്ടിയുള്‍പ്പെടെയുള്ള സാധാനങ്ങളുമായി പോകുന്ന ജീപ്പാണ് അമ്പലവയല്‍ ടൗണിലെ എഐ ക്യാമറയില്‍ കുടുങ്ങിയത്.വാഹനത്തിനു മുകളില്‍ തോട്ടി കയറ്റിയതിന് 20,000 രൂപയും വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 500 രൂപയുമാണ് പിഴ ചുമത്തിയത്.
കെഎസ്ഇബിക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനത്തിനാണ് പിഴ. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുമായി കെഎസ്ഇബി ജീവനക്കാര്‍ സംസാരിച്ച് സാധനങ്ങള്‍ കൊണ്ടു പോയതിനുള്ള 20,000 രൂപ പിഴ ഒഴിവാക്കി. എന്നാല്‍, സീറ്റ് ബെല്‍റ്റ് ഇടാത്തതിനുള്ള 500 രൂപ അടയ്ക്കണം.