കെഎസ്ആര്‍ടിസി ജീവനക്കാരന്‍റെ കറന്‍റ് ബില്ലടച്ച് കെഎസ്ഇബി ജീവനക്കാര്‍

ശമ്പളം കിട്ടാത്തതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി  ജീവനക്കാരന് കൈത്താങ്ങായി കെഎസ്ഇബി ജീവനക്കാര്‍. തൃശൂര്‍ അരിമ്പൂരിലാണ് സംഭവം. പണമടയ്ക്കാത്തതിനാല്‍ കഴിഞ്ഞ എട്ടിന് സുശീലന്‍റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.

ശമ്പളം വൈകുന്നതാണ് കാരണമെന്ന് തിരിച്ചറിഞ്ഞ അരിമ്പൂര്‍ സെക്ഷനിലെ സീനിയര്‍ സൂപ്രണ്ട് സചിത് കുമാറും ക്യാഷ്യറായ വി വി  സുര്‍ജിത്തും ചേര്‍ന്ന് പണമടച്ച് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച് നല്‍കുകയായിരുന്നു. 2188 രൂപയായിരുന്നു അടയ്ക്കേണ്ടിയിരുന്ന ബില്‍ തുക. പലരോടും കടം ചോദിച്ചിട്ടും ലഭിക്കാത്ത അവസ്ഥയിലായിരുന്നു ബില്‍ അടവ് മുടങ്ങിയത്. വാടക വീട്ടില്‍ വെള്ളോം വെളിച്ചോം ഇല്ലാത്ത അവസ്ഥയിലാണ് കെഎസ്ഇബി ജീവനക്കാരന് സഹായമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിശ്രമം ഇല്ലാതെ വാഹനം ഓടിച്ച ശേഷം അഡീഷണല്‍ ഡ്യൂട്ടി കൂടി എടുത്താണ് സുശീലന്‍ ജീവിതത്തിന്‍റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കുന്നത്. ബില്ല് അടച്ച കെഎസ്ഇബി ജീവനക്കാരോട് പറഞ്ഞ് തീര്‍ക്കാന്‍ കഴിയാത്ത നന്ദിയുണ്ടെന്ന് സുശീലന്‍ പറയുന്നു. വീട്ടുകാരും കൂട്ടുകാരും പോലും സഹായിക്കാന്‍ മടി കാണിച്ച സമയത്താണ് തികച്ചും അപരിചിതരായ ഒരാള്‍ക്കായി അവര്‍ സഹായ ഹസ്തം നീട്ടിയതെന്ന് സുശീലന്‍ പറയുന്നു.

സുശീലന്‍ പറഞ്ഞതില്‍ കള്ളമുണ്ടെന്ന് തോന്നിയില്ല. അതാണ് സഹായിച്ചതെന്നാണ് കേരള ഫുട്ബോള്‍ ടീമിന്‍റെ മുന്‍ നായകന്‍ കൂടിയായ വി വി സുര്‍ജിത്ത് പറയുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ എല്ലാ മാസവും നല്‍കിവരുന്ന പ്രത്യേക തുക നിർത്തലാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാരുള്ളത്.

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കൂടുതൽ പണം നല്‍കാനാകില്ലെന്ന് ധനവകുപ്പ് കെഎസ്ആര്‍ടിസിയെ ഇതിനോടകം അറിയിച്ചിട്ടുണ്ട്. അധിക ഫണ്ട് വൈകിയതിനാല്‍ കെഎസ്ആര്‍ടിസിയില്‍ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടുമില്ല.

Top