ന്യൂഡല്‍ഹി: അഫ്ഗാനില്‍ നിന്ന് എല്ലാ മലയാളികളെയും രാജ്യത്ത് തിരിച്ചെത്തിച്ചു. വ്യോമസേനയുടെ സി17 വിമാനത്തിലാണ് 50 മലയാളികളുള്‍പ്പെടുന്ന സംഘത്തെ കാബൂളിൽ നിന്ന് ഗാസിയാബാദിലെത്തിച്ചത്. അടുത്ത ദിവസം തന്നെ കേരളത്തിലേക്ക് എത്തുമെന്നും ഇതിനുവേണ്ട എല്ലാ സംവിധാനവും നോർക്കാ റൂട്ട്സ് വഴി കേരള സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും സംഘത്തിലെ മലയാളികള്‍ പ്രതികരിച്ചു.അഫ്ഗാനിസ്താനിലെ ഒഴിപ്പിക്കൽ ദൗത്യം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഇന്നലെ താലിബാൻ തടഞ്ഞ് പരിശോധിച്ച 150 പേരെകൂടി ഇന്ന് ഇന്ത്യയിലെയ്ക്ക് കൊണ്ടുവരും. ഇതിനായുള്ള വിമാനവു ഇപ്പോൾ കാബൂളിൽ എത്തിയിട്ടുണ്ട്. ആശാവഹമായ പുരോഗതി ആണ് ഒഴിപ്പിയ്ക്കൽ നടപടിയിൽ ഉണ്ടായിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
168 പേരുമായാണ് വ്യോമസേനാ വിമാനം ഇന്നുരാവിലെ ഗാസിയാബാദിലെ ഹിന്റൺ ബേസിൽ ലാന്‍ഡ് ചെയ്തത്. മലയാളികൾക്കൊപ്പം ഡല്‍ഹിയിലെത്തിയ സംഘത്തിൽ എംപിമാർ അടക്കമുള്ള അഫ്ഗാൻ പൗരൻമാരുമുണ്ട്. അഫ്ഗാനികളുടെ സാന്നിധ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം താലിബാന്‍ ഈ വിമാനം പിടിച്ചുവച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സുരക്ഷ പരിശോധനയ്ക്കായാണ് വിമാനം തടഞ്ഞതെന്നായിരുന്നു താലിബാന്റെ വിശദീകരണം. ഇന്ന് മാത്രം മൂന്ന് വിമാനങ്ങളിലായി 390 ഇന്ത്യക്കാരെയാണ് രക്ഷാദൗത്യത്തിലൂടെ തിരിച്ചെത്തിക്കാനായത്. നേരത്തെ വ്യോമസേനയുടെ ഒരു വിമാനവും എയര്‍ ഇന്ത്യയുടെ ഒരു വിമാനവുമാണ് ഡല്‍ഹിയിലേക്ക് എത്തിയത്. താജിക്കിസ്ഥാനില്‍ നിന്നും ഖത്തറില്‍ നിന്നുമാണ് വിമാനങ്ങള്‍ എത്തിയത്. രണ്ട് വിമാനങ്ങളിലായി 222 യാത്രക്കാരാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. അമേരിക്കന്‍ വിമാനങ്ങളില്‍ ദോഹയില്‍ എത്തിയ 135 പേരാണ് എയർ ഇന്ത്യന്‍ വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യക്കാര്‍ക്കൊപ്പം രണ്ട് നേപ്പാള്‍ പൗരന്‍മാരെയും തിരിച്ചെത്തിച്ചിട്ടുണ്ട്.