തോമസ് ചാണ്ടിക്കു പിറകെ മറ്റൊരു മന്ത്രി കൂടി കുരുക്കില്‍; ഗുരുതര ആരോപണം

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടിക്കു പിറകെ ഇടതു മന്ത്രിസഭയിലെ മറ്റൊരു മന്ത്രി കൂടി വിവാദത്തില്‍. കായികമന്ത്രി എസി മൊയ്തീനാണ് ഇത്തവണ പ്രതിക്കൂട്ടിലായത്. ആര്‍എംപിഐയാണ് മൊയ്തീന്‍ വന്‍ അഴിമതിക്കു കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. കുന്നംകുളത്തെ തുറക്കുളം മാര്‍ക്കറ്റ് നിര്‍മാണം ബിഒടി കമ്പനിക്കു കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം എംഎല്‍എ കൂടിയായ മൊയ്തീനും കുന്നംകുളം നഗരസഭ സിപിഐഎം ഭരണസമതിയും ചേര്‍ന്നു വലിയ അഴിമതിയാണ് നടത്താന്‍ പോവുന്നതെന്നു ആര്‍എംപിഐ ആരോപിക്കുന്നു. നടപടി ക്രമങ്ങളൊന്നും തന്നെ പാലിക്കാതെയാണ് തുറക്കുളം മാര്‍ക്കറ്റ് നിര്‍മാണ കരാര്‍ ബിഒടി കമ്പനിക്കു നല്‍കുന്നതെന്നും ആര്‍എംപിഐ ചൂണ്ടിക്കാട്ടുന്നു. 2010ല്‍ ബിഒടി കമ്പനിക്കു നിര്‍മാണ കരാര്‍ നല്‍കിയതില്‍ അന്നുണ്ടായിരുന്ന സിപിഐഎം ഭരണസമതിയും വലിയ അഴിമതിയാണ് നടത്തിയിട്ടുള്ളതെന്നും ആര്‍എംപിഐ ആരോപിച്ചു. 2013ല്‍ കമ്പനി നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ശേഷിയില്ലാത്തതിനെ തുടര്‍ന്നു നിര്‍മാണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇപ്പോള്‍ ഇതേ കമ്പനിക്കു തന്നെ കരാര്‍ പുതുക്കി നല്‍കാനാണ് ശ്രമമെന്നും ആര്‍എംപിഐ ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം നാലു കോടി രൂപയുടെ കച്ചവടമാണ് തുറക്കുളം മാര്‍ക്കറ്റില്‍ നടക്കുന്നത്. കേരളത്തിലെ തന്നെ മൂന്നാമത്തെ വലിയ മാര്‍ക്കറ്റ് കൂടിയാണിത്. ബിഒടി കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയാല്‍ പ്രതിവര്‍ഷം 7.30 ലക്ഷം രൂപയാണ് ലഭിക്കുക. എന്നാല്‍ ഇപ്പോള്‍ തന്നെ പ്രതിമാസം 7.30 ലക്ഷം രൂപ നഗരസഭയ്ക്കു ലഭിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ എന്തിനാണ് ബിഒടി കമ്പനിക്കു കരാര്‍ നല്‍കുന്നതെന്ന് ഭരണസമിതിയും മൊയ്തീനും പരിശോധിക്കണമെന്നും ആര്‍എംപിഐ ആവശ്യപ്പെട്ടു.

Top