പ്രാരംഭ പ്രളയ ദുരിതാസ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ പോലും ഇതുവരെയും കൊടുത്ത് തീര്‍ക്കാത്ത സര്‍ക്കാര്‍ ദുരിതാശ്വാസ നിധി അനര്‍ഹര്‍ക്കായി ചെലവാക്കുന്നെന്ന് പരാതി. പണം വകമാറ്റി ചില ലോബികള്‍ക്കായി ഉപയോഗിക്കെന്നെന്ന് തെളിവ് നിരത്തി പറയുകയാണ് വിഎസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെഎം ഷാജഹാന്‍. ഫേസ്ബുക്കിലാണ് ഷാജഹാന്‍ സര്‍ക്കാര്‍ നടത്തുന്ന അഴിമതിയുടെ കഥ വിവരിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
2018ൽ കേരളത്തിൽ ഉണ്ടായ മഹാപ്രളയം മലയാളിക്ക് വരുത്തി വച്ചത് ചിന്തിക്കാനാവാത്ത അത്ര വലിയ നഷ്ടമായിരുന്നു. ഒട്ടേറെ പേർക്ക് പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടു. പതിനായിരങ്ങൾക്ക് വീടും വീട്ടുപകരണങ്ങളും, നിർണ്ണായക രേഖകളും നഷ്ടപ്പെട്ടു. കൃഷിയിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ ആകെയുള്ള വരുമാന മാർഗ്ഗം നഷ്ടപ്പെട്ടവരും പതിനായിരക്കണക്കിനാണ്.
പ്രളയബാധിതരെ രക്ഷിക്കും, പുനരധിവസിപ്പിക്കും എന്നൊക്കെ പിണറായി സർക്കാർ വലിയ വായിൽ വിളിച്ചു പറഞ്ഞെങ്കിലും, പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങമെത്തിയില്ല എന്നത് ഒരു വസ്തുതയാണ്. പ്രതിപക്ഷ നേതാവ് 11 പ്രളയബാധിത താലൂക്കുകൾ നേരിട്ട് സന്ദർശിച്ചപ്പോൾ, പ്രളയബാധിതർ അദ്ദേഹത്തിന് നേരിട്ട് നൽകിയത് 11,000 ലധികം പരാതികളാണ്.അതിൽ 4,000ത്തിലധികം പരാതികൾ, തങ്ങൾക്ക് സർക്കാർ നൽകാം എന്നേറ്റ തുച്ഛമായ സാമ്പത്തിക സഹായമായ 10,000 രൂപ പോലും ലഭിച്ചില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു.. പ്രളയ ദുരന്തത്തിൽ നഷ്ടം സംഭവിച്ച ആയിരക്കണക്കിന് വ്യാപാരികൾക്കും കൃഷി നശിച്ചവരിൽ ബഹുഭൂരിപക്ഷം പേർക്കും, ദുരന്തമുണ്ടായി ഒരു വർഷം തികയാറായിട്ടും, സർക്കാരിൽ നിന്ന് നഷ്ടപരിഹാരമായി ഒരു നയാ പൈസ പോലും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിച്ച 2,257 കോടി രൂപ ഇനിയും ചെലവഴിക്കപ്പെടാതെ കിടക്കുകയാണ്.
അത്തരത്തിൽ,
മഹാ ദുരന്തത്തിൽ പെട്ട പതിനായിരങ്ങൾക്ക് ലഭിക്കേണ്ട തുച്ഛമായ 10,000 രൂപയുടെ സാമ്പത്തിക സഹായം നൽകുന്നതിൽ പോലും അതി ദയനീയമായി പരാജയപ്പെട്ട സർക്കാർ,
മുഖ്യമന്ത്രിക്ക് വളരെ വേണ്ടപ്പെട്ട,
ലോഅക്കാദമി നാരായണൻ നായർ – ലക്ഷ്മി നായർ കുടുംബം സർക്കാരിൽ നിന്ന് അനധികൃതമായി കൈക്കലാക്കി, തിരുവനന്തപുരം നഗരമധ്യത്തിൽ നിർമ്മിച്ച, പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഒരു ഫ്ലാറ്റ് സമുച്ചയത്തിൽ സർക്കാർ ഓഫീസ് സൗകര്യം ഒരുക്കുന്നതിനായി,
പതിനായിരക്കണക്കിന് പ്രളയബാധിതരുടെ ദുരിതാശ്വാസത്തിനായി പിരിച്ചെടുത്ത കോടികൾ വക മാറ്റി നൽകുന്നു!
വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ രൂപീകരിക്കപ്പെട്ട ഒരു ചാരിറ്റബിൽ സൊസൈറ്റിയായ ലോ അക്കാദമി, തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപം, അക്കാദമിക്ക് സർക്കാർ വിദ്യാഭ്യസ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി നൽകിയ സ്ഥലത്ത് നിയമ വിരുദ്ധമായി, ഒരു റിയൽ എസ്റ്റേറ്റ് നിർമ്മാണ കമ്പനിയുമായി ചേർന്ന് കെട്ടി ഉയർത്തിയതാണ്, ‘കൽസാർ ഹീതർ ടവ്വർ’ എന്ന ബഹുനില ഫ്ലാറ്റ് സമുച്ചയം.
ഈ നിർമ്മാണം അനധികൃതമാണെന്ന് കാട്ടി, ഇതിന്റെ പിറകിലുള്ള അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്, ഞാൻ ഒന്നര വർഷം മുമ്പ് വിജിലൻസിന് പരാതി നൽകിയിരുന്നു.7- 8 മാസം മുമ്പ് വിജിലൻസ് എന്റെ വിശദമായ മൊഴിയും എടുത്തിരുന്നു. എന്റെ പരാതി വിജിലൻസ് ഇത് വരെ തള്ളിയിട്ടില്ല. അതായത് ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം ഇപ്പോഴും തുടരുകയാണ് എന്ന് വ്യക്തം.
ഈ വിവാദ ഫ്ലാറ്റ് സമുച്ചയത്തിൽ ആരും ഫ്ലാറ്റുകൾ വാങ്ങാത്തതിനെ തുടർന്ന്, നിർമ്മാതാക്കൾക്ക് സമുച്ചയം വൻ നഷ്ടമായി തുടരുകയായിരുന്നു. ആ ഫ്ലാറ്റിലെ ഒരു നില മുഴുവൻ, പ്രളയ ദുരിതപുനരധിവാസത്തിനായി രൂപീകരിക്കപ്പെട്ട ‘ റീബിൽഡ് കേരള ഇനിഷ്യേറ്റീവ്’ ന്റെ ഓഫീസിനായി 5 വർഷത്തെ പാട്ടത്തിന് ലക്ഷങ്ങൾ വാടകയും നൽകി എടുക്കാൻ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്ന മെയ് 8 ന് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു! മാത്രമല്ല, ഇവിടം മോടിപിടിപ്പിക്കാൻ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 88.50 ലക്ഷം രൂപ ചിലവഴിക്കാനും ഉത്തരവായിരിക്കുന്നു!
ഈ ഓഫീസ് ആരംഭിക്കുന്നതിന് കാരണമായി പറഞ്ഞിരിക്കുന്നത്, ഇതിനായി സെക്രട്ടറിയേറ്റിൽ വേറെ സ്ഥലമില്ല എന്നതാണ്. ഇക്കാര്യം പൊതുഭരണ വകുപ്പും, പൊതുമരാമത്ത് വകുപ്പും ചൂണ്ടിക്കാട്ടിയതായി സർക്കാർ ഉത്തരവിൽ പറയുന്നു. എന്നാൽ ഈ വാദം പച്ചക്കള്ളമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
സെക്രട്ടറിയേറ്റിൽ,
മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഒന്നാം നില,
അനക്സ് രണ്ട്,
ചീഫ് സെക്രട്ടറിയുടെ ഓഫീസിന് സമീപം നോർക്ക പ്രവർത്തിച്ചിരുന്ന സ്ഥാനം
എന്നിവിടങ്ങളിൽ വേണ്ടത്ര സ്ഥലം ഉണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
മാത്രമല്ല, മുന്നാക്ക വികസന കോർപ്പറേഷൻ ഈ വിവാദ കെട്ടിടത്തിൽ ഓഫീസ് സൗകര്യം ഒരുക്കണം എന്ന് കാട്ടി സർക്കാരിന് കത്തെഴുതിയപ്പോൾ,
നിലവിലെ കെട്ടിടത്തിന്റെ വാടക,
പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോഴുള്ള അധികച്ചെലവ്
എന്നിവ കാട്ടി ധനവകുപ്പ് ഫയൽ മടക്കി എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതായത്,
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ഓഫീസ് തുടങ്ങുന്നതിനായി സെക്രട്ടറിയേറ്റിൽ ആവശ്യത്തിന് സ്ഥലമുള്ളപ്പോഴാണ്,
മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട,
ലോ അക്കാദമി നാരായണൻ നായർ – ലക്ഷ്മി നായർ കുടുംബം സർക്കാർ ഭൂമി അനധികൃതമായി കയ്യേറി നിർമ്മിച്ച, ഇപ്പോഴും വിജിലൻസ് അന്വേഷണം നിലനിൽക്കുന്ന,
ആരും വാങ്ങാൻ തയ്യാറാകാത്ത ഫ്ലാറ്റുകളുള്ള ഒരു വിവാദ ഫ്ലാറ്റ് സമുച്ചയത്തിൽ,
പ്രളയ ദുരിതബാധിതർക്കായി ചിലവഴിക്കേണ്ട ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥലം വാടകക്കെടുക്കുന്നത്!
88.5 ലക്ഷം രൂപ മുടക്കി മോടിപിടിപ്പിക്കുന്നത്!
ആയിരക്കണക്കിന് പ്രളയ ദുരിതബാധിതർക്ക് വേണ്ടി സമാഹരിച്ച കോടികൾ,
ദുരിത ബാധിതർ ഇപ്പോഴും കടുത്ത ദുരിതത്തിൽ തുടരുമ്പോൾ,
മുഖ്യമന്ത്രി,
അവരുടെ ദുരിതാശ്വാസത്തിനായി സമാഹരിച്ച പൊതുപണമെടുത്ത്,
തനിക്ക് വേണ്ടപ്പെട്ട ഒരു കുടുംബത്തിന് കൈമാറുകയാണ്!
ഇത് വൻ കൊള്ളയല്ലേ?
ഇത് പ്രളയ ദുരിതബാധിതരോട് ചെയ്യുന്ന കടുത്ത അനീതിയല്ലെങ്കിൽ പിന്നെന്താണ്?
ഈ കൈമാറ്റത്തിൽ വേറെയും പ്രശ്നങ്ങളുണ്ട്.
ലക്ഷ്മി നായരുടെ മാതൃസഹോദരൻ എൻ കെ ജയകുമാർ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാണ്. അദ്ദേഹം ലോ അക്കാദമിയുടെ ഭരണ സമിതി അംഗമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെയെങ്കിൽ,
അദ്ദേഹത്തിന്റെ കൂടി കീഴിലുള്ള ലോക അക്കാദമിയുടെ നിയന്ത്രണത്തിലുള്ള ഫ്ലാറ്റ് സമുച്ചയത്തിന് വിവേചനപരമായി ലക്ഷങ്ങൾ നൽകുന്നത് അഴിമതിയും സ്വജനപക്ഷപാതവുമാണ് എന്നത് ഉറപ്പാണ്.
ഈ വിവാദ കൈമാറ്റം നടന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങിയത് 2019 മെയ് 8 നാണ്, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ. അതായത് ഈ വിവാദ തീരുമാനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് വ്യക്തം.
ലോക അക്കാദമി സമരം കേരളത്തിൽ പ്രകമ്പനം കൊണ്ട അവസരത്തിലും, അക്കാദമിയുടെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയർന്നു വന്നപ്പോഴും,
ലോ അക്കാദമി നാരായണൻ നായർ – ലക്ഷ്മി നായർ കുടുംബത്തിന് പിന്നിൽ പാറപോലെ ഉറച്ചു നിൽക്കുകയായിരുന്നു പിണറായി വിജയൻ.
സർക്കാരിന് നിയമോപദേശം നൽകാൻ അഡ്വക്കേറ്റ് ജനറലും, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും നൂറ് കണക്കിന് സർക്കാർ പ്ലീഡർമാരും ഉള്ളപ്പോൾ,
മാസം ലക്ഷങ്ങൾ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകി നിയമത്തിൽ നാമമാത്ര ജ്ഞാനം പോലും ഇല്ലാത്ത, ലക്ഷ്മി നായരുടെ മാതൃസഹോദരനായ എൻ കെ ജയകുമാറിനെ സ്വന്തം നിയമോപദേഷ്ടാവായി കൊണ്ട് നടക്കുകയാണ് പിണറായി വിജയൻ!
നാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി എന്നല്ലാതെന്ത് പറയാൻ!
ലോക അക്കാദമി നാരായണൻ നായർ – ലക്ഷ്മി നായർ കുടുംബത്തോട് മുഖ്യമന്ത്രിക്കുള്ള അമിത വിധേയത്വത്തിന് എന്താണ് കാരണം എന്നന്വേഷിച്ച് പരക്കം പായുകയാണ് ജനം !
ലോക അക്കാദമി സമരം വിജയിച്ചപ്പോൾ സമരം വിജയിപ്പിച്ച വിദ്യാർത്ഥികൾക്ക് ഒപ്പം മാധ്യമങ്ങൾക്ക് മുന്നിൽ വെളുക്കെ ചിരിച്ച്
നിന്ന് ഫോട്ടോക്ക് പോസ് ചെയ്ത, അവരെ മാലയിട്ട് സ്വീകരിച്ച വേറൊരു നേതാവുണ്ട്,
കാനം രാജേന്ദ്രൻ!
അദ്ദേഹം ഇവിടെ എവിടെയെങ്കിലും ഉണ്ടോ?
ഇന്ന് പിണറായി വിജയന്റെ വിശ്വസ്ത വിനീതവിധേയനാണ്,
ഒരു കാലത്ത് ദിവസേന പിണറായിക്കെതിരെ വാളോങ്ങിയിരുന്ന, ഈ നേതാവ്.
സി പി ഐ യെ പിളർത്താൻ പിണറായി വിജയൻ രംഗത്തിറങ്ങിയതോടെയാണ്,
സമസ്താപരാധങ്ങളും എണ്ണിയെണ്ണി പറഞ്ഞ് കാനം രാജേന്ദ്രൻ ഓടിയൊളിച്ചത് എന്ന് കേൾക്കുന്നു, ശരിയാണോ?