ഒടുവില്‍ ലക്ഷ്മി നായരുടെ പടിയിറക്കം

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും ലക്ഷ്മി നായര്‍ ഒഴിയുന്നു. മാനേജ്‌മെന്റ് പറയുന്ന ഏത് തീരുമാനവും അംഗീകരിക്കാമെന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കി. ഇന്ന് വൈകീട്ട് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറി നില്‍ക്കണമെന്ന് ലക്ഷ്മി നായര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മാനേജ്‌മെന്റിന്റെ തീരുമാനം ലക്ഷ്മി നായര്‍ അംഗീകരിച്ചത്.

പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെക്കില്ലെന്ന ഉറച്ച തീരുമാനമാണ് ലക്ഷ്മി നായരോട് മാറി നില്‍ക്കാന്‍ ഡയറക്ടര്‍ബോര്‍ഡ് ആവശ്യപ്പെടാന്‍ ഇടയാക്കിയത്. വൈകീട്ട് വിദ്യാര്‍ത്ഥികളുമായി ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനമുണ്ടാകുക. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പന്‍ സ്ഥാനം ഒഴിഞ്ഞാല്‍ ലോ അക്കാദമിക്ക് മുന്നില്‍ പത്തൊമ്പത് ദിവമായി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിച്ചേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെക്കില്ലെന്ന നിലപാടായിരുന്നു ഇന്ന് ഉച്ചവരെ ലക്ഷ്മി നായര്‍ കൈക്കൊണ്ടത്. എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം തന്റെ നിലപാട് അവര്‍ മയപ്പെടുത്തുകയായിരുന്നു. ലോ അക്കാദമി ഡയറക്ടറും ലക്ഷ്മി നായരുടെ പിതാവുമായ നാരായണന്‍ നായരുമായി എകെജി സെന്ററില്‍ സിപിഐഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ രാജിവെക്കണമെന്നായിരുന്നു നിര്‍ദ്ദേശം എന്നാല്‍ ലക്ഷ്മി നായര്‍ ഈ നിര്‍ദ്ദേശം പാടെ തള്ളിക്കളയുകയായിരുന്നു.ഇതിനിടെ വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന പരാതിയില്‍ ലക്ഷ്മി നായര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പേരൂര്‍ക്കട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കോളെജില്‍ സമരം ചെയ്യുന്ന ദളിത് വിദ്യാര്‍ത്ഥികളാണ് പ്രിന്‍സിപ്പല്‍ തങ്ങളെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു എന്ന് ആരോപിച്ച് രംഗത്തെത്തിയത്. തങ്ങളെ കോളേജില്‍ ജാതിപ്പേര് വിളിച്ചാണ് അഭിസംബോധന ചെയ്യുന്നതെന്ന് കാണിച്ച് മൂന്ന് വിദ്യാര്‍ത്ഥികളാണ് പൊലീസിനെ സമീപിച്ചത്. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ ആദ്യം നിലപാടെടുത്തിരുന്നില്ല. തുടര്‍ന്ന് വീണ്ടും പരാതി നല്‍കിയതോടെയാണ് പൊലീസ് തിങ്കളാഴ്ച കേസെടുത്തത്.

നേരത്തെ വിദ്യാര്‍ഥിസമരത്തിന് ഉടന്‍ പരിഹാരം കാണണമെന്നു വി.എസ്. അച്യുതാനന്ദനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലോ അക്കാദമി അധികമായി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. ഭൂമിയുടെ വിനിയോഗം പരിശോധിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ്, റവന്യു മന്ത്രിക്ക് കത്ത് നല്‍കി. ഭൂമി ഏറ്റെടുക്കാന്‍ പരാതി ലഭിച്ചിട്ടില്ലെന്ന റവന്യു മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വി.എസ് കത്തെഴുതിയത്.vs-11968ല്‍ പതിനൊന്ന് ഏക്കര്‍ ഭൂമിയാണ് ലോ അക്കാദമിക്ക് വേണ്ടി സര്‍ക്കാര്‍ നല്‍കിയത്. ഇതില്‍ അക്കാദമിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ മൂന്ന് ഏക്കര്‍ ഒഴിവാക്കി ബാക്കി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് വി.എസിന്റെ ആവശ്യം. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നല്‍കിയ ഭൂമി വിദ്യാഭ്യാസേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് വി.എസിന്റെ ആവശ്യം. സ്വകാര്യ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുമായി ചേര്‍ന്ന് ഫ്‌ളാറ്റുണ്ടാക്കി വില്‍ക്കുന്നത് ശരിയാണോയെന്നും വി.എസ് ചോദിച്ചു.

ലോ അക്കാദമിയിലേത് വിദ്യാര്‍ത്ഥി പ്രശ്‌നം മാത്രമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ നിലപാടും വി.എസ് തള്ളി. വിഷയം പൊതുപ്രശ്‌നമാണ്. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ മാനേജ്‌മെന്റിന് കീഴടങ്ങരുതെന്നും വി.എസ് പ്രസ്താവിച്ചിരുന്നു. നേരത്തെ സമര പന്തല്‍ സന്ദര്‍ശിച്ച് വി.എസ്, വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അധിക ഭൂമി ഏറ്റെടുക്കുകയും ലക്ഷ്മി നായര്‍ക്കെതിരായ ക്രിമിനല്‍ സ്വാഭവമുള്ള ആരോപണങ്ങളില്‍ കേസെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്കു നീതി കിട്ടിയില്ലെന്ന് ആരോപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നിട്ടുണ്ട്.

അതേസമയം, വിദ്യാര്‍ഥി സമരത്തെ പിന്തുണച്ചു നിരാഹാര സമരം നടത്തുന്ന ബിജെപി നേതാവ് വി. മുരളീധരന്റെ ആരോഗ്യനില മോശമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. സമരം ചെയ്യുന്ന എെഎവൈഎഫിനു സിപിഐ ജില്ലാ കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് കെ. മുരളീധരന്‍ എംഎല്‍എയും പ്രഖ്യാപിച്ചിട്ടുണ്ട്.

Top