
തുടക്കം മുതല്‍ മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നതായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തനിക്ക് ഇനി രാജ്യസഭയില്‍ മൂന്ന് വര്‍ഷം കൂടി ബാക്കിയുണ്ട്. തനിക്ക് മത്സരിക്കാന്‍ ഒരു താത്പര്യവുമില്ല. തന്നെ മത്സരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പാര്‍ട്ടി നേതൃത്വത്തോടും ആവശ്യപ്പെട്ടിരുന്നതായി ബിജെപി നേതൃത്വം തന്നെ കൊല്ലത്ത് പരിഗണിക്കുന്നതായുളള വാര്‍ത്തകളോട് അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു. എന്നാല്‍ കേരളത്തില്‍ നിന്നുളള ഏക കേന്ദ്രമന്ത്രി എന്ന നിലയില്‍ മത്സരിക്കണമെന്ന് കേന്ദ്രം തന്നോട് ആവശ്യപ്പെട്ടതായി കണ്ണന്താനം പറഞ്ഞു.
അങ്ങനെയെങ്കില്‍ താന്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട മണ്ഡലത്തില്‍ പരിഗണിക്കണമെന്നായിരുന്നു താത്പര്യം. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സഭകളുമായും എന്‍എസ്എസുമായും തനിക്ക് നല്ല ബന്ധമാണുളളത്.അപ്പോഴും തന്നെക്കാള്‍ കൂടുതല്‍ ജയസാധ്യതയുളളവര്‍ ഉണ്ടെങ്കില്‍ അവരെ പരിഗണിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി കണ്ണന്താനം പറഞ്ഞു. പത്തനംതിട്ടയില്ലെങ്കില്‍ കോട്ടയവും തൃശൂരുമായിരുന്നു താത്പര്യം. കൊല്ലത്ത് ഒരു മനുഷ്യനെ പോലും അറിഞ്ഞുകൂടാ. അതിലും ഭേദം തനിക്ക് മലപ്പുറം കിട്ടുന്നതാണെന്നും കണ്ണന്താനം പ്രതികരിച്ചു.