പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നടി അമലാപോള്‍ വ്യാജ രേഖ ചമച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കിയ പുതുച്ചേരിയിലെ വാടകചീട്ട് വ്യാജമായി നിര്‍മ്മിച്ചതാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് സംബന്ധിച്ച് അമലാ പോള്‍ നേരിട്ടെത്തി വിശദീകരണം നല്‍കണണെന്ന നിര്‍ദ്ദേശവും മോട്ടോര്‍ വാഹന വകുപ്പ് നല്‍കി. രജിസ്‌ട്രേഷന് ഒരാഴ്ച മുന്‍പ് നടി വ്യാജ വാടക ചീട്ട് നിര്‍മ്മിച്ചതായാണ് മോട്ടോര്‍ വാഹന വകുപ്പിന് വ്യക്തമായിരിക്കുന്നത്. രജിസ്‌ട്രേഷന്‍ സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അമലാ പോളിന് നോട്ടീന് നല്‍കിയിരുന്നു. വിശദമായ ഒരു ചോദ്യാവലിയും നോട്ടീസിനൊപ്പം നല്‍കി. അഭിഭാഷകന്‍ മുഖേന ഇതിന് നല്‍കിയ മറുപടിയില്‍ വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. വിശദമായ പരിശോധനയിലാണ് വ്യാജ രേഖ ചമച്ചുവെന്ന കാര്യം മോട്ടോര്‍ വാഹന വകുപ്പിന് വ്യക്തമായത്. പോണ്ടിച്ചേരിയിലെ ആനുകൂല്യങ്ങള്‍ പറ്റിയാണ് ഒന്നര കോടിയുടെ വാഹനം അമല രജിസ്റ്റര്‍ ചെയ്യത്. പോണ്ടിച്ചേരിയില്‍ ഒന്നേ കാല്‍ ലക്ഷം രൂപ അടച്ച സ്ഥാനത്ത് കേരളത്തിലായിരുന്നെങ്കില്‍ 20 ലക്ഷം രൂപ അമല നല്‍കേണ്ടി വരുമായിരുന്നു. നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തിയ കാര്‍ നിലവില്‍ കൊച്ചിയിലാണ് ഓടുന്നത്.
നികുതി വെട്ടിപ്പ്; അമലാ പോള്‍ വ്യാജ രേഖ ചമച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പ്; നേരിട്ടെത്തി വിശദീകരണം നല്‍കണം
Tags: amala paul case