ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതുമായി ഉണ്ടായ വിവാദത്തില്‍ ന്യായീകരണവുമായി നടി അമലാപോളിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഞാന്‍ ഒരു ഇന്ത്യന്‍ പൗരിയാണ്. എനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാം, അമലാ പോള്‍ പറഞ്ഞു. അധികൃതര്‍ പോലും നിയമവിരുദ്ധമായി ഒന്നും കണ്ടിട്ടില്ലാത്ത കാര്യമാണ് തനിക്കെതിരെ പ്രചരിക്കുന്നത്. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും ജോലി എടുക്കാനും സ്വത്ത് സമ്പാദിക്കാനുമുളള അവകാശമുണ്ട്. കേരളത്തിലെ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളതെന്നും അമല വിശദീകരിക്കുന്നു. അന്യ ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വിമര്‍ശകരുടെ അനുവാദം വേണമോയെന്നും അമല പോസ്റ്റിലൂടെ പരിഹസിക്കുന്നു. അതേസമയം താരത്തിന്റെ പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. വാഹന രജിസ്ട്രേഷന് സംബന്ധിച്ച അടിസ്ഥാന വിവരം പോലും അമലാ പോളിന് അറിയില്ലെന്നതുള്‍പ്പെടെയുള്ള കമന്റുകളാണ് വന്നിരിക്കുന്നത്. അമലാപോള്‍ ഒരു കോടി രൂപ വില വരുന്ന എസ് ക്ലാസ് ബെന്‍സ് വ്യാജ മേല്‍വിലാസത്തില്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന വാര്‍ത്തയെ തുടര്‍ന്നാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. പുതുച്ചേരിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് അമലാപോളിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തത്. 20 ലക്ഷം രൂപയുടെ നികുതിയാണ് ഈ ക്രമക്കേടിലൂടെ സംസ്ഥാന സര്‍ക്കാരിന് നഷ്ടമായത്. കഴിഞ്ഞ ബുധനാഴ്ചയും നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ പരിഹസിച്ച് അമല പോള്‍ പോസറ്റ് ഇട്ടരുന്നു. ഒരു ബോട്ടില്‍ പട്ടിക്കുഞ്ഞുമായി യാത്ര ചെയ്യുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അമലയുടെ പരിഹാസം. “ചിലപ്പോഴൊക്കെ നഗരജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും അനാവശ്യമായ ഊഹാപോഹങ്ങളിലും നിന്നും ഓടി രക്ഷപ്പെടണമെന്ന് എനിക്ക് തോന്നാറുണ്ട്. അതിനായി ഞാന്‍ ഒരു ബോട്ട് യാത്രയാണ് തിരഞ്ഞെടുത്തത്. കാരണം നിയമം ലംഘിച്ചുവെന്ന ആരോപണങ്ങളെങ്കിലും ഉണ്ടാവില്ലല്ലോ. അതോ ഇനി എന്റെ അഭ്യുദയകാംക്ഷികളോട് ഒന്നുകൂടി ഉറപ്പാക്കേണ്ടതുണ്ടോ”, ഇതായിരുന്ന താരത്തിന്റെ കുറിപ്പ്. എന്നാല്‍ ഈ പോസ്റ്റിനും ആരാധകര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തി.
ഞാന്‍ ഒരു ഇന്ത്യന്‍ പൗരിയാണ്, എനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാം; നികുതി വെട്ടിപ്പ് വിവാദത്തില്‍ അമല
Tags: amala paul facebook post