അമ്പലപ്പുഴ: സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് നല്‍കി എംഎല്‍എ ഫണ്ട് കൃത്യമായി ഉപയോഗിക്കാത്തതില്‍ ക്ഷുഭിതനായി മന്ത്രി ജി സുധാകരന്‍. രണ്ട് മുറികള്‍ പണിയാന്‍ 55 ലക്ഷം രൂപ വിനിയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് തറക്കല്ലിടല്‍ ചടങ്ങ് നടത്താതെ മന്ത്രി തിരിച്ചുപോയി.
സംഭവത്തില്‍ ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറോട് നിര്‍ദേശിച്ചു. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ളസ്മാരക സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. തന്റെ മണ്ഡലമായ അമ്പലപ്പുഴയിലെ കെ.കെ. കുഞ്ചുപിള്ള സ്മാരക സര്‍ക്കാര്‍ സ്‌കൂളില്‍ ക്ലാസ് മുറികള്‍ നിര്‍മ്മിക്കാനായി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന സുധാകരന്‍ 55 ലക്ഷം രൂപ അനുവദിച്ചിരുന്നു. മൂന്നു മാസം മുമ്പ് കെട്ടിടനിര്‍മ്മാണം തുടങ്ങിയെങ്കിലും ശിലാസ്ഥാപനച്ചടങ്ങ് നടത്തിയിരുന്നില്ല. അതിനായി ഇന്നലെ സ്‌കൂളിലെത്തിയപ്പോഴാണ് 55 ലക്ഷം രൂപ ചെലവിട്ട് രണ്ടു ക്ലാസ് മുറികള്‍ മാത്രമാണു നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം അറിഞ്ഞത്. ഉടന്‍ വിശദീകരണം തേടിയ മന്ത്രിക്ക് ഉദ്യോഗസ്ഥരുടെയും സ്‌കൂള്‍ അധികൃതരുടെയും മറുപടി തൃപ്തികരമായില്ല.
തുടര്‍ന്ന് തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിക്കാതെ അദ്ദേഹം മടങ്ങുകയായിരുന്നു. സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് പൊതുവേ കൂടുതല്‍ തുക ചെലവഴിക്കുന്നുണ്ടെന്നു താന്‍ വിമര്‍ശിക്കുമ്പോള്‍ത്തന്നെയാണ് ഈ സ്‌കൂളില്‍ ഇത്രയേറെ തുക ചെലവഴിക്കുന്നത്. നിര്‍മ്മാണം ആരംഭിച്ച സ്ഥിതിക്ക് അതു തടസപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജി. സുധാകരന്റെ നിര്‍ദേശപ്രകാരം സര്‍ക്കാരിന്റെ ആസ്തിവികസന ഫണ്ടില്‍നിന്നാണ് സ്‌കൂളില്‍ കെട്ടിടം പണിയാന്‍ അമ്പത്തഞ്ച് ലക്ഷംരൂപ അനുവദിച്ചത്.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ട് ക്ലാസുമുറികളുടെ രൂപരേഖയാണ് തയ്യാറാക്കിയത്. കരാര്‍നല്‍കി നിര്‍മ്മാണം ആരംഭിച്ചു. കെട്ടിട നിര്‍മ്മാണ റിപ്പോര്‍ട്ട് വായിച്ച മന്ത്രി അന്വേഷിച്ച് കാര്യങ്ങള്‍ വ്യക്തമായശേഷംമാത്രം നിര്‍മ്മാണോദ്ഘാടനം മതിയെന്ന് പറഞ്ഞു. ആരംഭിച്ച നിര്‍മ്മാണം നിര്‍ത്തിവെക്കേണ്ടെന്നും അദ്ദേഹം അറിയിച്ചു. സ്ഥലം എംഎല്‍എ. ആയിട്ടുപോലും രൂപരേഖ തന്നെ കാണിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ അഴിമതിയുണ്ടെന്ന സൂചനയാണ് മന്ത്രി നല്‍കുന്നത്. എംഎല്‍എ ഫണ്ട് ചെലവഴിക്കുന്നതില്‍ കൂടുതല്‍ സുതാര്യത വേണമെന്നാണ് മന്ത്രിയുടെ നിലപാട്.