കോട്ടയം: ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥന വിഫലമായി. ആയിരക്കണക്കിന് പേരെ കണ്ണീരണിയിച്ച് അമ്പിളി ഫാത്തിമ യാത്രയായി. ഹ്യദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും മഞ്ജുവാര്യരുടെ സഹായവുമൊക്കെ വെറുതെയായി. കഴിഞ്ഞ ദിവസമാണ് അണുബാധയെ തുടര്‍ന്ന് അമ്പിളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ടു മൂന്നു ദിവസം അമ്പിളിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ചികിത്സയിലിരിക്കെയാണ് അമ്പിളി മരിച്ചത്. രക്തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയാണ് മരണ കാരണം. പത്ത് മാസം മുന്‍പ് ചെന്നൈ അപ്പോളോയിലാണ് ഹ്യദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കുന്ന അപൂര്‍വവും ദുഷ്‌കരവുമായി ശസ്ത്രക്രിയ നടത്തിയത്.
പത്ത് മാസത്തെയും തുടര്‍ചികില്‍സയയ്ക്ക് ശേഷം ഒരു മാസം മുന്‍പാണ് കോട്ടയത്തെ വീട്ടിലെത്തിയത്. മാസം ഒരു ലക്ഷത്തിലേറെ രൂപയുടെ മരുന്നുകളും മൂന്ന് ദിവസം കൂടുമ്പോള്‍ രക്തപരിശോധന തുടങ്ങി കര്‍ശനമായ പരിശോധനകളായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. ഹ്യദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു മാസം കഴിഞ്ഞ് കടുത്ത അണുബാധയുണ്ടായതിനെതുടര്‍ന്ന് അപ്പോളോയില്‍ വച്ചു തന്നെ മറ്റൊരു ദുഷ്‌കരമായ ശസ്ത്രക്രിയയും അമ്പിളിയ്ക്ക് ചെയ്യേണ്ടിവന്നിരുന്നു.
പിന്നീടൊരിക്കല്‍ കൂടി അണുബാധയുണ്ടായെങ്കിലും വീര്യം കൂടിയതും ചെലവേറിയതുമായ മരുന്നുകളിലൂടെയും അണുബാധയ്ക്ക് ശമനമുണ്ടായിരുന്നു. അതിനുശേഷമാണ് ചെന്നൈയില്‍ നിന്ന് കോട്ടയത്തെക്ക് അമ്പിളി ഫാത്തിമയും കുടുംബവും തിരിച്ചെത്തിയത്.
ഒരു നഴ്‌സിനെ കൂടെ കൂട്ടുകയും ചെയ്തു. വീട്ടില്‍ സന്ദര്‍ശകരെയും അനുവദിച്ചിരുന്നില്ല. കര്‍ശനമായ നിരീക്ഷണത്തിലായിരുന്നുവെങ്കിലും കഴിഞ്ഞദിവസം കടുത്ത പനിയും ശ്വാസതടസവും ബാധിച്ചതിനെതുടര്‍ന്നാണ് കാരിത്താസിലെത്തിയത്. അണുബാധയില്‍ ഇന്നലെ എല്ലാ ആന്തരികാവയവങ്ങളുടെയും തലച്ചോറിന്റെയും പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു.