കോടതിയിലും അമീറുള്‍ ഒന്നും പറയാതെ നിന്നു; അമീറുളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി

ameer

കൊച്ചി: ജിഷയുടെ ഘാതകനെ പോലീസ് പിടികൂടിയിട്ടും ഇതുവരെ അമീറുള്‍ ഇസ്ലാമെന്ന ആളുടെ ശരിയായ രൂപം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അമീറുളിന്റെ മുഖം മാധ്യമങ്ങള്‍ കണ്ടത്. മുഖം മൂടി ധരിച്ചായിരുന്നു അമീറുളിനെ ചോദ്യം ചെയ്യാന്‍ പലയിടത്തും എത്തിച്ചത്. ഇത്തവണ മുഖം മൂടിയില്ലാതെയാണ് കോടതിയിലെത്തിച്ചത്.

അമീറുള്‍ ഇസ്ലാമിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂലൈ 13 വരെ നീട്ടി. പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് പ്രതിയുടെ കസ്റ്റഡി നീട്ടിയത്. കോടതിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് മജിസ്ട്രേറ്റ് പ്രതിയോട് ആരാഞ്ഞു. എന്നാല്‍ ഒന്നും പറയാനില്ല എന്നായിരുന്നു ദ്വിഭാഷി വഴി നല്‍കിയ മറുപടി.
അമീറുള്‍ ഇസ്ലാമിനെ കാണാനും സംസാരിക്കാനും അനുവദിക്കണം എന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ജയിലില്‍ എത്തി കാണാന്‍ പ്രതിഭാഗം അഭിഭാഷകന് മജിസ്ട്രേറ്റ് അനുമതി നല്‍കി. പെരുമ്പാവൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റേതാണ് നടപടി. കേസ് പരിഗണിക്കേണ്ട കുറുപ്പംപടി മജിസ്ട്രേറ്റ് കോടതി അവധിയായതിനാലാണ് കേസ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് പരിഗണിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ameer

ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ മുഖം ഇതാദ്യമായാണ് പുറംലോകത്തെ കാണിക്കുന്നത്. പൊലീസ് കസ്റ്റഡി കാലാവധി വൈകിട്ട് നാലിന് അവസാനിച്ച സാഹചര്യത്തിലാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. പൊലീസിന്റെ വാനില്‍ ആണ് അമീറിനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയത്. തിരിച്ചറിയല്‍ പരേഡും ജിഷയുടെ വീട്ടിലെയും താമസിച്ച ലോഡ്ജിലെയും കാഞ്ചീപുരത്തെയും തെളിവെടുപ്പും പൂര്‍ത്തിയായി. ഈ സാഹചര്യത്തിലാണ് മുഖംമൂടിയില്ലാതെ അമീറുളിനെ കോടതിയിലെത്തിച്ചത്. ആലുവ പൊലീസ് ക്ലബില്‍നിന്നുതന്നെ മുഖംമൂടിയില്ലാതെയാണ് അമീറിനെ കൊണ്ടുവന്നത്.

അമീറിന്റെ ചിത്രം പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ചെയ്യരുതെന്നു സംസ്ഥാന പൊലീസ് മേധാവി മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞദിവസം അമീറിനെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കിയിരുന്നു. അയല്‍വാസി ശ്രീരേഖയും സംഭവശേഷം അമീര്‍ റെയില്‍വേ സ്റ്റേഷനിലേക്കു യാത്രചെയ്ത ഓട്ടോറിക്ഷയുടെ ഡ്രൈവറും അമീറിനെ തിരിച്ചറിഞ്ഞു. അതേസമയം, ജിഷയുടെ മാതാവും സഹോദരി ദീപയും തിരിച്ചറിഞ്ഞില്ല. ജിഷയുടെ മാതാവ് തന്നെ തല്ലിയതിലെ പ്രതികാരമായാണ് ജിഷയെ വധിച്ചതെന്നായിരുന്നു അമീറിന്റെ മൊഴി.

Top