കെവിന്‍ വധക്കേസില്‍ ഇന്ന് നിര്‍ണ്ണായക ദിവസം; സാക്ഷി പറയാന്‍ നീനു കോടതിയില്‍

കോട്ടയം: കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലപാതകമായ കെവിന്‍ വധക്കേസിലെ വിചാരണയുടെ മൂന്നാം ദിവസം ഏറെ നിര്‍ണായകമാകും. കെവിനിനെ കൊലപ്പെടുത്തിയ പിതാവിനും സഹോദരനുമെതിരെ സാക്ഷിപറയാന്‍ നീനു കോടതിയിലെത്തും. കൊലപാതകത്തിന് ശേഷം കൂസലില്ലാതെ പോലീസിനോടും കോടതിയലും പെരുമാറുന്ന പ്രതികള്‍ക്ക് മുന്നില്‍ നീനു എങ്ങനെ പ്രതികരിക്കുമെന്ന സംശയത്തിലാണ് പോലീസ്.

കേസിലെ അഞ്ചാം സാക്ഷിയായ നീനുവിനെ ഇന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സി.ജയചന്ദ്രന്‍ മുമ്പാകെയാണ് വിസ്തരിക്കുക. ഗൂഡാലോചനയില്‍ ചാക്കോയുടെ പങ്ക് തെളിയിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട സാക്ഷി നീനു തന്നെയാണ്. ഈ സാഹചര്യത്തില്‍ നീനുവിന്റെ മൊഴി ഏറെ നിര്‍ണ്ണായകമാകും.

കേസിന്റെ വാദം തുടങ്ങിയ രണ്ടാം ദിവസമായ ഇന്നലെ പ്രധാന സാക്ഷിയായ അനീഷിന്റെ ക്രോസ് വിസ്താരമാണ് നടന്നത്. ആദ്യ ദിവസം പ്രോസിക്യൂഷന്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് അനീഷ് നല്‍കിയ മറുപടികള്‍ ഇന്നലെ പ്രതിഭാഗം ചോദ്യം ചെയ്തു. ഇന്നലെയും പ്രതികളെല്ലാം ഒരേ രീതിയിലുള്ള വസ്ത്രം ധരിച്ചാണ് കോടതിയില്‍ എത്തിയത്. ക്ഷുഭിതരായ പ്രതികള്‍ മാദ്ധ്യമപ്രവര്‍ത്തകരെ അസഭ്യം പറയുകയും ചെയ്തു.

കൊല്ലപ്പെട്ട കെവിന്‍ പി. ജോസഫിന്റെ ഭാര്യ നീനു ചാക്കോയെ തിരക്കി രണ്ടാം പ്രതി നിയാസിന്റെ നേതൃത്വത്തില്‍ ഏതാനും പേര്‍ വീട്ടില്‍ വന്നതായി കെവിന്റെ ബന്ധു അനീഷ് കോടതിയെ അറിയിച്ചു. പ്രതികളുടെ ക്രോസ് വിസ്താരം പൂര്‍ത്തിയായതിനെ തുടര്‍ന്നു പ്രോസിക്യൂഷന്‍ പുനര്‍വിസ്താരം ആരംഭിച്ചു. ഇന്നു പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ കോടതി പരിശോധിക്കും.

തനിക്കു ദൂരക്കാഴ്ചയുടെ പോരായ്മയുണ്ടെന്നു കേസിലെ മുഖ്യസാക്ഷി അനീഷ് ഇന്നലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു. ഒരു വര്‍ഷം മുന്‍പു കൊലപാതകം നടക്കുന്ന സമയത്തുള്ള കാഴ്ചശക്തി വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസം പ്രതികളില്‍ ഏതാനും പേരെ അനീഷിനു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ പ്രതിഭാഗം അഭിഭാഷകരും അനീഷിന്റെ ക്രോസ് വിസ്താരം നടത്തി. നീനുവിനെ വിട്ടു കിട്ടുന്നതിനു വേണ്ടിയല്ല അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടു പോയതെന്ന വാദമാണു പ്രതിഭാഗം ഇന്നലെ കോടതിയില്‍ ഉന്നയിച്ചത്.

Top