മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ മകന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

ബെംഗലുരു: മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ടിട്ടും നല്‍കാത്ത അമ്മയെ മകന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഇരുപതുകാരനായ ഉത്തംകുമാര്‍ ആണ് അമ്മയെ അപായപ്പെടുത്തിയത്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോയി.

ബംഗലൂരുവിലെ സദാശിവനഗറില്‍ ഈ മാസം ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചികിത്സയിലിരിക്കേയാണ് അമ്മ മരണമടഞ്ഞത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മദ്യപിക്കുന്നതിനായി ഉത്തംകുമാര്‍ അമ്മയോട് പണം ചോദിച്ചു. എന്നാല്‍ അമ്മ നല്‍കിയില്ല. തുടര്‍ന്ന് അമ്മയും മകനും തമ്മില്‍ വലിയ തര്‍ക്കമുണ്ടായി. പണം നല്‍കാന്‍ അമ്മ വിസമ്മതിച്ചതോടെ മകന്‍ അവരുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീ കൊടുത്തുകയായിരുന്നു. മുഖത്തും നെഞ്ചിലും കൈകളിലും മാരകമായി പരുക്കേറ്റ അവരെ ഭര്‍ത്താവ് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ ദിവസം ബംഗലൂരുവില്‍ മറ്റൊരു യുവാവും അമ്മയെ ആക്രമിക്കുന്ന വീഡി്യോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അമ്മയെ ചൂലുകൊണ്ട് അടിക്കുന്ന ദൃശ്യമാണ് പ്രചരിച്ചത്.

Top