ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഒറ്റപ്പെട്ട ഉത്തര സെന്റിനല്‍ ദ്വീപില്‍ പ്രവേശിച്ച യുഎസ് പൗരന്‍ ദ്വീപുവാസികളായ സെന്റിനലിക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട അമേരിക്കന്‍ സ്വദേശി മതപരിവര്‍ത്തനത്തിന് എത്തിയ മിഷനറിയാണെന്ന് ഉറപ്പായി. അമേരിക്കന്‍ സ്വദേശി ജോണ്‍ അലന്‍ ചൗ ആണ് കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞു.
ജോണ്‍ അലന്‍ ചൗ മിഷണറി പ്രവര്‍ത്തകനാണെന്നും മതപരിവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇയാള്‍ ദ്വീപിലെത്തിയതെന്നുമാണ് വ്യക്തമാകുന്നത്. ഇതിനിടെ അലന്‍ എഴുതിയ കത്ത് വിദേശ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുകയാണ്. താന്‍ കൊല്ലപ്പെട്ടല്‍ കൊന്നവരേയും ദൈവത്തേയും കുറ്റപ്പെടുത്തരുതെന്നാണ് 26കാരന്റെ കുറിപ്പ്.
ദ്വീപില്‍ താമസിക്കുന്ന ഓംഗ വംശജരെ ക്രിസ്ത്യന്‍ മതത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് അലന്‍ ദ്വീപിലെത്തിയത്. എന്നാല്‍ പുറത്ത് നിന്നുള്ളവര്‍ പ്രവേശിക്കുന്നത് ഇഷ്ടമല്ലാത്ത ഓംഗകള്‍ ഇയാളെ കൊലപ്പെടുത്തിയെന്നുമാണ് ആരോപണം. ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകനായ അലന്‍ അഞ്ച് തവണ ഓംഗകളെ കാണണമെന്ന ലക്ഷ്യത്തോടെ ദ്വീപിലെത്തിയിരുന്നു. എന്നാല്‍ ദ്വീപിലുള്ളവര്‍ അതിന് കൂട്ടാക്കിയില്ല. തുടര്‍ന്ന് നവംബര്‍ 16ന് ദ്വീപിലെത്തിയ ഇയാളെ ഓംഗകള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോണ്‍ അലനെ ദ്വീപിലേക്ക് കൊണ്ടുപോയ മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഏറെ കാലത്തെ തയ്യാറെടുപ്പുകളുമായണ് അലന്‍ ദ്വീപിലേക്ക് പോയത്.
മത്സ്യത്തൊഴിലാളികളുടെ സാഹയത്തോടെ ആദ്യ ദ്വീപിലെത്തിയപ്പോള്‍ തന്നെ ആദിവാസികള്‍ പ്രകോപിതരായിരുന്നു. അന്ന് രക്ഷപ്പെട്ട് ബോട്ടില്‍ തിരിച്ചെത്താനായി. അന്ന് തന്നെ മാതാപിതാക്കള്‍ക്ക് അലന്‍ കത്ത് എഴുതിയിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആദിവാസികളോടും ദൈവത്തോടും ഭ്രാന്തമായ ഇടപെടല്‍ നടത്തരുതെന്നാണ് കത്തിലെ ആവശ്യം. യേശുവിനെ കുറിച്ച് അവരെ അറിയിക്കാനാണ് പോകുന്നത്. ഇതിനിടെയില്‍ കൊല്ലപ്പെട്ടാല്‍ ഗാത്രവര്‍ഗ്ഗക്കാരോടും ദൈവത്തോടും ആരും കോപിക്കരുത്. നവംബര്‍ 16നാണ് ഈ കത്ത് എഴുതിയിരിക്കുന്നത്. ഇതോടെ മതപരിവര്‍ത്തനം തന്നെയായിരുന്നു അലന്റെ ലക്ഷ്യമമെന്നും വ്യക്തമാകുകയാണ്.
ബാഹ്യലോകവുമായി ബന്ധമില്ലാത്ത സെന്റിനെലീസ് ഗോത്രക്കാര്‍ പുറത്തുനിന്നള്ളവരുടെ ഇടപെടല്‍ ഇഷ്ടപ്പെടാത്തവരാണ്. 2011-ലെ കണക്കുപ്രകാരം ഈ ഗോത്രത്തില്‍ ആകെ 40 പേരേയുള്ളൂ. പുറത്തുനിന്നുള്ളവരില്‍നിന്ന് ഇവര്‍ ഭീഷണിനേരിടുന്നുണ്ട്. സമീപവാസികള്‍ക്ക് പണംനല്‍കി സ്വാധീനിച്ച് പലരും ദ്വീപിലേക്ക് കടക്കാന്‍ ശ്രമിക്കാറുണ്ടെന്ന് സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു. ഈമാസം 16-നാണ് ജോണ്‍ അലനെ അവസാനമായി കണ്ടതെന്ന് മീന്‍പിടിത്തക്കാര്‍ പൊലീസിനോട് പറഞ്ഞു. റബ്ബര്‍ചങ്ങാടത്തില്‍ ദ്വീപിലേക്ക് പുറപ്പെട്ട ഇയാള്‍, ഇടയ്ക്ക് അതുപേക്ഷിച്ച് കൊച്ചുവള്ളത്തില്‍ ദ്വീപിലേക്ക് പോവുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. ദ്വീപില്‍ കടന്നപ്പോഴേ ഗോത്രക്കാരുടെ അമ്പുകൊണ്ടെങ്കിലും ഇയാള്‍ പിന്മാറാന്‍ തയ്യാറായില്ല. അമ്പേറ്റുവീണ ഇയാളെ അവര്‍ കഴുത്തില്‍ കയറിട്ട് കടല്‍ത്തീരത്തേക്ക് വലിച്ചുകൊണ്ടുപോയി. മീന്‍പിടിത്തക്കാര്‍ ഇതുകണ്ട് പേടിച്ച് തിരിച്ചുപോയി. പിറ്റേന്നു വന്നുനോക്കിയപ്പോള്‍ പകുതിമൂടിയ നിലയില്‍ മൃതദേഹം മണലില്‍ കിടക്കുകയായിരുന്നെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു.
ഇവര്‍ പോര്‍ട്ട് ബ്ലെയറിലെത്തി ജോണ്‍ അലന്റെ സുഹൃത്തുകൂടിയായ അലക്സ് എന്ന മതപ്രഭാഷകനെ വിവരമറിയിച്ചു. അലക്സ് അമേരിക്കയിലെ ഇയാളുടെ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ ഡല്‍ഹിയിലെ യു.എസ്. നയതന്ത്രകാര്യാലയം വഴി ഇന്ത്യയുടെ സഹായംതേടി. മൃതശരീരം കണ്ടെത്താന്‍ ആന്‍ഡമാന്‍ അധികൃതര്‍ ഹെലിപോപ്റ്ററില്‍ തിരച്ചിലാരംഭിച്ചു. സെന്റിനെലീസ് ഗോത്രക്കാര്‍ ആക്രമിക്കുമെന്നതിനാല്‍ ഹെലികോപ്റ്റര്‍ നിലത്തിറക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. പലതവണ ആന്‍ഡമാന്‍ സന്ദര്‍ശിച്ചിട്ടുള്ളയാളാണ് ജോണ്‍ അലന്‍. ഈ മാസം 14-നും ഇയാള്‍ ദ്വീപിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. മതപ്രഭാഷകനായ ഇയാള്‍ സെന്റിനെലീസുകാരെ മതപരിവര്‍ത്തനം നടത്താനുള്ള താത്പര്യം അലക്സിനോട് പങ്കുവെച്ചതായും വിവരമുണ്ട്. നോര്‍ത്ത് സെന്റിനല്‍ ഉള്‍പ്പൈട ആന്‍ഡമാനിലെ 29 ദ്വീപുകളിലേക്ക് പുറമേനിന്നുള്ളവര്‍ക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. ഇക്കൊല്ലമാദ്യം കേന്ദ്രസര്‍ക്കാര്‍ വിലക്കുനീക്കി. 2022 ഡിസംബര്‍ 31 വരെയാണ് വിലക്ക് നീക്കിയിരിക്കുന്നത്. അതിനാല്‍, വിദേശികള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഈ ദ്വീപുകളില്‍ പ്രവേശിക്കാം.
ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ അധീനതയില്‍ വരുന്ന ഒരു ദ്വീപാണ് നോര്‍ത്ത് സെന്റിനല്‍ . ഏകദേശം 72 കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപ് ആന്‍ഡമാന്‍ നിക്കോബാറിന്റെ ഭാഗമാണ്.ചുറ്റും വെള്ള നിറത്തിലുള്ള കടല്‍ ഒരു രക്ഷാകവചം പോലെ നില്‍ക്കുന്ന ദ്വീപില്‍ സ്വാഭാവിക തുറമുഖങ്ങള്‍ ഒന്നും തന്നെയില്ല. ഇവിടേക്കെത്താന്‍ പല സാഹസികരും ശ്രമിച്ചിട്ടുണ്ടെങ്കിലും ദ്വീപിലേക്ക് പുറത്തു നിന്നുള്ളവരെ സ്വീകരിക്കാന്‍ ഇവിടുള്ളവര്‍ തയ്യാറായിരുന്നില്ല. 2006ല്‍ ദ്വീപിനോടടുത്ത പ്രദേശത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു.ഇവരെ ദ്വീപ് വാസികള്‍ കൊലപ്പെടുത്തിയതായാണ് കരുതുന്നത്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോലും കണ്ടെടുക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ദ്വീപിനടുത്തേക്ക് വഴി തെറ്റിയെത്തുന്ന സഞ്ചാരികളെയും മത്സ്യത്തൊഴിലാളികളെയും ഇന്ത്യന്‍ നാവികസേന ദൂരെ നിന്നു തന്നെ തടഞ്ഞ് തിരിച്ചയക്കാറാണ് പതിവ്. ഇന്ത്യന്‍ നാവികസേനയുടെ ഈ കനത്ത പ്രതിരോധം വെട്ടിച്ച് എങ്ങനെയാണ് ജോണ്‍ അലനും സംഘവും ഇവിടെ എത്തിയതെന്നതും ദുരൂഹമാണ്. ആന്‍ഡമാന്‍ നിക്കോബാര്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലയറില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഉത്തര സെന്റിനല്‍ ദ്വീപ്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 സെന്റിനലി ഗോത്രവംശജര്‍ ഇവിടെയുണ്ടെന്ന് 2011ലെ സെന്‍സസ് കണക്ക് പറയുന്നു.
ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ വിഭാഗമായിട്ടാണ് ഇവര്‍ കരുതപ്പെടുന്നത്. ദ്വീപിലേക്ക് ആരെങ്കിലും പ്രവേശിച്ചാല്‍ അവര്‍ അമ്പെയ്ത് സന്ദര്‍ശകരെ പ്രതിരോധിക്കും. ഇത്തരത്തില്‍ ഒട്ടേറെ സംഭവങ്ങള്‍ മുന്‍പുണ്ടായിട്ടുണ്ട്.