കുരിശില്‍ തൊടുന്നത് തടയുന്ന സര്‍ക്കാര്‍ ആദിവാസികളുടെ മാടന്‍കാവ് പൊളിച്ചു നീക്കി; കുരോട്ടുമലയില്‍ സംഘര്‍ഷം

പത്തനാപുരം: ആദിവാസികളുടെ മാടന്‍ കാവ് അധികാരികള്‍ പൊളിച്ചുമാറ്റിയതായി പരാതി. ആദിവാസി കുടുംബങ്ങള്‍ വര്‍ഷങ്ങളായി ആരാധന നടത്തിവന്ന കല്‍വിളക്കും പ്രതിഷ്ഠയും ചുറ്റുമതിലും റവന്യൂ അധികൃതരാണ് പൊളിച്ചുമാറ്റിയത്. പത്തനാപുരം പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കുരോട്ടുമല ആദിവാസി കോളനിയിലാണ് സംഭവം.

പ്ലോട്ട് നമ്പര്‍ 91 ല്‍ എണ്‍പത്തിയഞ്ച് സെന്റ് ഭൂമിയുടെ ഒരു വശത്തായാണ് ആദിവാസികള്‍ വിളക്ക് കത്തിച്ച് ആരാധിച്ച് വന്നത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ജെസിബി ഉള്‍പ്പെടെയുള്ള യന്ത്ര സാമഗ്രികളുമായെത്തിയാണ് റവന്യൂ അധികൃതര്‍ പൊളിച്ചു മാറ്റിയത്. ക്ഷേത്ര നിര്‍മ്മാണത്തിനായി റവന്യൂ ഭൂമി കൈയേറിയതായി വില്ലേജ് ഓഫീസര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കലക്ടറുടെ നിര്‍ദേശപ്രകാരം പത്തനാപുരം തഹസീല്‍ദാര്‍ റ്റി. സി ബാബുക്കുട്ടി,അഡീഷണല്‍ തഹസീല്‍ദാര്‍ വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് കല്‍വിളക്കുകളും പ്രതിഷ്ഠയും പൊളിച്ചുമാറ്റിയത് .ഇതേ തുടര്‍ന്ന് പ്രദേശവാസികളും റവന്യൂ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ആദിവാസി കോളനിക്കായി 114 ഏക്കര്‍ ഭൂമിയാണ് കുരിയോട്ടുമലയില്‍ അനുവദിച്ചിട്ടുള്ളത്.

നിലവില്‍ എണ്‍പത്തിയഞ്ച് കുടുംബങ്ങളാണ് ഇവിടെയുള്ളത്. കോളനിയില്‍ കളിസ്ഥലത്തിനായി അനുവദിക്കാനുദ്ദേശിച്ച റവന്യൂ ഭൂമിയുടെ വശത്തായാണ് ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങിയതെന്ന് റവന്യൂ അധികൃതര്‍ പറയുന്നു. എന്നാല്‍ ഊരില്‍ ആരാധനാലയം ആവശ്യമാണെന്നും, വര്‍ഷങ്ങളായി ഇവിടെ വിഗ്രഹാരാധന നടത്തിവരികയാണെന്നും ക്ഷേത്രം ഭാരവാഹികളും കോളനി നിവാസികളും പറഞ്ഞു.

Top