പത്തനംതിട്ട ജില്ലയിൽ മഴ കനക്കുന്നു; ജില്ലയിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ദീർഘകാല മഴ പ്രവചന അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും . ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടിരുന്ന ന്യൂനമർദം ശക്തി പ്രാപിച്ചുതിനാൽ ആണിത് . പത്തനംതിട്ട ജില്ലയിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ നാളെ മഞ്ഞ അലേര്‍ട്ട്.

മഴ കനത്തതോടെ ഡാമുകളിലെ ജലനിരപ്പ് ഉയരാൻ തുടങ്ങിയിട്ടുണ്ട്. മണിയാർ ഡാമിലെ ജല നിരപ്പ് ഉയരുന്നതിനാൽ സ്പിൽ വേ ഷട്ടറുകൾ തുറന്നു അധിക ജലം കക്കാട് ആറ്റിലേക്ക് ഒഴുക്കുന്ന സാഹചര്യം നിലനിൽക്കുന്നു. ആയതിനാൽ കക്കാട്, പമ്പ നദിതീര വാസികൾ ജാഗ്രത പാലിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പമ്പ, കക്കി, ശബരിഗിരി പോലുള്ള പ്രധാന ഡാമുകളിലെ നിലവിലെ സംഭരണം പരമാവധി സംഭരണ ശേഷിയുടെ 25 മുതൽ 30 ശതമാനം മാത്രമേ ഉള്ളൂ. എന്നാല്‍ ചെറിയ സംഭരണ ശേഷിയുള്ള ചെറുകിട ഡാമുകളിൽ ജലനിരപ്പ് ഉയരുന്നുണ്ട്.

റാന്നി താലൂക്കിലെ നാറാണംമുഴി, വെച്ചൂച്ചിറ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന പെരുന്തേനരുവി ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ തടയണയിൽ വെള്ളം കവിഞ്ഞു ഒഴുകുന്നതിനാൽ കുറുമ്പൻ മൂഴി കോളനിയിലേക്ക് പോകുന്ന കോസ്വേ വെള്ളം കയറിയിട്ടുണ്ട്. മഴ കനക്കാൻ ഉള്ള സാധ്യത കണക്കിലെടുത്ത് കോളനി നിവാസികൾക്ക് ജാഗ്രത നിർദേശവും പഞ്ചായത്ത് അധികൃതർക്ക് ഫയർ ഫോഴ്സിന് ആവശ്യമെങ്കിൽ കോളനിയിൽ നിന്ന് ക്യാമ്പിലേക്ക് മാറുവാൻ ഉള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. റാന്നി തഹൽസിദാർക്കും ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർക്കും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ പ്രത്യേകം നിർദ്ദേശം നൽകി.

പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഭക്തർ പമ്പയിലേക്ക് ഇറങ്ങുന്നത് നിയന്ത്രിക്കാൻ ഫയർഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദേവസ്വം വകുപ്പിനും സുരക്ഷാ ഉറപ്പാക്കാൻ വേണ്ടിയുള്ള നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി.

ജില്ലയിൽ രണ്ടു താലൂക്കുകളിലായി അഞ്ചു വീടുകൾക്കു ഭാഗിക നാശനഷ്ടം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാനൻ സാധ്യതയുണ്ട് എന്നതിനാലൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങളൾ നിർത്തരുത്. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ ഒരു കാരണവശാലും തോടുകളും പുഴയും മുറിച്ചു കടക്കുന്നതു ശ്രദ്ധിക്കേണ്ടതാണ്.

പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും ഒഴിവാക്കുക. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.

ജില്ലയിലെ എല്ലാ താലൂക്കാഫീസുകളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകൾ പ്രവർത്തിക്കുന്നതാണ്.പൊതുജനങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കളക്ട്രേറ്റ് 0468 2322515/ 0468 2222515/ 8078808915, താലൂക്കാഫീസ് തിരുവല്ല 0469 2601303, കോഴഞ്ചേരി 04682222221, മല്ലപ്പളളി 0469 2682293, അടൂർ 04734 224826, റാന്നി 04735 227442, കോന്നി 0468 2240087.

Top