തെക്കന്‍ കേരളത്തിലെ മഴ; നെയ്യാർ ഡാം തുറന്നു

മധ്യ-തെക്കന്‍ കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തലസ്ഥാനത്തെ നെയ്യാർ അണക്കെട്ട് തുറന്നു. നാലു കവാടങ്ങള്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് തുറന്നത്. ഒരിഞ്ച് വീതമാണു ഷട്ടറുകള്‍ തുറന്നത്. ഇന്ന് രാവിലെ 7.30 ഓടെ അരുവിക്കര ഡാം തുറന്നിരുന്നു.

കനത്ത മഴ പെയ്താൽ അണക്കെട്ട് പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. 82.02 മീറ്ററാണ് നെയ്യാർ ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണ്. നേരിയ തോതിൽ മാത്രം വെള്ളം തുറന്നു വിടുന്നതിനാൽ തീരവാസികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് പൊതുവെ മഴ കുറഞ്ഞെങ്കിലും എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴ പെയ്യുകയാണ്.

വടക്കന്‍ ജില്ലകളില്‍ അനുഭവപ്പെട്ട മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് 1413 ക്യാമ്പുകളിലായി 63506 കുടുംബങ്ങളിലെ 2,55,662 പേർ കഴിയുന്നുണ്ട്. മലപ്പുറത്ത് 27, കോഴിക്കോട് 17, വയനാട് 12, കണ്ണൂർ 9, തൃശൂരും ഇടുക്കിയിലും അഞ്ച് വീതം, ആലപ്പുഴ, കോട്ടയം, കാസർകോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ രണ്ടു വീതം പേർ മരിച്ചതായാണ് റിപ്പോർട്ട്. 32 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് 245 ഉം തൃശൂരിൽ 240ഉം ക്യാമ്പുകൾ പ്രവർത്തിക്കുന്നു. മലപ്പുറത്താണ് കൂടുതൽ പേർ ക്യാമ്പുകളിലുള്ളത്, 56661. കോഴിക്കോട് 53815 പേരും തൃശൂരിൽ 43819 പേരും ക്യാമ്പുകളിൽ കഴിയുന്നു. സംസ്ഥാനത്ത് 838 വീടുകൾ പൂർണമായും 8718 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.

അതേസമയം, വയനാട്ടിലും മലപ്പുറത്തെ കവളപ്പാറയിലും മുഖ്യമന്ത്രി സന്ദർശനം നടത്തി. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിൽ സുൽത്താൻ ബത്തേരിയിലേക്കു പോകുകയായിരുന്നു. റോഡ് മാർഗം മേപ്പാടിയിലെത്തിയ മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച് മലപ്പുറത്തെത്തുകയായിരുന്നു.

Top