പിണറായിക്കിട്ട് വച്ചത് അമിത് ഷായ്ക്ക് തന്നെ തിരിഞ്ഞുകുത്തി; കോടതിയലക്ഷ്യത്തിന് നടപടി?

ഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ശബരിമല വിഷയം കേരളത്തില്‍ ആളിക്കത്തിക്കാന്‍ തീപ്പൊരി പ്രസംഗം നടത്തിയ അമിത് ഷാ വെട്ടിലായിരിക്കുകയാണ്. പ്രായോഗികമാകുന്ന വിധികളാണ് കോടതി പുറപ്പെടുവിക്കേണ്ടത്. ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കരുത്’ എന്ന് കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി അമിത് ഷാ പറഞ്ഞു. ഇത് കോടതിയലക്ഷ്യമാണെന്നും അമിത് ഷായ്‌ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്.
സി.പി.എം, കോണ്‍ഗ്രസ്, ബി.എസ്.പി, ആം ആദ്മി പാര്‍ട്ടികള്‍ ഇതിനോടകം അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അമിത് ഷായുടെ പ്രസംഗം വിവരക്കേടാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കായി രാജ്യത്തെ നിയമവ്യവസ്ഥയേയും നീതിന്യായ വ്യവസ്ഥയേയും പതിയെ കൈയടക്കുകയാണ് ബി.ജെ.പി എന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി അഭിപ്രായപ്പെട്ടു.ശബരിമല സംഘര്‍ഷത്തിനുപിന്നില്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അറിവുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അമിത് ഷായുടെ വാക്കുകള്‍ എന്നായിരുന്നു സി.പി.എം പി.ബിയുടെ വിലയിരുത്തല്‍. രാജ്യത്തെ ഭരണഘടനയേയും നീതിന്യായവ്യവസ്ഥയേയും അംഗീകരിക്കാനാവില്ലെന്ന ബി.ജെ.പിയുടെ നിലപാടാണ് അമിത് ഷായുടെ പ്രകോപനപരമായ പ്രസംഗത്തിലൂടെ വെളിവായതെന്നും സി.പി.എം പറഞ്ഞു. ബി.എസ്.പി നേതാവ് മായാവതിയും അമിത് ഷായ്ക്കെതിരെ രംഗത്തെത്തി. വര്‍ഗീയവികാരം ഇളക്കിവിടാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്ന് മായാവതി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് അമിത് ഷായുടെ നീക്കമെന്നും മായാവതി പറഞ്ഞു.

അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ഉചിതമായ നടപടി സുപ്രീംകോടതി സ്വീകരിക്കുമെന്ന് കരുതുന്നതായി ആം ആദ്മി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും പറഞ്ഞു.

Top