അനധികൃത അവധിയെടുത്ത് വിദേശത്ത് ജോലി; സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നും 46 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ നിന്നും 46 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. അനധികൃതമായി അവധിയെടുത്ത് വിദേശത്ത് പോയി ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. ലക്ഷങ്ങളാണ് ഇത്തരത്തില്‍ ഡോക്ടര്‍മാര്‍ സമ്പാദിക്കുന്നത്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ ആവശ്യത്തിന് അധ്യാപകരില്ലാത്ത അവസ്ഥയാണ് ഡോക്ടര്‍മാരുടെ അനധികൃത നടപടിയിലൂടെ ഉണ്ടായത്. എം.ബി.ബി.എസ് കോഴ്സിന്റെ നിലനില്‍പ്പ് തന്നെ പലേടത്തും അപകടത്തിലാണ്. മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടിട്ടും മുടന്തന്‍ ന്യായങ്ങള്‍ നിരത്തി വിദേശത്ത് തുടരുന്നവര്‍ക്കെതിരെയാണ് നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനധികൃത അവധിയിലുള്ളവരെ പിരിച്ചുവിട്ട് ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം. മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകരുടെ ക്ഷാമം നേരിടാന്‍ കൂടുതല്‍ പി.ജി സീറ്റുകള്‍ അനുവദിക്കണമെന്ന അപേക്ഷ കേന്ദ്രം തള്ളിയതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ കര്‍ശന നടപടി.

സര്‍ക്കാരിനെയോ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെയോ അറിയിക്കാതെ പത്തു വര്‍ഷം വരെ അനധികൃതമായി അവധിയെടുത്ത 57 ഡോക്ടര്‍മാരെ കണ്ടെത്തിയിരുന്നു. ഇവര്‍ക്കാണ് സര്‍വീസില്‍ മടങ്ങിയെത്താന്‍ അന്ത്യശാസനം നല്‍കിയത്. 22 ഡോക്ടര്‍മാര്‍ മറുപടി നല്‍കി. സാമ്പത്തികനില മെച്ചപ്പെടുത്താന്‍ വിദേശത്ത് ജോലി ചെയ്യുകയാണെന്നും വിരമിക്കുന്നതിന് മുന്‍പ് മടങ്ങിയെത്താമെന്നുമൊക്കെയാണ് മിക്കവരും അറിയിച്ചത്. വിദേശ പഠനത്തിലാണെന്ന് ചിലര്‍ മറുപടി നല്‍കി. 11 പേരുടെ വിശദീകരണം സര്‍ക്കാര്‍ അംഗീകരിച്ചില്ല. 11 പേര്‍ ഉടനടി സര്‍വീസില്‍ തിരികെയെത്താന്‍ സന്നദ്ധരായി.

ശേഷിക്കുന്ന 46 പേരെ ഉടനടി പിരിച്ചുവിടാനാണ് തീരുമാനം. ഇവര്‍ക്ക് സര്‍ക്കാര്‍ മെമ്മോ നല്‍കും. ഏഴു ദിവസത്തിനകം മറുപടി നല്‍കണം. മറുപടി തൃപ്തികരമല്ലെങ്കിലോ പ്രതികരിച്ചില്ലെങ്കിലോ പിരിച്ചുവിടാനുള്ള ഗസറ്റ് വിജ്ഞാപനമിറക്കും. എല്ലാ ഡോക്ടര്‍മാരുടെയും പേരു സഹിതമുള്ള വിവരങ്ങള്‍ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും.

അവശ്യ സര്‍വീസായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല അവധി അനുവദിക്കാറില്ല. വ്യക്തിപരമായ ആവശ്യം, തുടര്‍പഠനം എന്നിങ്ങനെ ആവശ്യങ്ങള്‍ നിരത്തി അനുമതിയില്ലാതെ വിദേശത്തേക്ക് കടക്കുകയാണ്. ഇവര്‍ സര്‍വീസില്‍ തുടരുന്നതിനാല്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാനോ പുതിയ റിക്രൂട്ട്മെന്റ് നടത്താനോ കഴിയില്ല.

പി.ജി വിജയിക്കുന്നവര്‍ ഒരു വര്‍ഷത്തെ ബോണ്ട് പൂര്‍ത്തിയാക്കി സ്ഥലം വിടുന്നതിനാല്‍ ജൂനിയര്‍ അദ്ധ്യാപകരുടെ കുറവാണ് അധികവും. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 19 തസ്തികകളുള്ള സര്‍ജറി വിഭാഗത്തില്‍ മൂന്ന് ഡോക്ടര്‍മാരേയുള്ളൂ. അത്യാഹിത വിഭാഗത്തിലും ഡോക്ടര്‍മാരില്ല. ആവശ്യത്തിന് അദ്ധ്യാപകരെ നിയമിക്കാമെന്ന വ്യവസ്ഥയിലാണ് മഞ്ചേരിയിലെ അഞ്ചാം ബാച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

അദ്ധ്യാപകരില്ലാത്തതിനാല്‍ ഇടുക്കി മെഡിക്കല്‍ കോളേജിലെ രണ്ടു ബാച്ചുകളിലെ 100 കുട്ടികളെ മറ്റു കോളേജുകളിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍കോളേജുകളില്‍ നിന്ന് അദ്ധ്യാപകരെ സ്ഥലം മാറ്റിയാണ് മറ്റു കോളേജുകളുടെ അംഗീകാരം ഉറപ്പിച്ചിരുന്നത്. ആധാര്‍ അധിഷ്ഠിത ഹാജര്‍ വന്നതോടെ ഇതും നടക്കാതായി.

അദ്ധ്യാപകരുടെ രൂക്ഷമായ കുറവ് പരിഹരിക്കാന്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ പൊടിക്കൈ. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 62 ആയും മറ്റ് ഡോക്ടര്‍മാരുടേത് 56ല്‍ നിന്ന് 60 ആയും ഉയര്‍ത്തി. 44 ഡോക്ടര്‍മാര്‍ക്കാണ് സര്‍വീസ് നീട്ടിക്കിട്ടിയത്.

Top