12 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക; നാല് സീറ്റില്‍ പിടിവലി രൂക്ഷം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍ഗോഡ്

തിരുവനന്തപുരം: വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, ആലപ്പുഴ, വടകര ഒഴികെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. ഇവ ഒഴികെയുള്ള സീറ്റുകളുടെ സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. ഈ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഈ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് നാളെ തീരുമാനമെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു തര്‍ക്കം മൂലമല്ല വൈകുന്നത്. കൂടുതല്‍ ചര്‍ച്ച ആവശ്യമായതിനാലാണ്. ഉമ്മന്‍ചാണ്ടിയുമായി അഭിപ്രായവ്യത്യാസമില്ലെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.

എറണാകുളത്ത് സിറ്റിംഗ് എം.പി കെ.വി.തോമസിനെ ഒഴിവാക്കി ഹൈബി ഈഡന്‍ എം.എല്‍.എ മത്സരിക്കും. ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍ ആയിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കാസര്‍കോട്ട് നേരത്തെ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയിരുന്ന സുബ്ബയ്യറാവുവിന് പകരം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനാര്‍ത്ഥിയാകും. പത്തനംതിട്ടയില്‍ ആന്റോ ആന്റണി തന്നെ മത്സരിക്കും.

സിറ്റിംഗ് എം.പിമാരായ ശശി തരൂര്‍ (തിരുവനന്തപുരം) ആന്റോ ആന്റണി (പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), എം.കെ.രാഘവന്‍ ( കോഴിക്കോട്) എന്നീ സിറ്റിംഗ് എം.പിമാരെ മത്സരിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ലെന്നും ഇവര്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഈ മൂന്നു പ്രമുഖരും മത്സരിക്കില്ല എന്ന് മുല്ലപ്പള്ളിയും രമേശും അറിയിച്ചത്.

മൂന്നു സീറ്റുകളില്‍ അവസാനം വരെ തര്‍ക്കം തുടര്‍ന്നു. ഇടുക്കി, വയനാട് സീറ്റുകളില്‍ യഥാക്രമം ഡീന്‍ കുര്യാക്കോസിനേയും ടി.സിദ്ദിഖിനേയും മത്സരിപ്പിക്കണമെന്ന് എ ഗ്രൂപ്പ് നിലപാടെടുത്തു. ഡീനിനെ ഇടുക്കിയില്‍ മത്സരിപ്പിക്കണമെങ്കില്‍ വയനാട്ടില്‍ കെ.പി അബ്ദുള്‍ മജീദിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഐ ഗ്രൂപ്പ് നിലപാടെടുത്തു.

രണ്ടില്‍ ഒരു സീറ്റ് വേണമെന്ന ഉറച്ച നിലപാട് ഐ ഗ്രൂപ്പ് എടുത്തതോടെ രണ്ട് പേര്‍ വീതം തിരഞ്ഞെടുപ്പ് സമിതിക്ക് വിടാന്‍ തീരുമാനിച്ചത്. വടകരയാണ് തീരുമാനമാകാത്ത നാലാമത്തെ മണ്ഡലം. ഇവിടെ കെ.എസ്.യു പ്രസിഡന്റ് കെ.എം.അഭിജിത്തോ ഒരു പുതുമുഖമോ സ്ഥാനാര്‍ത്ഥിയായേക്കും.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക:

തിരുവനന്തപുരം – ശശി തരൂര്‍

പത്തനംതിട്ട – ആന്റോ ആന്റണി

മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്

ഇടുക്കി – ഡീന്‍ കുര്യാക്കോസ്

എറണാകുളം – ഹൈബി ഈഡന്‍

തൃശൂര്‍ – ടി.എന്‍. പ്രതാപന്‍

ചാലക്കുടി – ബെന്നി ബെഹനാന്‍

പാലക്കാട് – വി.കെ. ശ്രീകണ്ഠന്‍

ആലത്തൂര്‍ – രമ്യ ഹരിദാസ്

കോഴിക്കോട് – എം.കെ.രാഘവന്‍

കണ്ണൂര്‍ – കെ. സുധാകരന്‍

കാസര്‍കോട് – രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Top