കനയ്യ ഇടതുപക്ഷ പ്രചരണം നയിക്കാന്‍ കേരളത്തിലേക്ക്…..

ന്യുഡല്‍ഹി:കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാല്‍ ജെഎന്‍യുവിലെ പോരാളി കനയ്യകുമാറും.വരും തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനായി പ്രചരണത്തിനിറങ്ങുമെന്ന് കനയ്യ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.കേരളത്തില്‍ സിപിഐ നേതാക്കള്‍ കനയ്യയെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിക്കാന്‍ മുന്‍പ് തന്നെ ശ്രമം തുടങ്ങിയിരുന്നു.ഇത് ശരിവെയ്ക്കുന്ന പ്രതികരണമാണ് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കനയ്യ കുമാര്‍ നടത്തിയത്.ജെഎന്‍യു വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളാക്കാന്‍ ഭരണകൂടം ശ്രമിക്കുകയാണ്.ജെഎന്‍യുവിനെ തകര്‍ക്കാന്‍ ഭരണകൂടം ശ്രമിക്കുകയാണ്.ഞങ്ങള്‍ക്ക് രാജ്യദ്രോഹികളാകാന്‍ കഴിയില്ലെന്നും കനയ്യ പറഞ്ഞു.രോഹിത് വെമുലയുടെ ആത്മഹത്യ വ്യഥാവിലാകില്ലെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.
സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫാണ് കന്നയ്യെ കേരളത്തില്‍ കൊണ്ടു വരുന്നത്. ഈ മാസം 12ന് കന്നയ്യ ഉള്‍പ്പെടെയുള്ള വിവിധ വിദ്യാര്‍ത്ഥി നേതാക്കളെ കേരളത്തില്‍ എത്തിക്കാനാണ് സംഘടനയുടെ നീക്കം. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലും ക്യാംപസുകളിലും ഫാസിസത്തിനെതിരെ പോരാടുന്ന നേതാക്കളെ ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യമാണ് എഐഎസ്എഫിനുള്ളത്. ഇതിനായി സ്റ്റുഡന്റ് അസംബ്ലി എഗെയ്ന്‍സ്റ്റ് ഫാസിസം എന്ന പേരില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ എഐഎസ്എഫിന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിക്കും.

കന്നയ്യയെ കേരളത്തില്‍ എത്തിക്കാനുള്ള പദ്ധതിക്ക് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അനുവാദം ലഭിച്ചുവെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകരന്‍  സ്ഥിരീകരിച്ചു. സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരിക്കും പരിപാടിയുടെ ഉദ്ഘാടകന്‍. പാര്‍ട്ടിയുടെ ദേശീയ നേതാക്കളെയും പരിപാടിയില്‍ പങ്കെടുപ്പിക്കുന്നുണ്ട്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല, ചെന്നൈ ഐഐടി എന്നിവിടങ്ങളിലെ ഫാസിസ്റ്റ് വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളും പ്രവര്‍ത്തകരും കന്നയ്യകുമാറിനും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുക്കും. കന്നയ്യയെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ സിപിഐഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശ്രമം നടത്തുന്നുണ്ട്. ഇതിനിടെയാണ് കന്നയ്യയെ എഐഎസ്എഫ് കന്നയ്യെ കേരളത്തില്‍ എത്തിക്കുന്നത്.

കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാനാണ് കനയ്യ കുമാര്‍ ആലോചിക്കുന്നത്.തിരഞ്ഞെടുത്ത മണ്ഡലങ്ങളിലായിരിക്കും പ്രചരണം.എന്നാല്‍ അവ ഏതൊക്കെയാണെന്ന്പിന്നീട് തീരുമാനിക്കും.സിപിഐ-സിപിഎം യുവജന നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലായിരിക്കും കനയ്യ കുമാര്‍ പ്രചരണത്തിറങ്ങുകയാണെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്.

Top