ഓൺലൈനിൽ രതിസുഖം തേടുന്നവർ വീഴുന്നത് വൻ ചതിക്കുഴിയിൽ..!! യുവാക്കളെ കെണിയിൽപ്പെടുത്തി ലക്ഷങ്ങൾ കൊയ്യുന്നു

ഓൺലൈൻ സെക്സ് മാഫിയ സംസ്ഥാനത്ത് വീണ്ടും പിടിമുറുക്കുകയാണെന്ന് റിപ്പോർട്ട്. വ്യഭിചാരത്തിൻ്റെ പുത്തൻ വഴിയായ എസ്കോർട്ട് സൈറ്റുകളിലൂടെയാണ് മലയാളി യുവാക്കളെ ചതിയിൽപ്പെടുത്തുന്നത്. എന്നാൽ തട്ടിപ്പിനിരയാകുന്നവരിൽ ഭൂരിഭാഗവും പരാതിയുമായി മുന്നോട്ട് വരാത്തതാണ് ഈ മാഫിയ കൂടുതൽ സ്വാതന്ത്ര്യത്തോടെ വിലസാൻ കാരണമെന്നാണ് പോലീസ് കരുതുന്നത്.

തട്ടിപ്പിനിരയായി 24,000 രൂപ നഷ്ടമായ ഒരാള്‍ കൊച്ചി സിറ്റി സൈബര്‍ സെല്ലില്‍ പരാതിനല്‍കിയതോടെയാണ് പുതിയ കെണിയെക്കുറിച്ച് പോലീസ് മനസ്സിലാക്കിയത്. ഗൂഗിളില്‍ എസ്‌കോര്‍ട്ട് സൈറ്റുകള്‍ തിരയുന്നവര്‍ക്കുമുന്നില്‍ കേരളം, മലയാളി തുടങ്ങിയ പേരുകളില്‍ തുടങ്ങുന്ന വെബ്‌സൈറ്റുകള്‍ പ്രത്യക്ഷപ്പെടും. ഒരു മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ടാകും. ഇതില്‍ വിളിക്കുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. മലയാളികള്‍തന്നെയാണ് ഫോണ്‍ എടുക്കുക. ഒരുപാട് പെണ്‍കുട്ടികള്‍ കൈയിലുണ്ടെന്നും ചിത്രം മൊബൈലിലേക്ക് അയക്കാമെന്നും അറിയിക്കും.

ഫോട്ടോ അയക്കുന്നതിനു വേണ്ടിയാണ് ആദ്യം പണം ആവശ്യപ്പെടുക. രണ്ടായിരം രൂപ മുതലാണ് ഫോട്ടോയ്ക്കായി വാങ്ങുന്നത് ഇത് ഓണ്‍ലൈനില്‍ അടയ്ക്കുന്നതോടെ ഫോട്ടോ നല്‍കും. തുടര്‍ന്ന് പെണ്‍കുട്ടിക്കായി മുന്‍കൂട്ടി അഡ്വാന്‍സ് നല്‍കണമെന്ന് പറയും. ആകെ പറഞ്ഞതിൻ്റെ 20 ശതമാനം അഡ്വാന്‍സ് നല്‍കിയാല്‍ പെണ്‍കുട്ടിയെ എത്തിക്കാമെന്നായിരിക്കും വാഗ്ദാനം. പതിനായിരങ്ങളാണ് അഡ്വാന്‍സ് വാങ്ങുന്നത്.

പണം നല്‍കി ഇവര്‍ അറിയിക്കുന്ന സ്ഥലത്തെത്തുന്നവരെ കാത്ത് വീണ്ടും ഫോണ്‍വിളിയെത്തും. ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് പെട്ടെന്ന് മറ്റൊരത്യാവശ്യം വന്നുവെന്നും കൂടുതല്‍ പണം നല്‍കിയാല്‍ വേറെ പെണ്‍കുട്ടിയെ അയക്കാമെന്നുമായിരിക്കും വാഗ്ദാനം. ചിലരിതില്‍ വീഴും. പണം അയച്ചുകഴിഞ്ഞാല്‍ പിന്നെ ഇവരെ വിളിച്ചാല്‍ ഫോണെടുക്കില്ല. പുറത്തുപറഞ്ഞാല്‍ നാണക്കേടായതിനാല്‍ പലരും പരാതിപ്പെടാറില്ല. ഇതാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പണം നഷ്ടമായ വിവരം പരാതിനല്‍കാറുള്ളതെന്ന് സൈബര്‍ സെല്‍ അധികൃതര്‍ പറഞ്ഞു.

സംസ്ഥാനത്തെ ഓൺലൈൻ സെക്‌സ് റാക്കറ്റുകൾക്ക് എതിരെ പൊലീസ് നിരവധി നടപടികൾ സ്വീകരിക്കുകയും ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ പ്രത്യേക പദ്ധതി തന്നെ നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും ഇത്തരക്കാരെ തളക്കാനായിട്ടില്ലെന്നാണ് സൂചന്. പഴയ സൈറ്റുകൾ വഴി, പഴയ രീതിയിൽത്തന്നെയാണ് ഇപ്പോഴും ഇടപാടുകൾ പുരോഗമിക്കുന്നത്. ഇതിനൊപ്പമാണ് ചതിക്കുഴിയിലൂടെ പണം തട്ടുന്നവരും. സംസ്ഥാനത്ത് എല്ലായിടത്തും ഇവർക്ക് സർവീസുണ്ട്.

Top