കേരളത്തിന്റെ സ്വന്തം സൈനികര്‍ക്ക് സര്‍ക്കാരിന്റെ ഇരുട്ടടി; മത്സ്യബന്ധന ബോട്ടുകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: പ്രളയസമയത്ത് കേരളത്തെ കൈപിടിച്ചുയര്‍ത്തിയ കേരളത്തിന്റെ സ്വന്തം സൈനികര്‍ക്ക് സര്‍ക്കാരിന്റെ ഇരുട്ടടി. മത്സ്യബന്ധന ബോട്ടുകളുടെ ലൈസന്‍സ് ഫീസ് സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു. നിലവില്‍ ഉള്ളതിനേക്കാള്‍ നാനൂറ് ശതമാനം വരെയാണ് ഫീസ് വര്‍ധിപ്പിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവിനെതിരെ സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ബോട്ടുടമകള്‍.
ബോട്ടുകള്‍ ഓരോ വര്‍ഷവും അടയ്ക്കേണ്ട ലൈസന്‍സ് ഫീസാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതുവരെ ഇരുപത്തിയഞ്ച് മീറ്ററിന് മുകളില്‍ വലിപ്പമുള്ള ബോട്ടുകള്‍ക്ക് 10,001 രൂപ മാത്രം ഫീസായി അടച്ചാല്‍ മതിയായിരുന്നു. ഉത്തരവ് പ്രകാരം ഇനി 50,000 രൂപ അടക്കണം. ഇരുപത് മീറ്റര്‍ മുതല്‍ 24.99 മീറ്റര്‍ വരെ വലിപ്പമുള്ള ബോട്ടുകളുടെ ഫീസ് അയ്യായിരത്തില്‍ നിന്ന് 25,000 രൂപയുമാക്കി. 15 മുതല്‍ 19.99 മീറ്റര്‍ വരെയുള്ള ബോട്ടുകള്‍ ഇനി എല്ലാ വര്‍ഷവും 10,000 രൂപ വീതം ലൈസന്‍സ് ഫീസ് അടക്കണം. നേരത്തെ ഇത് 4500 രൂപ മാത്രമായിരുന്നു.ലൈസന്‍സ് ഫീസിലെ ഭീമമായ വര്‍ധന ബോട്ടുടമകളെ ആശങ്കയിലാക്കിയിട്ടുണ്ട്. സമരമല്ലാതെ മറ്റൊരു മാര്‍ഗവും മുന്നില്‍ ഇല്ലെന്നാണ് ബോട്ടുടമകള്‍ പറയുന്നത്.

Top