ഓഖി വിതച്ച നാശത്തിന് കനം വയ്ക്കുന്നു; ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെടുത്തു; മടങ്ങാനുള്ളത് 249 പേര്‍

തിരുവനന്തപുരം: കനത്ത നാശം വിതച്ച് കടന്നുപോയ ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരന്തത്തിന് കനം വയ്ക്കുന്നു. ഓഖിയില്‍ മരണം ഏറ്റുവാങ്ങിയവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കടലില്‍ കാണാതെ പോയവരുടെ മൃതദേഹങ്ങള്‍ കൂടുതലായി ലഭിക്കുന്നത് ഉറ്റവരുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്നുണ്ട്. കടലില്‍ പലഭാഗത്തുനിന്നായി ചൊവ്വാഴ്ച മാത്രം കണ്ടെടുത്തത് ഒമ്പതു മൃതദേഹങ്ങള്‍. തിരിച്ചറിയാനാകാത്തവിധം അഴുകിയ നിലയിലാണിവ ലഭിക്കുന്നത്. വള്ളങ്ങളില്‍ മീന്‍പിടിത്തത്തിനുപോയ 94 പേരും ബോട്ടുകളില്‍പ്പോയ 155 പേരും മടങ്ങിയെത്താനുണ്ടെന്ന സര്‍ക്കാര്‍ കണക്ക് നിലനില്‍ക്കുമ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

ചൊവ്വാഴ്ച ബേപ്പൂര്‍, പരപ്പനങ്ങാടി, കടലുണ്ടി, മാറാട്, പൊന്നാനി തീരങ്ങളില്‍നിന്നകലെ ഉള്‍ക്കടലില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 56 ആയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മീന്‍പിടിത്തത്തിനുപോകുന്ന തൊഴിലാളികളാണ് മൃതദേഹങ്ങള്‍ ആദ്യം കാണുന്നത്. വിവരം അധികൃതരെ അറിയിച്ച് തിരച്ചില്‍ നടത്തുമ്പോള്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയാണ്. തിരിച്ചറിയാന്‍ അടയാളങ്ങള്‍പോലുമില്ലാതെയാണ് മൃതദേഹങ്ങള്‍.

ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ പരപ്പനങ്ങാടിയില്‍നിന്ന് മീന്‍പിടിക്കാന്‍പോയ തൊഴിലാളികളാണ് പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ മൃതദേഹം ഒഴുകുന്നത് കണ്ടത്. അവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബേപ്പൂര്‍ തീരദേശ പോലീസെത്തി മൃതദേഹം ബോട്ടില്‍ തുറമുഖത്തേക്ക് കൊണ്ടുവന്നു. ഇതിനിടെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം കടലുണ്ടി തീരത്തുനിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെയായി മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു. തീരരക്ഷാസേന ബേപ്പൂരില്‍നിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെ നടത്തിയ തിരച്ചിലില്‍ രണ്ടു മൃതദേഹങ്ങള്‍ ലഭിച്ചു.

മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വൈകുന്നേരം നടത്തിയ തിരച്ചിലിലാണ് രണ്ടു മൃതദേഹങ്ങള്‍ ലഭിച്ചത്. രാവിലെ ഏഴിനും വൈകീട്ട് ആറിനുമിടയിലായി ഇവ ബേപ്പൂര്‍ തീരത്തെത്തിച്ചു. മൃതദേഹങ്ങള്‍ തീരത്ത് എത്തുന്നമുറയ്ക്ക് ഫയര്‍ഫോഴ്സിന്റെ ആബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

ഒരു മൃതദേഹത്തിന്റെ കൈയില്‍ ഒരു വാച്ചുണ്ട്. ഇത് അടയാളമായി മൃതദേഹം തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആറു മൃതദേഹങ്ങള്‍ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. തിരുവനന്തപുരത്തുനിന്ന് മൃതദേഹങ്ങള്‍ തിരിച്ചറിയാനായി രാത്രിയോടെ ആളുകള്‍ എത്തിയിട്ടുണ്ട്.

രാവിലെ പതിനൊന്നു മണിയോടെയാണ് പൊന്നാനി തീരത്ത് 15 നോട്ടിക്കല്‍ മൈല്‍ അകലെ താനൂര്‍ ഭാഗത്ത് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച രാവിലെ ഏഴോടെ തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് തീരദേശ പോലീസും ഫിഷറീസ് വകുപ്പും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ തീരത്തെത്തിച്ച മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റി. കറുപ്പും വെളുപ്പും കലര്‍ന്ന നിറത്തിലുള്ള ടീഷര്‍ട്ടും കറുത്ത ട്രൗസറുമാണ് വേഷം. ടീ ഷര്‍ട്ടില്‍ ശരണ്യ ടെക്സ്െറ്റെല്‍സ് എന്നും കാണുന്നുണ്ട്. ഇവിടെനിന്ന് ഒരു മൃതദേഹം തിങ്കളാഴ്ചയും കണ്ടെടുത്തിരുന്നു. ബുധനാഴ്ചയും തിരച്ചില്‍ തുടരുമെന്ന് ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് സി.ഐ. എസ്.എസ്. സുജിത്ത് അറിയിച്ചു.

Top