ഏവരെയും ഞെട്ടിച്ച് ഗവർണർ; മുഖ്യമന്ത്രിയുടെ അവസാന അടവ്; വിവാദ ഭാഗം സഭയിൽ വായിച്ചു

രാഷ്ട്രീയ കേരളം ഇത്രയും ആവേശത്തോടെ ഉറ്റുനോക്കിയ ഒരു നയപ്രഖ്യാപന പ്രസംഗം വേറെ ഉണ്ടാകില്ല. പൗരത്വ നിയമത്തെ എതിർക്കുന്ന ഭാഗം വായിക്കാതെ വിടും എന്ന് സ്പീക്കർ നേരത്തെ തീരുമാനം എടുത്തിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് ഇന്ന് രാവിലെ മുഖ്യമന്ത്രി നേരിട്ട് ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഇതും വലിയ ആകാംഷ സൃഷ്ടിച്ചു.

പ്രതിപക്ഷത്തിൻ്റെ എതിർപ്പ് മറികടന്നാണ് ഗവർണർക്ക് ഡയസിൽ കയറാനായത്. തുടർന്ന് നയപ്രഖ്യാപനം വായിച്ചു തുടങ്ങിയ ഗവർണർ ഭേഗതിക്കതിരെ സര്‍ക്കാരിൻ്റെ നിലപാട് വ്യക്തമാക്കുന്ന പതിനെട്ടാം ഖണ്ഡികയിലെത്തി ഒന്നു നിർത്തി. ശേഷം ആ ഭാഗത്തെക്കുറിച്ചുള്ള തൻ്റെ വിമർശനം അറിയിച്ചു. എതിര്‍പ്പുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് വായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശേഷം വിമർശനമുയർന്ന ഭാഗവും അദ്ദേഹം വായിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള 18-ാം പാരഗ്രാഫ് വായിക്കില്ലെന്ന നിലപാടാണ് ഇപ്പോൾ ഗവർണർ മാറ്റിയിരിക്കുന്നത്. നേരത്തെ നിയമസഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായി തടഞ്ഞിരുന്നു. ‘ഗോബാക്ക്’ വിളികളുമായി ഗവര്‍ണക്കുമുന്നില്‍ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലംപ്രയോഗിച്ച് പിടിച്ചുമാറ്റി.

തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡിന്റെ വലയത്തില്‍ സ്പീക്കറുടെ ഡയസിലെത്തിയ ഗവര്‍ണര്‍ പ്രതിപക്ഷ ബഹളത്തിനിടയിലും നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. മലയാളത്തില്‍ നിയമസഭയെ അഭിസംബോധന ചെയ്ത ഗവര്‍ണര്‍ അംഗങ്ങളോട് നന്ദി രേഖപ്പെടുത്തി. ഇതിനിടയില്‍ പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ മുഴക്കി സഭ ബഹിഷ്‌കരിച്ചു.

Top