രഞ്ജി ട്രോഫി: കേരളത്തിന് 133 റണ്‍സിന്‍െറ തോല്‍വി

പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ജാര്‍ഖണ്ഡിനോട് തോറ്റു. പെരിന്തല്‍മണ്ണയില്‍ നടന്ന കളിയില്‍ 133 റണ്‍സിനാണ് കേരളം തോറ്റത്.
സീസണിലെ ആദ്യ ജയം എന്ന കേരളത്തിന്‍െറ സ്വപ്നം ഝാര്‍ഖണ്ഡ് ബൗളര്‍ ശഹ്ബാസ് നദീം ഇല്ലാതാക്കി. മത്സരത്തില്‍ കേരളത്തിന് 133 റണ്‍സിന്‍െറ തോല്‍വി. 317 റണ്‍സ് ലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളം 183 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഏഴ് വിക്കറ്റ് വീഴ്ത്തി ശഹ്ബാസ് നദീമാണ് കേരളത്തിന്‍െറ നടുവൊടിച്ചത്. സ്‌കോര്‍: ഝാര്‍ഖണ്ഡ് 202, 262, കേരളം 148, 183

ഒരു വിക്കറ്റിന് 71 റണ്‍സെന്ന നിലയില്‍ ഇന്ന് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കേരളത്തിന് 169 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. അക്ഷയ് കോടോത്ത് (72), വി.എ ജഗദീഷ് (21), സച്ചിന്‍ ബേബി (21) എന്നിവര്‍ക്കു മാത്രമാണ് കേരളനിരയില്‍ പിടിച്ചുനില്‍ക്കാനായത്.

രണ്ടാം ഇന്നിങ്‌സില്‍ ഝാര്‍ഖണ്ഡ് 262ന് ഓള്‍ ഔട്ടായിരുന്നു. 66 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇടംകൈയന്‍ സ്പിന്നര്‍ എസ്.കെ. മോനിഷിന്‍െറ തകര്‍പ്പന്‍ ബൗളിങ്ങാണ് സന്ദര്‍ശകരുടെ ലീഡ് 316ല്‍ ഒതുക്കിയത്.

Top