അറ്റകുറ്റപണികളൊന്നും പൂര്‍ത്തിയായില്ല; കേരളത്തിലെ ട്രെയിന്‍ ഗതാഗതം താറുമാറാകും

1149

കൊച്ചി: സംസ്ഥാനത്തെ ട്രെയിന്‍ യാത്ര മലയാളികള്‍ക്ക് പേടിസ്വപ്‌നമാകുന്നു. അറ്റകുറ്റപണികളൊന്നും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ട്രെയിനിന്റെ വേഗത കുറച്ചില്ലെങ്കില്‍ ഏതു നിമിഷവും പാളം തെറ്റാം എന്നവസ്ഥ. കറുകുറ്റിയിലെ അപകടത്തിനു പിന്നാലെ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണ സ്തംഭനാവസ്ഥയിലേക്കാണ് നീങ്ങുന്നത്.

കേരളത്തിലെ ട്രെയിന്‍ ഗതാഗതം ഉച്ചയോടെ താറുമാറാകും. തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ 202 സ്ഥലങ്ങളിലെ പാതകളില്‍ വിള്ളലുള്ള ഭാഗങ്ങളില്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ജോലികള്‍ എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ രാവിലെ ആരംഭിച്ചു. ഉച്ചയോടെ ട്രെയിനുകള്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയുണ്ടാകും. ചാലക്കുടി മുതല്‍ ആലുവ വരെ 15 സ്ഥലങ്ങളില്‍ ഇതിനോടകം വേഗ നിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

കറുകുറ്റി അപകടത്തിന്റെ പേരില്‍ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തതിനു തൊട്ടുപിന്നാലെയാണു എന്‍ജീനിയര്‍മാരുടെ നടപടി. സംഭവത്തിന് ഉത്തരവാദികളായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണു സതേണ്‍ റെയില്‍വേ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ആവശ്യം. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ നല്‍കിയ മുന്നറിയിപ്പ് അവര്‍ അവഗണിച്ചു. പാളം മാറ്റാതിരുന്നതിരുന്നതിനു കാരണം മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതായാണെന്നു നേതാക്കള്‍ പറയുന്നു. കറുകുറ്റിയില്‍ അപകടമുണ്ടായ ഭാഗത്തു വേഗ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങിയപ്പോള്‍ വിലക്കിയതും മുതിര്‍ന്ന ഉദ്യോഗസ്ഥരാണെന്നാണ് അസോസിയേഷന്റെ ആരോപണം.

ഇതിനു തൊട്ടു പിന്നാലെയാണു 202 സ്ഥലങ്ങളില്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കറുകുറ്റി അപകടത്തെ തുടര്‍ന്നു തടസപ്പെട്ട ട്രെയിന്‍ ഗതാഗതം ഇന്നലെ പുലര്‍ച്ചെയാണു പുനഃസ്ഥാപിച്ചത്. മിക്ക ദീര്‍ഘദൂര ട്രെയിനുകളും മണിക്കൂറുകളോളം വൈകിയോടുന്നതിനു പുറകെ വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയതു ട്രെയിന്‍ ഗതാഗതത്തെ കാര്യമായി ബാധിക്കും.

Top