പരശുരാമൻ്റെ മഴുവുമായി നൂതന വിപ്ലവത്തിന് ജേക്കബ് തോമസ്..!! മെറ്റൽ ഇൻഡസ്ട്രീസിന് പുത്തൻ ഊർജ്ജം

ഡിജിപി ജേക്കബ് തോമസ് താൻ എം.ഡിയായി ചുമതലയേറ്റ മെറ്റൽ ഇൻഡസ്ട്രീസിൽ ആകെ അഴിച്ചുപണി നടത്താനൊരുങ്ങുകയാണ്. ഇൻഡസ്ട്രീസിൻ്റെ മുഖംമാറ്റാനൊരുങ്ങുന്ന  ജേക്കബ് തോമസ് നൂതന ഉപകരണങ്ങളാണ് പുറത്തിറക്കാൻ ഉദ്ദേശിക്കുന്നു. പരമ്പരാഗത രീതികളിൽനിന്ന്‌ മാറ്റംവരുത്തി കാർഷികോപകരണങ്ങൾ നിർമിക്കുന്നതോടൊപ്പം പുതിയ ഉത്‌പന്നങ്ങളും ഇനി നിർമിക്കാനാണ് തീരുമാനം.

പരശുരാമൻ മഴുവെറിഞ്ഞാണ് കേരളമുണ്ടായതെന്ന ഐതിഹ്യത്തിന്റെ ചുവടുപിടിച്ച് ആദ്യപരീക്ഷണമെന്നനിലയിൽ പരശുരാമന്റെ മഴു നിർമിച്ചു. ടൂറിസംകേന്ദ്രമായതിനാൽ വിനോദസഞ്ചാരികൾക്ക് വാങ്ങിക്കൊണ്ടുപോകാവുന്ന പ്രദർശനോത്‌പന്നമായാണ് നിർമിച്ചിരിക്കുന്നത്. ആറന്മുള കണ്ണാടിയുടെയും ചുണ്ടൻവള്ളങ്ങളുടെയും മാതൃകപോലെ മഴുവും വിപണിയിലെത്തിക്കാനാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

മഴുവിന്റെ ഏതാകൃതിയിലും വലിപ്പത്തിലും നിർമിക്കാനാവും. എല്ലാമാസവും ഇത്തരത്തിൽ പുതിയ ഉത്‌പന്നങ്ങൾ നിർമിച്ച് മെറ്റൽ ഇൻഡസ്ട്രീസിന്റെ മുഖച്ഛായ മാറ്റി ലാഭത്തിലാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഷൊർണൂർ അഗ്രിക്കൾചറൽ ഇംപ്ലിമെന്റ്‌സ് കൺസോർഷ്യം സംഘടിപ്പിച്ച പ്രചോദന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വേദിയിൽവെച്ചായിരുന്നു പരശുരാമന്റെ മഴു അദ്ദേഹം ഉദ്ഘാടനംചെയ്തത്.

Top