ദുരിതാശ്വാസം: കേരളത്തിന് വേണ്ടത് 25,776 കോടി; വിദേശ ഏജന്‍സികളുടെ സഹായം സ്വീകരിക്കാന്‍ സംസ്ഥാനം; ഓണ്‍ലൈന്‍ വഴി മണിക്കൂര്‍ എത്തുന്നത് ഒരു കോടി രൂപ

കണ്ണൂര്‍: പ്രളയ ദുരിതത്തെ മറികടക്കാന്‍ സര്‍വ്വ സന്നാഹങ്ങളും ഒരുക്കുകയാണ് കേരളം. പ്രാരംഭ കണക്കെടുപ്പില്‍ തന്നെ ഏകദേശം 20,000 കോടിയുടെ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ ഭീമമായ നഷ്ടം നികത്താന്‍ അതിലേറെ തുക ചെലവഴിക്കേണ്ടി വരും എന്നതാണ് ആശങ്കപ്പെടുത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 500 കോടി എങ്ങുമെത്താത്ത അവസ്ഥയിലാണ്. പുറമേ നിന്നുള്ള സഹായധനത്തിലൂടെ മാത്രമേ കേരളത്തിന് ഇനി മുന്നേറാനാകൂ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈന്‍ പേമെന്റ് മുഖേന 21-ന് വൈകീട്ട് ആറു മണിവരെ 112 കോടി രൂപ ലഭിച്ചു. മണിക്കൂറില്‍ ശരാശരി ഒരു കോടി രൂപ (ഒരു മിനിറ്റില്‍ 1.67 ലക്ഷം രൂപ) വീതം ഓണ്‍ലൈനായി സംഭാവന ലഭിക്കുന്നുണ്ട്. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നേരിട്ട് 187 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ഇതുവരെ 309 കോടി രൂപയാണ് ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രളയ ദുരിതത്തില്‍ നിന്ന് കേരളത്തെ പുനരുദ്ധരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ 25,776 കോടി രൂപയുടെ പാക്കേജ് നടപ്പാക്കാന്‍ വിദേശ വികസന ഏജന്‍സികളുടെ സഹായവും തേടും. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് ( എ.ഡി.ബി ), ജപ്പാന്‍ ഇന്റര്‍ നാഷണല്‍ കോ ഓപ്പറേറ്രീവ്, ജര്‍മ്മനിയിലെ കെ.എഫ് .ഡബ്‌ളിയു ബാങ്കെന്‍ ഗ്രുപ്പെ തുടങ്ങി വിദേശ ഫണ്ടിംഗ് ഏജന്‍സികള്‍ വഴി 5,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. മുന്‍പ് വെള്ളപ്പൊക്കം നേരിട്ട ആന്ധ്ര, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഈ ഫണ്ടുകള്‍ ലഭിച്ചിരുന്നു.

സംസ്ഥാനത്തിന് വായ്പ എടുക്കാനുള്ള പരിധി ജി.ഡി.പിയുടെ 3 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇത് അനുവദിച്ചാല്‍ ഏഴ് ലക്ഷം കോടിരൂപ ജി.ഡി.പിയുള്ള കേരളത്തിന് 10,500 കോടി രൂപ കടമെടുക്കാന്‍ കഴിയും. നബാര്‍ഡിന്റെ ഗ്രാമീണപശ്ചാത്തല വികസന ഫണ്ടില്‍ നിന്ന് മൂന്നു വര്‍ഷങ്ങളായി 8000 കോടി രൂപ സംഘടിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. ഇതില്‍ കൃഷിക്ക് പദ്ധതിയുടെ 95ശതമാനവും സാമൂഹ്യ മേഖലയ്ക്ക് 85 ശതമാനവും ഗ്രാമീണ റോഡുകള്‍ക്ക് 80 ശതമാനവും വായ്പ ലഭിക്കും. ജലസേചന സൗകര്യം വര്‍ദ്ധിപ്പിക്കാനും കനാലുകളും റഗുലേറ്രറുകളും സ്ഥാപിക്കാനും 1000 കോടിയുടെ ദീര്‍ഘകാല ജലസേചന ഫണ്ട് പ്രയോജനപ്പെടുത്തും.

പുനരുദ്ധരിക്കാന്‍ പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന പ്രകാരം 1000 കോടിയും സമാഹരിക്കും. പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം 30,000 പേര്‍ക്ക് നാല് ലക്ഷം രൂപ ചെലവില്‍ വീടുണ്ടാക്കാന്‍ 1200 കോടി ചെലവാകും. ദേശീയ ഉപജീവന മിഷന്‍ വക 243 കോടിയും പ്രധാന മന്ത്രികൃഷി സിംചായി യോജന വഴി 123 കോടിയും സ്വച്ഛ ഭാരത് മിഷന്‍ വഴി 110 കോടിയും ഹഡ്‌കോ വഴി 1000 കോടിയും സമാഹരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി 1000 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്.

വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ സ്വകാര്യ ഏജന്‍സികളുടെ സഹായവും തേടും. ആറ് ലക്ഷം രൂപ ചെലവില്‍ 5,000 വീടുകള്‍ നിര്‍മ്മിക്കാന്‍ 300 കോടി സമാഹരിക്കും. പുനര്‍നിര്‍മ്മാണ പാക്കേജിലെ പദ്ധതികള്‍ നടത്താന്‍ പ്രത്യേകം സംവിധാനം ഉണ്ടാക്കും. ഇങ്ങനെയുള്ള ഓരോ ഏജന്‍സിക്കും ടെന്‍ഡര്‍ വിളിക്കാനും മറ്റും അധികാരമുണ്ടായിരിക്കും.

donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴി രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 73.32 കോടി രൂപ പേമെന്റ് ഗേറ്റ്വേകള്‍ വഴിയാണ് ലഭിച്ചത്. എട്ട് ദിവസങ്ങളിലായി 2.62 ലക്ഷം പേര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി. മണിക്കൂറില്‍ ശരാശരി 2,462 പേര്‍ (ഒരു മിനിട്ടില്‍ 41 പേര്‍) വെബ്സൈറ്റ് ഉപയോഗിച്ചു പണമടയ്ക്കുന്നുണ്ട്. ഇതിനു പുറമെ പേടി-എം വഴി 35 കോടി രൂപയും മറ്റ് ബാങ്ക് യു.പി.ഐ.കള്‍ വഴി ഏകദേശം നാലുകോടി രൂപയും ഇതുവരെ ലഭിച്ചിട്ടുണ്ട്.

ഏഴു ബാങ്ക്/ പേമെന്റ് ഗേറ്റ് വേകളാണ് സി-ഡിറ്റ് വികസിപ്പിച്ച വെബ്സൈറ്റില്‍ ഇപ്പോള്‍ ബന്ധിപ്പിച്ചിട്ടുള്ളത്. ഇതുവഴി 57 ബാങ്കുകളിലുള്ള സ്വന്തം അക്കൗണ്ടില്‍നിന്ന് നേരിട്ടും നാല് യു.പി.ഐ.കളും ക്യു.ആര്‍. കോഡും പുറമേ ഇന്റര്‍നാഷണല്‍ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിച്ചും പണമയക്കാം. വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പണം അയക്കാന്‍ കൂടുതല്‍ ഗേറ്റ് വേകളേയും മറ്റു സര്‍വീസ് പ്രൊവൈഡര്‍മാരെയും സി.എം.ഡി.ആര്‍.എഫ്. സംഭാവന വെബ്സൈറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

Top