ജയില്‍ ചപ്പാത്തി: കോടികളുടെ ബിസിനസ്സ് സംരംഭം; ലക്ഷത്തിലധികം രൂപയുടെ ലാഭം

കണ്ണൂര്‍: കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളില്‍ നടപ്പാക്കിയ വിപ്ലവകരമായ പദ്ധതിയായിരുന്നു ചപ്പാത്തി നിര്‍മ്മാണം. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംരംഭം ബിരിയാണിയിലും മറ്റ് ഭക്ഷ്യവസ്തുക്കളിലൂടെയും വളര്‍ന്ന് ഇന്ന് കോടികളുടെ ബിസിനസ്സായി മാറിയിരിക്കുന്നു. ഭക്ഷണശാലയിലെ തൊഴിലാളികളായ തടവുകാര്‍ക്ക് താരതമ്യേന മെച്ചപ്പെട്ട കൂലിയും ലഭിക്കുന്നുണ്ട്. മൂന്ന് സെന്‍ട്രല്‍ ജയിലില്‍നിന്നുമായി ശരാശരി വര്‍ഷം മൂന്ന് കോടി രൂപയാണ് ജയിലിലെ ചപ്പാത്തി -ബിരിയാണി കച്ചവടത്തിന്റെ ലാഭമായി സര്‍ക്കാരിന് കിട്ടുന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് ചപ്പാത്തി-ബിരിയാണി കച്ചവടത്തില്‍ ഖജനാവില്‍ ഏറ്റവും കൂടുതല്‍ പണമെത്തുന്നത്. 2012 ഒക്ടോബറിലാണ് ഇവിടെ കച്ചവടം തുടങ്ങിയത്. അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഖജനാവിലെത്തിയത് എട്ടരക്കോടിയിലേറെ രൂപയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തലശ്ശേരിയിലും തളിപ്പറമ്പിലുമടക്കം വില്‍പ്പനശാല തുടങ്ങി കച്ചവടം വിപുലപ്പെടുത്തിയ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വരുമാനം മാസം ഒരു കോടിയിലേക്ക് കടക്കുകയാണ്. ഒരുമാസംമുമ്പ് തലശ്ശേരിയില്‍ തുടങ്ങിയ ഔട്ട്ലെറ്റില്‍ ദിവസം 75,000 രൂപയുടെ കച്ചവടമാണ് നടക്കുന്നത്. ബിരിയാണി, ചില്ലിചിക്കന്‍, ചിക്കന്‍ കബാബ്, ചപ്പാത്തി, ചിപ്സ്, ലഡു, വെജിറ്റബിള്‍ കറി എന്നിവയാണ് ജയിലില്‍നിന്നുള്ള പ്രധാന വിഭവങ്ങള്‍. ചപ്പാത്തിക്ക് അഞ്ചുകൊല്ലം മുമ്പത്തെ വിലയായ രണ്ടുരൂപ തന്നെയാണിപ്പോഴും. കോഴി ബിരിയാണിക്കും ചില്ലിചിക്കനും ചിക്കന്‍ കബാബിനും പ്ലെയിറ്റിന് 60 രൂപയാണ് വില.

വിയ്യൂര്‍ ജയിലില്‍നിന്നുണ്ടാക്കുന്ന ഭക്ഷ്യോത്പന്നങ്ങളുടെ കച്ചവടം ദിവസം ഒന്നരലക്ഷത്തിലധികമായി. ചപ്പാത്തിക്കും ബിരിയാണിക്കും പുറമേ അഞ്ചുതരം കേക്കുകളാണ് ഇവിടത്തെ സ്പെഷ്യല്‍. കഴിഞ്ഞ നാലുമാസത്തെ വിറ്റുവരവില്‍ ചെലവുകഴിച്ച് 30 ലക്ഷം രൂപ ഖജനാവിലടച്ചു. വര്‍ഷം ഒരു കോടിയിലധികം രൂപ ലാഭമായി കിട്ടുന്നതായാണ് കണക്ക്.

പൂജപ്പുര ജയിലില്‍ ചപ്പാത്തിയും ബിരിയാണിയും വിറ്റ് വര്‍ഷം ശരാശരി ഒരു കോടി പത്തുലക്ഷം രൂപയുടെ ലാഭമാണുണ്ടാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ആദ്യ ആറുമാസത്തിനകം വിറ്റുവരവ് 4.17 ലക്ഷം രൂപയാണ്. ലാഭം 56,70,000 രൂപയും.

പൂജപ്പുര ജയിലില്‍ ചപ്പാത്തിയും ബിരിയാണിയുമുണ്ടാക്കുന്ന തടവുകാര്‍ക്ക് ദിവസം 200 രൂപയാണ് കൂലി. കണ്ണൂരില്‍ ഇതേ രീതിയില്‍ കൂലി നല്‍കിയിരുന്നെങ്കിലും അത്രയും കൊടുക്കരുതെന്ന ജയില്‍ മേധാവിയുടെ സര്‍ക്കുലറിനെത്തുടര്‍ന്ന് വെട്ടിക്കുറച്ചു. 148 രൂപയാണ് ഇപ്പോള്‍ ഇവര്‍ക്ക് നല്‍കുന്നത്. ജയിലിലെ മറ്റുജോലികള്‍ക്ക് തടവുകാര്‍ക്ക് 118 രൂപയാണ് കൂലിയായി നിശ്ചയിച്ചിട്ടുള്ളത്. കണ്ണൂരില്‍ രണ്ട് ഷിഫ്റ്റായി 62 തടവുകാര്‍ ഭക്ഷ്യോത്പന്ന നിര്‍മാണത്തിലുണ്ട്. വില്‍പ്പനശാലകളില്‍ പുറത്തുനിന്ന് ദിവസക്കൂലി അടിസ്ഥാനത്തിലുള്ളവരാണുള്ളത്.

Top