സെന്‍കുമാറിനെ വരിഞ്ഞ് മുറുക്കാന്‍ സര്‍ക്കാര്‍ കച്ചകെട്ടുന്നു; വിശ്വസ്തനായ പേഴ്‌സണല്‍ സ്റ്റാഫംഗത്തെ മാറ്റി

തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവിന്‍ പ്രകാരം ഡിജിപി ആയി ചുമതല ഏറ്റ ടി.പി.സെന്‍കുമാറിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ കൂച്ചുവിലങ്ങിടാന്‍ വീണ്ടും ആഭ്യന്തരവകുപ്പിന്റെ നീക്കം. എന്ത് സംഭവിച്ചാലും വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സെന്‍കുമാറും.

ഐ.ജിയായിരിക്കുമ്പോള്‍ മുതല്‍ സെന്‍കുമാറിനൊപ്പമുള്ള, വിശ്വസ്തനായ പേഴ്‌സണല്‍ സ്റ്റാഫംഗം അനില്‍കുമാറിന്റെ സേവനം അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവിറങ്ങിയപ്പോഴാണ് സെന്‍കുമാറും വിവരമറിഞ്ഞത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറേറ്റില്‍ ഗ്രേഡ് എ.എസ്.ഐയായ അനില്‍കുമാറിനെ സെന്‍കുമാറിന്റെ സ്റ്റാഫില്‍ നിന്നൊഴിവാക്കി ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസാണ് തിങ്കളാഴ്ച രാത്രി ഉത്തരവിറക്കിയത്. പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെ പരാതിപ്രകാരമാണ് അനിലിനെ മാറ്രിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെന്‍കുമാര്‍ പൊലീസ്, ഇന്റലിജന്‍സ്, ജയില്‍, ഐ.എം.ജി, കെ.ടി.ഡി.എഫ്.സി എന്നിവിടങ്ങളില്‍ ജോലിചെയ്തപ്പോഴെല്ലാം ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അനില്‍കുമാര്‍. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ സഹായത്തിനും സുരക്ഷയ്ക്കുമായി ഏതാനും പൊലീസുകാരെ കൂടെ നിറുത്താന്‍ അധികാരമുണ്ട്.

സുപ്രീംകോടതിയില്‍ കേസ് നടത്തിപ്പിനടക്കം സെന്‍കുമാറിനൊപ്പം അനിലുമുണ്ടായിരുന്നു. എല്ലാ യാത്രകളിലും സെന്‍കുമാറിനെ അനുഗമിക്കാറുള്ള അനില്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്നു. ഇതു മനസിലാക്കിയാണ് അനിലിനെ ഒഴിവാക്കിയത്. സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് അനിലിനെ മടക്കി അയയ്ക്കാനാണ് ഉത്തരവ്. പൊലീസ് മേധാവിയായ തന്റെ സ്റ്റാഫംഗത്തെ താനറിയാതെ മാറ്റിയ ഉത്തരവ് അംഗീകരിക്കില്ലെന്ന സൂചനയാണ് സെന്‍കുമാര്‍ നല്‍കുന്നത്. ഉത്തരവ് മടക്കിഅയച്ചേക്കുമെന്നും അറിയുന്നു.

നേരത്തെ എഡിജിപി ടോമിന്‍ തച്ചങ്കരിക്കു പൊലീസ് ആസ്ഥാനത്തെ ഐജിയുടെ പൂര്‍ണ അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത് സെന്‍കുമാറിനെ തളച്ചിടാന്‍ വേണ്ടിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ തച്ചങ്കരിക്ക് പൊലീസ് ആസ്ഥാനത്ത് വ്യക്തമായ മേല്‍കൈ ഇതോടെ ലഭിച്ചു. സെന്‍കുമാറിനെതിരെ കര്‍ശന നടപടികള്‍ തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ഈ കര്‍ക്കത്തിന് പുതിയ മാനം നല്‍കിയാണ് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കീഴുദ്യോഗസ്ഥന് അനുമതി നല്‍കിയത്. അഡ്മിനസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അമഗമാകാനുള്ള സെന്‍കുമാറിന്റെ നീക്കത്തെ തടയാന്‍ കുറിപ്പ് നല്‍കിയും സംഭവങ്ങള്‍ക്ക് പുതുമാനം നല്‍കി. സെന്‍കുമാറിനെതിരെ കര്‍ശനമായി നീങ്ങാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം തന്നെയാണ് ഇവിടെയെല്ലാം വ്യക്തമായത്.

നേരത്തേ പൊലീസ് ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ടുമാരെ സ്ഥലംമാറ്റിയ സെന്‍കുമാറിന്റെ ഉത്തരവ് സര്‍ക്കാര്‍ കാറ്റില്‍പ്പറത്തിയിരുന്നു. ടിബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന, എന്‍. ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സജീവ്ചന്ദ്രന്‍, എസ്.എ.പിയിലെ സുരേഷ്‌കൃഷ്ണ എന്നിവരെ സ്ഥലംമാറ്റിയ സെന്‍കുമാറിന്റെ ഉത്തരവ് റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യാതെ, തന്ത്രപരമായി സര്‍ക്കാര്‍ മറികടക്കുകയായിരുന്നു. സെന്‍കുമാര്‍ ഉത്തരവിറക്കിയെങ്കിലും മൂന്ന് ഉദ്യോഗസ്ഥരും പുതിയ തസ്തികകളില്‍ ചുമതലയേറ്റില്ല. മൂവരും തത്സ്ഥാനങ്ങളില്‍ തുടരട്ടെയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ടി.പി. സെന്‍കുമാറിനെയും ഭരണവിഭാഗം എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയെയും ഫോണില്‍ അറിയിക്കുകയായിരുന്നു.

സെന്‍കുമാര്‍ പ്രതികാരബുദ്ധിയോടെ സ്ഥലം മാറ്റിയതാണെന്ന ബീനയുടെ പരാതി പരിശോധിച്ച ആഭ്യന്തരവകുപ്പ്, അവരെ സ്ഥലംമാറ്റാനിടയാക്കിയ സാഹചര്യം വ്യാജമാണെന്നാണ് കണ്ടെത്തിയത്. മൂവരും ഇപ്പോഴും പഴയ സ്ഥാനങ്ങളില്‍ തുടരുന്നതിനിടെയാണ് സെന്‍കുമാറിന്റെ വിശ്വസ്തനെ മാറ്റിയത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയാണ് അനില്‍.

Top